എന്റെ കുറച്ചു മുമ്പിലെ സ്‌ഥലം ലക്ഷ്യം വച്ചാണ് ആമീൻ ഷോട്ട് എടുത്തത്. പന്ത് ഉയർന്നപ്പോൾ അതിനനുസരിച്ചു ഞാൻ മുന്നോട്ടു നീങ്ങി. എതിർ ടീമിൽ എന്നെ നോട്ടം ഇട്ടിരുന്നവൻ എന്റെ കയ്യിൽ ബലമായി വലിച്ചു പിടിച്ചു വയ്ക്കാൻ ശ്രമിച്ചു. സർവ്വ ശക്തിയും എടുത്തു ഞാൻ കുതറി. ആ കുതറിച്ചയിൽ അവൻ കൈവിട്ട് നിലതെറ്റി വീഴാൻ ഒരുങ്ങി. അവന്റെ കയ്യിൽ നിന്നും സ്വതന്ത്ര്യൻ ആയ ഞാൻ ബോൾ എത്തുന്ന സ്‌ഥലത്തു ഓടിയെത്തി.
ഇവിടെ നിന്നും ഉയർന്നു പൊങ്ങി ആ ബോളിൽ തല വച്ചു ഇടിക്കുക. അതാണ് അവസാനത്തെ ജോലി. പക്ഷെ ഒരു പ്രശ്നം ഉണ്ടായി. അമീന്റെ ഷോട്ടിന്റെ ശക്തിയുടെ ആണോ എന്നറിയില്ല, ബോൾ ഉദ്ദേശിച്ചതിലും കുറച്ചു കൂടി ഉയരത്തിൽ ആണ് വന്നത്. ചാടിയാലും ബോൾ ഹെഡ് ചെയ്യാൻ പറ്റുമോ എന്ന് സംശയം ആണ്. ഇവിടെ വരെ എത്തിയിട്ട് ഈ അവസാന നിമിഷം എല്ലാം നഷ്ടം ആകുകയാണോ…? എനിക്ക് ദേഷ്യം വന്നു.. ഞാൻ കാലുകൾ അമർത്തി കുത്തി സർവ്വ ശക്തിയും എടുത്തു മുകളിലേക്ക് ചാടി..
അത് വരെ എന്റെ ശരീരത്തിൽ ഇല്ലാത്ത എന്തോ ഒരു ഉൾപ്രേരണ കൊണ്ടാണ് ഞാൻ ഉയർന്നു പൊങ്ങിയത് എന്നെനിക്ക് തോന്നി. കാരണം എന്റെ ജീവിതത്തിൽ ഒരിക്കലും ഞാൻ ഇത്രയും ഉയരത്തിൽ ചാടിയിട്ടില്ല. ബോളിനായി എനിക്ക് മുമ്പേ ഉയർന്ന എതിർ ടീം പ്ലയെർ ഇപ്പോൾ എന്റെ വയറിനു അവിടെ വരെ പൊങ്ങിയിട്ടുള്ളു.. അത്രയും വ്യത്യാസത്തിൽ ആണ് ഉള്ളിലെ ആ പ്രേരണ എന്നെ ഉയർത്തിയത്
ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. എന്ത് കൊണ്ടാണ് ചില സാഹചര്യത്തിൽ ചില കളിക്കാർ ഒരു രാക്ഷസഭാവം കൈക്കൊള്ളുന്നത് എന്ന്. എതിർ ടീമിനോട് ഉള്ള ദേഷ്യത്തിൽ ആണ് യുവരാജ് ഓരോവറിൽ അടുപ്പിച്ചു ആറു സിക്സ് അടിക്കുന്നത്. അതായത് ആ കഴിവ് അയാൾക്ക് മുന്നേയും ഉണ്ടായിരുന്നു, ആ കളിക്ക് ശേഷവും ഉണ്ടായിരുന്നു. എന്നാൽ ആ കളിയിൽ മാത്രം യുവരാജിന് അതിന് കഴിഞ്ഞു. അയാളുടെ കഴിവിലേക്ക് പെട്രോൾ ഒഴിച്ചത് പോലെ അരിശം ആളി കത്തി. എറിയാൻ വന്നവന്റെ കൂതിയും കരിഞ്ഞു. ഇത് പോലെ സ്പോർട്സിൽ പലപ്പോഴും ഉണ്ടാകാറുണ്ട്.. അത് തന്നെ ആയിരിക്കും എനിക്കും സംഭവിച്ചത്. ബാഹ്യപ്രേരണ കൊണ്ട് ഉണ്ടാവുന്ന ആ ഊർജ്ജം, ആ ശക്തി എന്നിലേക്ക് പടർന്നു കയറി, എന്നിലെ കരുത്തിന്റെ ചങ്ങലകൾ എല്ലാം ആ നിമിഷത്തേക്ക് മാത്രം അഴിഞ്ഞു.. ഒരു ബഹിരകാശസഞ്ചാരി അന്തരീക്ഷത്തിൽ നിൽക്കുന്നത് പോലെ ഏതാനും നിമിഷങ്ങൾ ഞാൻ വായുവിൽ നിന്നു.. മറ്റേതോ ദിശയിലേക്ക് പോകുന്ന ബോളിനെയും നോക്കി