ബോക്സിൽ എത്തുന്നതിനു തൊട്ട് മുമ്പാണ് ആമീൻ ഒരു പടുകൂറ്റൻ ഷോട്ട് ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തു വിട്ടത്. കുറച്ചു കൂടി അടുത്തെത്തിയിട്ട് കുറച്ചു കൂടി നല്ല സ്‌ഥലത്തു വച്ചു അടിച്ചാൽ മതിയായിരുന്നു എന്ന് എനിക്ക് തോന്നി. പക്ഷെ എന്തോ അവന്റെ ഉള്ളിലെ വിശ്വാസം ആയിരിക്കണം അവനെ അപ്പൊ ഷോട്ട് എടുക്കാൻ പ്രേരിപ്പിച്ചത്. പന്ത് ഉയർന്നു പൊങ്ങി എല്ലാവരുടെയും തലയുടെ മേലെ കൂടി പറന്നു മെല്ലെ പോസ്റ്റിലേക്ക് താണിറങ്ങി.. എന്നാൽ അവരുടെ ഗോളി ജാഗരൂകൻ ആയിരുന്നു. കൈകൾ വിടർത്തി ഉയർന്നു ചാടിയ അവന്റെ കൈവിരലുകളിൽ തട്ടി പന്ത് പിന്നിലേക്ക് ഉയർന്നു പോയ്. ആ അവസരം ഞങ്ങൾക്ക് നഷ്ടം ആയിരിക്കുന്നു.. അതും കളി അവസാനിക്കാൻ മിനിട്ടുകൾ ബാക്കി നിൽക്കുമ്പോൾ
ഗോൾ അടിക്കാൻ ഉള്ള നല്ലൊരു അവസരം മിസ്സ് ആയെങ്കിലും അതിന്റെ പേരിൽ ഞങ്ങൾക്ക് ഒരു കോർണർ അനുവദിച്ചു. ആമീൻ ബോളുമായ് കോർണറിലേക്ക് പോകാൻ തുടങ്ങുമ്പോ ലൈന് അടുത്തേക്ക് ഓടി വന്നു ഫൈസി എന്നെ കണ്ണ് കാണിച്ചു.. ഞാൻ അവനടുത്തേക്ക് പെട്ടന്ന് നീങ്ങി നിന്നു..
‘രണ്ട് മിനിറ്റിൽ താഴെയെ ഉള്ളു. കളി സമനില ആയാൽ ഷൂട്ടൗട്ടിലേക്ക് പോകും. അവിടെ നമുക്കൊരു ചാൻസും ഇല്ല.. ഇതാണ് നമ്മുടെ ചാൻസ്…’
ഫൈസി പെട്ടന്ന് പറഞ്ഞൊപ്പിച്ചിട്ട് മാറി പോയി.
ഞാൻ ടീമിനൊപ്പം ബോക്സിൽ പോയി നിന്നു. ആമീൻ അടിക്കുന്ന പന്ത് ഞങ്ങളിലേക്ക് എത്തിയാൽ അത് ഗോൾ ആക്കാൻ കഴിയണം. അല്ലെങ്കിൽ ഫൈസി പറഞ്ഞത് പോലെ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കളി പോകും. ഇവരുടെ ടീമിൽ പെനാൽറ്റി സ്പെഷ്യലിസ്റ്റ് ഒരുപാട് പേരുണ്ട് എന്ന് കേട്ടിരുന്നു. ഞങ്ങളുടെ സ്പെഷ്യലിസ്റ്റ് രണ്ട് പേര് കാലിലെ തൊലിയും പോയി ഗ്രൗണ്ടിന് വെളിയിൽ ഇരിപ്പും ആണ്. പെനാൽറ്റി ഷൂട്ടൗട്ട് ചെയ്തു ഇവരുടെ അത്രയും എക്സ്പീരിയൻസും ഞങ്ങൾക്ക് ഇല്ല. അപ്പൊ ശരിക്കും ചാൻസ് എല്ലാം ഇവർക്ക് തന്നെ ആണ്.. ഈ വരുന്ന ബോൾ ഞങ്ങളിൽ ആരെങ്കിലും ഗോൾ ആക്കിയില്ലെങ്കിൽ….
ബോക്സിനുള്ളിൽ ചെറിയൊരു ഉന്തും തള്ളുമൊക്കെ ഉണ്ട്. എന്റെ ദേഹത്തും ഒരുത്തൻ ഉരുമ്മി നിൽപ്പുണ്ട്. ബോൾ എന്റെ അടുത്ത് വരുമ്പോ ഫ്രീ ആയി അത് കണക്ട് ചെയ്യാൻ എന്നെ അനുവദിക്കാതെ ഇരിക്കുകയാണ് ഇവന്റെ പണി. കോർണറിൽ ബോൾ ഉറപ്പിച്ചു വച്ചു മുഖം ഉയർത്തി ആമീൻ എന്നെ നോക്കി. ഞാൻ പതിയെ തലയാട്ടി.. ആമീൻ വലതു കാൽ പിന്നിലേക്ക് ആഞ്ഞു വലിച്ചു മുന്നോട്ട് ആഞ്ഞു ബോളിൽ ഒരൊറ്റ അടി. പന്ത് ഉയർന്നു പൊങ്ങി ഒരുണ്ട കണക്കെ ഞങ്ങൾക്ക് നേരെ വന്നു