ഞാൻ ഫേക്ക് ചെയ്തപ്പോൾ എന്റെ പിന്നാലെ ഓടി വന്ന അമീന്റെ കാലിലേക്കാണ് ബോൾ കൃത്യം വന്നു കയറിയത്. അത് അമീൻ പോലും പ്രതീക്ഷിക്കാത്ത ഒരു നീക്കം ആയിരുന്നു. അതിന്റെ വെപ്രാളം അവനിൽ പെട്ടന്ന് കണ്ടു. പക്ഷെ പൊടുന്നനെ തന്നെ അവൻ മനസ്സാനിധ്യം വീണ്ടെടുത്തു. തനിക്ക് മുന്നിൽ തടസമായി നിൽക്കുന്നവരുടെ ഇടയിലൂടെ അവനൊരു ചെറിയ പഴുത് കണ്ടെത്തി. പടർന്നു പന്തലിച്ച വൃക്ഷത്തിന് കീഴെ സൂചി മുന വലുപ്പത്തിൽ സൂര്യ പ്രകാശം താഴെ എത്തുന്നത് പോലെയൊരു വിടവ്.. അതിലൂടെ അവൻ കൃത്യമായി പന്തിനെ ഗോളിലേക്ക് എത്തിച്ചു.. മരങ്ങളിലും ഇലകളിലും കൊമ്പിലും ഒന്നും തട്ടിച്ചിതറാതെ ആ പ്രകാശം ഭൂമിയിൽ പതിച്ചു.. കളി തീരാൻ പത്തു മിനിറ്റ് ബാക്കി നിൽക്കെ, എൺപതാം മിനിറ്റിൽ ഞങ്ങൾ സമനില ഗോൾ നേടിയിരിക്കുന്നു..
ആ സമയം അവിടെ ഉണ്ടായിരുന്ന ഒരാൾക്കും അത് വിശ്വസിക്കാൻ കഴിഞ്ഞില്ല. എസ് എൻ കോളേജും ഞങ്ങളും ഒരേപോലെ ഈ സമനില കണ്ടു ഞെട്ടി.. ഫസ്റ്റ് ഹാഫ് അമ്പേ തോറ്റു തുന്നം പാടിയ ഞങ്ങൾ സെക്കന്റ് ഹാഫിൽ സ്വപ്നതുല്യമായ തിരിച്ചു വരവ് നടത്തിയിരിക്കുന്നു.. മികച്ചൊരു കമന്ററി ഇവിടെ ഉണ്ടായിരുന്നു എങ്കിൽ അവർ എന്തായിരിക്കും ഈ നിമിഷത്തെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുക എന്ന് ഞാൻ ചുമ്മാ ചിന്തിച്ചു. രണ്ട് ടീമിന് പിന്നിൽ നിന്നിട്ട് സമനില പിടിക്കുന്നത് ഫുട്ബോളിൽ വലിയ കാര്യം ഒന്നും അല്ല. എന്നാൽ ഞങ്ങൾ സമനില പിടിച്ചത് ഞങ്ങളെ പച്ചക്ക് വിഴുങ്ങാൻ ശേഷിയുള്ള ഒരു ടീമിന്റെ നേർക്കാണ്..
രണ്ടാം ഗോൾ വീണതിന് ശേഷം കളി ശരിക്കും ടൈറ്റ് ആയി. ബോൾ രണ്ട് ഭാഗത്തേക്കും ഇടതടവില്ലാതെ പാഞ്ഞു. അപ്രതീക്ഷിതമായി സമനില വഴങ്ങേണ്ടി വന്നതിന്റെ പകപ്പ് അവർക്ക് ഉണ്ടായിരുന്നു. അവർക്ക് ആളെണ്ണം ഒരാൾ കുറവാണ് എന്നത് ഞങ്ങൾ മുതലാക്കി. അവരുടെ വേഗതയേറിയ നീക്കങ്ങളെ ഞങ്ങൾ കളം നിറഞ്ഞു നിന്ന് പ്രതിരോധിച്ചു. അവരുടെ മികച്ച ഡിഫെൻഡർമാരിൽ ഒരാളാണ് കാർഡ് വാങ്ങി പുറത്തു പോയത്. ആ വിടവിലൂടെ ഞങ്ങൾ പന്തുമായി അരിച്ചു കയറി. എന്നാൽ രണ്ടു കൂട്ടർക്കും അതൊന്നും ഗോൾ ആക്കാൻ കഴിഞ്ഞില്ല. കളി അതിന്റെ അവസാന നിമിഷത്തിലേക്ക് എത്തിക്കൊണ്ട് ഇരിക്കുന്നു.. ഇപ്പോൾ ബോൾ ഞങ്ങളുടെ കൈവശം ആണ്. കുറിയ പാസുകളിലൂടെ പന്ത് കൈമാറി ഞങ്ങൾ ഗോൾ പോസ്റ്റിലേക്ക് പതിയെ അടുത്ത് കൊണ്ടിരുന്നു.