എല്ലാം അവസാനിച്ചിരിക്കുന്നു.. കളി തീരാൻ ഇനിയും മിനിട്ടുകൾ ബാക്കിയുള്ളപ്പോൾ എല്ലാം അവസാനിച്ചിരിക്കുന്നു. എനിക്ക് ഗ്രൗണ്ടിൽ നിന്ന് എഴുന്നേൽക്കാൻ പോലും തോന്നിയില്ല. ഇനി എന്താണ് ചെയ്യണ്ടത് എന്നറിയില്ല. എന്ത് പറഞ്ഞു ടീമിനെ ഒത്തിണക്കി നിർത്തേണ്ടത് എന്നറിയില്ല. ഞാൻ കണ്ണുകൾ മെല്ലെ അടച്ചു.. കണ്ണടച്ചു ഉള്ളിൽ എന്ത് ചെയ്യണം എന്ന് എന്നോട് തന്നെ ചോദിച്ചു കൊണ്ടിരുന്നപ്പോൾ പെട്ടന്ന് ഒരു ആരവം എന്റെ ചെവിയിൽ മുഴങ്ങി. ഗോൾ വീണപ്പോൾ ഉള്ള ആരവം അല്ല. ഇത് കേൾക്കുന്നത് ഞങ്ങളുടെ പിള്ളേരുടെ സൈഡിൽ നിന്നാണ്. ഞാൻ കണ്ണ് തുറന്നു
ഓഫ് സൈഡ് – എസ് എൻ കോളേജിന്റെ മൂന്നാമത്തെ ഗോൾ അസാധുവാക്കിയിരിക്കുന്നു. പാസ്സ് ചെയ്യുമ്പോ എപ്പോളോ അവരുടെ കളിക്കാരൻ മുന്നോട്ടു കയറി ഓടിയിരുന്നു. തൽക്കാലത്തേക്ക് എങ്കിലും ഞങ്ങൾക്ക് ജീവൻ തിരിച്ചു കിട്ടി. ആ ഉണർവോടെ ഞാൻ ചാടി എഴുന്നേറ്റു. കളി വീണ്ടും മുറുകി. ഞങ്ങളുടെ ഭാഗത്തു നിന്നും വലിയ മുന്നേറ്റങ്ങൾ ഒന്നും ഉണ്ടായില്ല. എന്നാലും പതിയെ പതിയെ ഞങ്ങൾക്ക് ഇടയിൽ ഒരു ഒത്തിണക്കം ഉണ്ടായി വന്നു. ഞങ്ങളുടെ പ്രതിരോധം കുറച്ചു കൂടി കടുപ്പം ആകാൻ തുടങ്ങി..
കളിയുടെ ഒരു റിഥം ഞങ്ങൾക്ക് തിരിച്ചു കിട്ടിയെങ്കിലും കളി ജയിക്കാനുള്ള വാശി ഇപ്പോളും ഞങ്ങൾക്ക് അകലെ ആയിരുന്നു. മിക്കവരും വലിയ നാണക്കേട് ഒഴിവാക്കാൻ എന്ന രീതിയിൽ ആണ് കളിക്കുന്നത്. ഇനി ഗോൾ കയറാതെ ഇരിക്കുക എന്നത് മാത്രം ആണ് അവരുടെ മനസ്സിൽ എന്ന് തോന്നി. കളി ജയിക്കാം എന്നുള്ള വിചാരം ഇപ്പോളും പലർക്കും ഇല്ല. എന്നാലും ഞാൻ അങ്ങനെ ആവരുതല്ലോ. വാശി കയറിയത് പോലെ ഞാൻ കളിക്കാൻ തുടങ്ങി.. ബോൾ എവിടെ ആണെങ്കിലും അതിന് പിന്നാലെ ഞാൻ പോകാൻ തുടങ്ങി. വലിയ രീതിയിൽ ശോഭിച്ചില്ല എങ്കിലും ഡിവിനെ അടക്കം പല തവണ ഞാൻ സ്റ്റോപ്പ് ചെയ്തു.
കളിക്കാൻ ഇറങ്ങിയ പതിനൊന്നു പേരിൽ നിന്ന് മാത്രം ആയിരുന്നില്ല ഞങ്ങൾക്ക് പ്രഷർ ഉണ്ടായിരുന്നത്. അവരുടെ കോളേജിൽ നിന്നും വണ്ടി പിടിച്ചു വന്ന പിള്ളേർ ഞങ്ങളെ നല്ലരീതിയിൽ കളിയാക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ ഓരോ പിഴവിലും ഓരോ വീഴ്ചയിലും അവർ കൂക്കി വിളിച്ചു.. അതും ഈണത്തിൽ.. ഞങ്ങളെ കളിയാക്കി പാട്ടുകൾ പോലെ പാടാനും തുടങ്ങി.. എനിക്ക് കിട്ടിയ ഗ്രൗണ്ട് സപ്പോർട്ട് കണ്ടു ഞാൻ ആണ് മെയിൻ എന്ന് കരുതി എന്റെ കാലിൽ ബോൾ വന്നപ്പോൾ എല്ലാം അവർ കൂകി. ശ്രദ്ധ തെറിച്ചു പോകുന്ന തരത്തിൽ അവന്മാർ കൂകി.. തിരിച്ചും കൂകാൻ അവരുടെ ഇരട്ടിയുടെഇരട്ടിക്ക് പിള്ളേർ ഞങ്ങൾക്ക് ഉണ്ടായിരുന്നു. എന്നാൽ ഞങ്ങളുടെ ടീമിൽ ഒത്തിണക്കം ഇല്ലാത്തത് പോലെ തന്നെ ഞങ്ങളുടെ ആരാധകർ ആയ പിള്ളേർക്കും അതില്ലായിരുന്നു.. നല്ലൊരു ഫുട്ബോൾ പാരമ്പര്യം ഉള്ള കോളേജിൽ നിന്ന് വന്ന എസ് എൻ കോളേജിലെ പിള്ളേർക്ക് എന്നാൽ ഈ പറഞ്ഞ ഒത്തിണക്കം ഉണ്ടായിരുന്നു..