‘റോക്കി…’
അപ്പോളാണ് പിന്നിൽ നിന്ന് ചന്തുവിന്റെ വിളി വന്നത്. തനിക്ക് പോകാൻ സമയം ആയെന്ന് മനസിലായി ഇഷാനി എഴുന്നേറ്റു. ഞാൻ തിരികെ ടീമിന് അടുത്തേക്ക് പോകുന്നതിന് മുമ്പായി അവളെന്നോട് ഒരു കാര്യം പറഞ്ഞിട്ടാണ് പോയത്
‘നീയിപ്പോ വേറെയൊന്നും ആലോചിക്കേണ്ട.. കളിയെ പറ്റി മാത്രം ചിന്തിച്ചാൽ മതി.. ഞാൻ പ്രോമിസ് ചെയ്ത കാര്യം പറയാതെ ഇരിക്കുമോ എന്നൊന്നും ഓർക്കണ്ട.. കേട്ടല്ലോ…’
അവളാ പറഞ്ഞത് കളിയുടെ റിസൾട്ട് എന്ത് തന്നെ ആയാലും അവൾ പറയാനുള്ളത് പറയും എന്നല്ലേ.. അതേ അങ്ങനേ തന്നെ ആണ്. അങ്ങനേ ഓർത്തപ്പോൾ ഒരു പരാജയത്തിന്റെ വായിൽ നിൽക്കുമ്പോളും എന്റെ ചുണ്ടിൽ ഒരു മന്ദഹാസം വിരിഞ്ഞു..
‘ഡാ എന്റെ കാൽ നല്ല പണിയാണ്.. സെക്കന്റ് ഹാഫ് എനിക്ക് ഇറങ്ങാൻ പറ്റില്ല..’
ചന്തു എന്നെ മാറ്റി നിർത്തി സ്വകാര്യമായി പറഞ്ഞു. അവന്റെ കാലിൽ ചെറുതായ് നീര് വച്ചു വരുന്നുണ്ടായിരുന്നു.. വേദന തിന്നാണ് അവൻ ഇത്രയും നേരം കളിച്ചത് തന്നെ. ഇനി അങ്ങനെ കളിച്ചിട്ട് പ്രയോജനം ഒന്നുമില്ല. അടുത്ത ആൾ സബ് ഇറങ്ങുക എന്നെ ഉള്ളു മാർഗം
‘വിനീത് ഇറങ്ങട്ടെ…’
ചന്തുവിന് പകരം ഞാൻ വിനീതിന്റെ പേര് പറഞ്ഞു
‘അവൻ തന്നെ ഇറങ്ങട്ടെ.. പക്ഷെ എന്റെ ക്യാപ്റ്റൻ റോൾ… അത് നീ ഏൽക്കണം..’
‘ദേ അടുത്തത്.. നീ ഇല്ലെങ്കിൽ രാഹുൽ അല്ലേ സാധാരണ ക്യാപ്റ്റൻ ആവാറുള്ളെ..?
ഞാൻ ആ തീരുമാനത്തെ എതിർത്തു
‘അതേ പക്ഷെ നീ ആണ് ഇന്ന് എനിക്ക് പകരം ടീമിനെ ലീഡ് ചെയ്യണ്ടത്.. ഇത് ക്യാപ്റ്റന്റെ തീരുമാനം ആണ്. നിനക്ക് ഒഴിയാൻ പറ്റില്ല..’
അവൻ നിർബന്ധപൂർവ്വം പറഞ്ഞു
‘ഓ നിന്റെ വേറൊരു തീരുമാനം ആയിരുന്നല്ലോ എന്നെ സ്റ്റാർട്ടിങ് ലവനിൽ ഇറക്കുന്നത്.. എന്നിട്ട് ഇപ്പോൾ കൊട്ട കണക്കിന് കിട്ടിയല്ലോ ഗോൾ..’
ഞാൻ സ്വയം പരിഹസിച്ചു കൊണ്ട് പറഞ്ഞു
‘എന്റെ തീരുമാനം ഇപ്പോളും ശരിയാണ് എന്നാണ് എന്റെ വിശ്വാസം.. നീ നമ്മുടെ പിള്ളേരുടെ എല്ലാം മുഖത്തോട്ട് നോക്ക്.. അവരൊക്കെ ആൾറെഡി തോറ്റിരിക്കുവാണ്. അങ്ങനെ ഉള്ള ഒരാളുടെ കയ്യിൽ ഞാൻ ടീമിനെ ഏൽപ്പിച്ചാൽ നമുക്ക് പിന്നെ ഒരു ചാൻസും ഇല്ല..’