ഇഷാനി ചിരിച്ചു കൊണ്ട് പറഞ്ഞു. അതായത് അവളുടെ ഉള്ളിൽ ഇഷ്ടം ഉണ്ടെങ്കിൽ പോലും അവളത് തുറന്നു പറയാൻ പോണില്ല എന്ന്. എന്നാൽ ഫൈനൽ ജയിച്ചാൽ അവളെ കൊണ്ട് അത് പറയിക്കാൻ എനിക്ക് സാധിക്കും..
‘എന്നാലും എന്റെ ആ ചോദ്യത്തിന് ഒരു ഗെയിം വച്ചു നീ വില ഇടരുത്. അന്ന് അഥവാ എനിക്ക് ജയിക്കാൻ പറ്റിയില്ല എങ്കിൽ ഞാൻ അതൊരിക്കലും കേൾക്കാതെ പോകില്ലേ.. ഗെയിം ജയിച്ചാലും ഇല്ലെങ്കിലും എന്റെ ഉള്ളിലെ ഇഷ്ടം സെയിം അല്ലേ..? ഒരു കളിയുടെ റിസൾട്ട് നോക്കി ലൈഫ് ചൂസ് ചെയ്യുന്ന ആളാണ് നീയെന്നു എനിക്ക് തോന്നുന്നില്ല..’
‘ഞാൻ നിന്റെ ഇഷ്ടത്തെ കുറച്ചു കാണുക അല്ല.. ജയിച്ചാലും തോറ്റാലും എനിക്ക് പറയാൻ ഉള്ള ഉത്തരത്തിൽ മാറ്റം ഒന്നും വരില്ല.. പക്ഷെ ഈ കളി നീ അവരാരും പറഞ്ഞിട്ട് അല്ലല്ലോ കളിക്കാൻ ഇറങ്ങിയത്.. നീ ഈ കളി കളിക്കുന്നതും ജയിക്കാൻ പോണതും എനിക്ക് വേണ്ടിയാണ്.. അങ്ങനെ ഒരാൾക്ക് വേണ്ടി എനിക്ക് ലൈഫ് ചൂസ് ചെയ്യാമല്ലോ..’
അവൾ എന്റെ കണ്ണിൽ നോക്കി പറഞ്ഞു.. ആ പറഞ്ഞത് ശരിക്കും എന്നെ ഇഷ്ടം ആണെന്ന് തന്നെ ആണ്. പക്ഷെ അതിന് അവളുടെ ഉറപ്പ് കിട്ടണം എങ്കിൽ ഫൈനൽ ഞാൻ ജയിക്കണം..
പിന്നീടുള്ള ഓരോ ദിവസവും ഫൈനൽ മാത്രം ആയി എന്റെ മനസ്സിൽ. പ്രാക്ടീസ് സെക്ഷൻ ഒക്കെ ഞാൻ എന്റെ ഉയിർ കൊടുത്തു നിന്നു. രാത്രി പലതവണ ഞാൻ ഫൈനൽ സ്വപ്നം കണ്ടു.. അതിലൊന്നും തന്നെ ഞങ്ങൾ ജയിച്ചിരുന്നില്ല.. രാവിലെ എഴുന്നേൽക്കുമ്പോ മൂഡോഫ് ആകാൻ ആ കാരണം മതിയായിരുന്നു.. പക്ഷെ അത് മനസിൽ വച്ചോണ്ട് ഇരിക്കാതെ ഞാൻ വീണ്ടും മനസിനെ ഏകാഗ്രമാക്കി.. പകൽ പരിശീലനത്തിന് ഇറങ്ങിയും രാത്രി കളി തന്ത്രങ്ങൾ മെനഞ്ഞും ശരീരവും മനസും ഫൈനലിലേക്ക് തയ്യാറെടുത്തു..
ഫൈനൽ ഞങ്ങളുടെ കോളേജിൽ വച്ചായിരുന്നു.. അതിന്റെ ഒരു അഡ്വാന്റേജ് ഞങ്ങൾക്ക് ഉണ്ടായിരുന്നു. ഉച്ച കഴിഞ്ഞായിരുന്നു മത്സരം. വെയിൽ അത്ര കാഠിന്യതിൽ ഒന്നും അല്ല. മൊത്തത്തിൽ ഒരു പോസിറ്റീവ് വൈബ് ഉണ്ട്.. ഞങ്ങളുടെ എതിരാളികൾ ആയ എസ് എൻ കോളേജ് ടീം നേരത്തെ തന്നേ എത്തിയിരുന്നു. മാച്ച് തുടങ്ങുന്നതിനു ഒരു മണിക്കൂർ മുമ്പാണ് അവരുടെ കോളേജിൽ നിന്നും രണ്ട് ബസിൽ ആളുകൾ കളി കാണാൻ വന്നത്. ഇത്രയും ദൂരം കളി കാണാൻ തന്നേ വരണം എങ്കിൽ അവരുടെ സ്പിരിറ്റ് അന്യായം തന്നെ എന്ന് ഞാൻ ഊഹിച്ചു. ആൺകുട്ടികളും പെൺകുട്ടികളുമായി ഒരു പട തന്നെ ഉണ്ടായിരുന്നു.. ഗ്രൗണ്ടിന് ചുറ്റും ഉള്ള പടവുകളിൽ കളി കാണാൻ എത്തിയവർ ഗാലറിയിൽ എന്ന പോലെ സ്‌ഥാനം പിടിച്ചു. ആളെണ്ണത്തിൽ ഞങ്ങളുടെ കോളേജ് ആയിരുന്നു മുന്നിൽ എങ്കിലും എസ് എൻ കോളേജിൽ നിന്നും ബസ് പിടിച്ചു വന്ന പിള്ളേരുടെ ഓളം ഒന്ന് വേറെ തന്നെ ആയിരുന്നു..