എന്റെ ഉള്ളിൽ ഉള്ളത് ഇഷാനി അറിഞ്ഞു. ഇനി അവളുടെ മറുപടി കിട്ടിയാൽ മതി. അതെന്ത് തന്നെ ആയാലും…!
അവളെ ഒന്ന് ഫോൺ വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്താലോ എന്ന് ഞാൻ കുറെ വട്ടം ആലോചിച്ചു. അവളുടെ മുഖം കാണാതെ ആകുമ്പോൾ ഒരു ധൈര്യം കിട്ടും. പിന്നെ ഓർത്തു ചില പെൺകുട്ടികൾക്ക് നേരിട്ട് സംസാരിക്കുന്നത് ആണ് ഇമ്പ്രെസ്സ് ആകുന്നത്. എപ്പോൾ ആയാലും അവളെ ഫേസ് ചെയ്യണം. അപ്പോൾ പിന്നെ നേരിട്ട് തന്നെ സംസാരിക്കാൻ തീരുമാനിച്ചു.. പിറ്റേന്ന് അവളെ എങ്ങനെ ഫേസ് ചെയ്യണം എന്നെല്ലാം ഞാൻ മനസ്സിൽ പ്ലാൻ ചെയ്തു. പ്ലാൻ ചെയ്തത് ഒക്കെയും കുറച്ചു കഴിഞ്ഞു ചിന്തിക്കുമ്പോൾ ബോർ ആയി തോന്നുന്നു. വീണ്ടും വീണ്ടും ഇങ്ങനെ തന്നെ. അവസാനം അപ്പോൾ മനസിൽ എന്ത് തോന്നുന്നോ അങ്ങനെ ചെയ്യാൻ ഞാൻ തീരുമാനിച്ചു
എന്നാൽ പിറ്റേന്ന് ക്ലാസിൽ വന്നു കഴിഞ്ഞാണ് അതിന്റെ ബുദ്ധിമുട്ട് ഞാൻ മനസിലാക്കിയത്. അവളുടെ മുഖത്തേക്ക് നോക്കാൻ ഉള്ള ധൈര്യം എനിക്ക് ഇല്ലാതെ ആയിരിക്കുന്നു. ഒരുപക്ഷെ അവൾ എന്നോട് ദേഷ്യപ്പെട്ടാണ് ഇരിക്കുന്നത് എങ്കിൽ എല്ലാം തീർന്നു.. അന്ന് ഉച്ച വരെയും ഞാൻ അവൾക്ക് മുഖം കൊടുക്കാതെ നടന്നു. ഉച്ച കഴിഞ്ഞു ഫസ്റ്റ് പീരീഡ് തുടങ്ങാൻ പോകുന്നതിന് തൊട്ട് മുമ്പ് ഞാൻ ക്ലാസ്സിലേക്ക് കയറിയപ്പോൾ അവൾ ക്ലാസ്സിന് മുമ്പിലായ് നിൽപ്പുണ്ടായിരുന്നു. ഞാൻ അവളുടെ മുഖത്ത് നോക്കാതെ നിലത്തു നോക്കി പുറകിൽ എന്റെ സീറ്റിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ എന്റെ കയ്യിൽ മെല്ലെ പിടിച്ചു നിർത്തി കൊണ്ട് അവൾ പതിയെ പറഞ്ഞു
‘ഞാൻ നിന്നെ പിടിച്ചു തിന്നുവൊന്നും ഇല്ല കേട്ടോ…’
മുഖം തിരിച്ചു ഞാൻ അവളെ നോക്കിയപ്പോ ആ മുഖത്ത് ഒരു ചെറിയ ചിരിയും കുസൃതിയുമൊക്കെ ഉണ്ട്.. ഇപ്പോളാണ് സത്യത്തിൽ മനസിന് ഒരു ആശ്വാസം ആയത്. അവൾക്ക് എന്നോട് പിണക്കം ഒന്നുമില്ല. അവളോട് അപ്പോൾ തന്നെ സംസാരിക്കണം എന്ന് വിചാരിച്ചെങ്കിലും ക്ലാസ്സ് തുടങ്ങാൻ പോകുന്നത് കൊണ്ട് അപ്പോൾ സംസാരം വേണ്ടെന്ന് വച്ചു. അടുത്ത പീരീഡ് മിക്കവാറും ഫ്രീ ആയിരിക്കും.. അപ്പോൾ ശരിക്ക് സംസാരിക്കാം..