‘അത് പിന്നെ എനിക്ക് എക്സാം എഴുതാൻ ഉള്ള അറ്റൻഡൻസ് പോലും ഇല്ലായിരുന്നു.. വേറെ വഴി ഒന്നും കണ്ടില്ല. കിട്ടിയ ഗ്യാപ്പിൽ ഇത് മുക്കി..’
‘കണ്ട പെണ്ണുങ്ങളുടെ പുറകെ നടന്നു ക്ലാസ്സിൽ കയറാതെ ഇരുന്നാൽ അറ്റന്റൻസ് കിട്ടില്ല..’
ഇഷാനി സ്വല്പം ഗർവ്വോടെ എന്നെ നോക്കി പറഞ്ഞു
‘അതിപ്പോ പറ്റി പോയില്ലേ.. ഇനി ഏതായാലും നീയിത് ആരോടും പറയണ്ട. നമ്മൾ ആണിത് അടിച്ചു മാറ്റിയത് എന്ന് മൂന്നാമത് ഒരാൾ അറിയാൻ പാടില്ല..’
ഞാൻ വളരെ സ്വാകാര്യം പറയുന്നത് പോലെ അവളോട് ചേർന്നു നിന്ന് പറഞ്ഞു. ആദ്യം അവൾ അത് സീരിയസ് ആയി കേട്ടെങ്കിലും പിന്നെ ആണ് അവൾക്ക് അതിലെ എന്റെ കുരുട്ട് ബുദ്ധി മനസിലായത്..
‘നമ്മളോ..? നീയല്ലേ ഇത് അടിച്ചു മാറ്റിയത്.. ഞാൻ ഒന്നുമില്ല നിന്റെ കൂടെ.. പിന്നെ ഞാൻ എങ്ങനെ പെടും..?
അവൾ ചോദിച്ചു
‘നീയിപ്പോ അറിഞ്ഞില്ലേ.. ഇപ്പോൾ തൊട്ട് നീയും കൂട്ട് പ്രതിയാണ്..’
ഞാൻ തമാശ പറഞ്ഞു
‘ഒന്ന് പോടാ..’
അവൾ തമാശക്ക് എനിക്കൊരു തള്ള് വച്ചു തന്നിട്ട് ഷെൽഫിലെ ബാക്കി പുസ്തകങ്ങൾ പരിശോധിച്ചു..
‘ഇത് പിള്ളേരുടെ ബുക്സ് ഉണ്ടല്ലോ.. ഇതൊക്കെ നീ എന്തിനാ വാങ്ങിച്ചു വെച്ചിരിക്കുന്നെ..?
ഷെൽഫിൽ കൊച്ചു കുട്ടികളുടെ കുറച്ചു ഇംഗ്ലീഷ് കഥകൾ കണ്ടു അവൾ എന്നോട് ചോദിച്ചു
‘എന്റെ പിഞ്ചു മനസ്സല്ലേ.. അതോണ്ട് ഇതൊക്കെ വായിക്കാം..’
‘തമാശ വിടെടാ.. ദേ ഞാൻ അന്ന് പൊതിഞ്ഞു തന്ന ബുക്ക് ആണോ ഇത്. പൊതി പോലും കളയാതെ നീ ഇത് ഇവിടെ വച്ചിരിക്കുവാണോ..? ഞാൻ കരുതി ആർക്കോ ഗിഫ്റ്റ് കൊടുക്കാൻ വാങ്ങിയത് ആണെന്ന്..’
ആദ്യമായ് അവളെ കടയിൽ വച്ച കണ്ട അന്ന് വാങ്ങിയ ബുക്ക് കയ്യിലെടുത്തു കൊണ്ട് അവൾ പറഞ്ഞു
‘ഗിഫ്റ്റ് ഒന്നുമല്ല.. ഞാൻ അത് വെറുതെ ഒരു രസത്തിന് വാങ്ങിയതാണ്..’
ഞാൻ ചെറിയ ഒരു വേദനയോടെ അത് പറഞ്ഞു
‘നിന്റെ ഒരു രസം..’
ഇഷാനിയുടെ പകുതി ശ്രദ്ധ അപ്പോളും ബാക്കി പുസ്തകങ്ങളിൽ ആയിരുന്നു.. അവൾ ഓരോന്നും എടുത്തു നോക്കുന്നതിന് ഇടയിൽ ഒരു ബുക്ക് തുറന്നപ്പോൾ ആണ് അതിൽ ഒരു കടലാസ്സിൽ ഒരു ചിത്രം വരച്ചിരിക്കുന്നത് ശ്രദ്ധിച്ചത്.. ഒരു പെൺകുട്ടിയുടെ ചിത്രം..