‘നിനക്ക് ഇവിടൊക്കെ കുറച്ചു മെന ആയിട്ട് കൊണ്ട് പൊയ്ക്കൂടേ..?
ഇഷാനി ചോദിച്ചു
‘ഇപ്പോൾ എന്താണ് കുഴപ്പം.. എല്ലാം അടിപൊളി ആണല്ലോ..’
അടുക്കളയിൽ നിന്ന് ഹാളിലേക്ക് വന്നു ഞാൻ മറുപടി കൊടുത്തു. ഹാളിൽ വന്നപ്പോൾ അവൾ എല്ലാം ഒന്ന് അടുക്കി പെറുക്കി വക്കുവാണ്..
‘ഭയങ്കരം തന്നെ.. ഈ സോഫയിലെ വിരിപ്പ് എങ്കിലും നിനക്ക് ഒന്ന് നേരെ വിരിച്ചൂടെ..?
‘അത് നേരെ തന്നെ ആണ് കിടക്കുന്നത്.. നിനക്ക് ഓസിഡി വല്ലതും കാണും. അതാ എത്ര വൃത്തിയിൽ ഇരുന്നിട്ടും വൃത്തി ആകാത്ത പോലെ തോന്നുന്നത്..’
ഞാൻ അവളെ കളിയാക്കുന്ന പോലെ പറഞ്ഞു
‘ഓസിഡി നിന്റെ മറ്റവൾക്കാ..’
ഇഷാനി പതിയെ പറഞ്ഞു…
‘എന്താ..?
അവൾ പറഞ്ഞത് ഞാൻ ശരിക്കും കേട്ടില്ല
‘നിനക്ക് പുസ്തകം വായിക്കുന്ന ശീലം ഒക്കെ ഉണ്ടല്ലേ.. ‘
വിഷയം മാറ്റാൻ അവൾ പുസ്തകം അടുക്കി വച്ചിരിക്കുന്ന ഷെൽഫിലേക്ക് നോക്കി പറഞ്ഞു
‘ആ ഉണ്ടായിരുന്നു.. ഇപ്പോൾ കുറവാണ്.. വീട്ടിൽ ഒരു ലൈബ്രറിക്കുള്ള പുസ്തകം ഉണ്ട്..’
ഞാൻ പറഞ്ഞു
‘ആഹാ.. എന്നെ ഒരു ദിവസം കൊണ്ട് പോ എന്നാൽ.. എനിക്ക് ഫ്രീ ആയിട്ട് കുറെ ബുക്ക്സ് എടുത്തോണ്ട് വരാമല്ലോ..’
അവൾ ഷെൽഫിലെ ബുക്ക്സ് നോക്കികൊണ്ട് പറഞ്ഞു
‘നിന്റെ ഷോപ്പിലെ ബുക്സ് ഒക്കെ വായിച്ചു തീർത്തോ.. അവിടെ പണി എടുക്കാൻ പോയിട്ട് ഗ്യാപ്പിൽ ഇരുന്ന് വായന ആണല്ലോ പണി..’
എന്റെ ചോദ്യം ഗൗനിക്കാതെ ഇഷാനി പെട്ടന്ന് ഷെൽഫിൽ നിന്നും കുറച്ചു വലിയ ഒരു ബുക്ക് കൈ നീട്ടി എടുത്തു
‘എടാ ഇത് നമ്മുടെ അറ്റൻഡൻസ് രജിസ്റ്റർ അല്ലേ..? ഈയിടെ കാണാതെ പോയത്..? അതെങ്ങനെ ഇവിടെ വന്നു..?
അവൾ അത്ഭുതത്തോടെ രജിസ്റ്റർ മറിച്ചു കൊണ്ട് ചോദിച്ചു
‘അയ്യോ ശരിയാണല്ലോ.. ഇതെങ്ങനെ ഇവിടെ വന്നു..?
ഞാൻ ഒന്നും അറിയാത്ത പോലെ വെറുതെ അഭിനയിച്ചു.. എന്റെ അഭിനയം അവൾക്ക് പിടി കിട്ടി
‘എടാ ദ്രോഹി.. അപ്പോൾ നീയാണല്ലോ ഇത് മാറ്റിയത്.. എന്നിട്ട് നമ്മുടെ ക്ലാസ്സിനെ മൊത്തത്തിൽ ചീത്ത കേൾപ്പിച്ചില്ലേ..’