ദേഷ്യം മാറി സങ്കടത്തിന്റെ രീതിയിൽ ആണ് അവൾ അത് ചോദിച്ചത്
‘എന്റെടി ഒന്നും ഇല്ലെന്ന്.. ഫൈനൽ കഴിഞ്ഞാൽ ഞാൻ പഴയ പോലെ ക്ലാസ്സിൽ തന്നെ കാണും.. നീ ഇങ്ങോട്ട് വാ..’
ഞാൻ അവളെ നിർബന്ധിച്ചു വീട്ടിലേക്ക് കയറ്റി
‘അതിന് മുമ്പുള്ള കളികൾ ഒക്കെ ജയിച്ചപ്പോൾ ഓടി വന്നു ആദ്യം എന്റെ അടുത്ത് പറഞ്ഞവനാ.. ഇപ്പോൾ സെമി ജയിച്ചിട്ട് ഒരു മെസ്സേജ് പോലും ഇട്ടില്ല.. കൊള്ളാമെടാ നീ..’
ഇഷാനി പരിഭവത്തോടെ പറഞ്ഞു
‘എടി സത്യം പറഞ്ഞാൽ കുറച്ചു ദിവസം ഒറ്റയ്ക്ക് ഇരിക്കാൻ തോന്നി. മനസിന് ഒരു റിഫ്രഷ് കിട്ടാൻ.. അല്ലാതെ നിന്നെ ഒഴിവാക്കിയത് ഒന്നും അല്ലായിരുന്നു..’
‘എന്നാൽ ഒറ്റയ്ക്ക് ഇരുന്നോ.. ഞാൻ ശല്യം ആകുന്നില്ല..’
ഇഷാനി പോകാനായി തിരിഞ്ഞു. അവൾ വാതിൽക്കലേക്ക് എത്തുന്നതിനു മുമ്പ് ഞാൻ അവളുടെ മുന്നിൽ കയറി വട്ടം നിന്നു..
‘നീ ആദ്യായിട്ട് ഇവിടെ വരുന്നതല്ലേ.. പിണങ്ങി പോകാതെ..’
ഞാൻ അവളെ പിടിച്ചു കസേരയിൽ ഇരുത്തി.. അപ്പോളാണ് അടുക്കളയിൽ നിന്ന് കുക്കറിൽ വിസിൽ അടിച്ചത്
‘ഞാൻ ദേ ഇപ്പോൾ വരാം.. അടുക്കളയിൽ ചെറിയ പണി.. നീ വല്ലതും കഴിച്ചാരുന്നോ..?
‘ഞാൻ കഴിച്ചു. നീ ഇത് വരെ കഴിച്ചില്ലേ.. സമയം എത്ര ആയീന്നാ..?
ഇഷാനി വാച്ചിലേക്ക് നോക്കി
‘ഓ രാവിലെ എഴുന്നേൽക്കാൻ ഒന്നും വയ്യാ.. നീ ഇവിടെ ഇരി.. പോകല്ലേ.. ഒരു ടൂ മിനിറ്റ്സ്..’
അവളെ അവിടെ ഇരുത്തി ഞാൻ അടുക്കളയിലേക്ക് ഓടി..
ഇഷാനി അവിടെ ഇരുന്ന് അർജുന്റെ വീട് മൊത്തത്തിൽ ഒന്ന് കണ്ണോടിച്ചു.. രണ്ട് മുറി, ഒരു ഹാൾ, ഒരു കിച്ചൺ, ഒരു ബാത്രൂം.. മൊത്തത്തിൽ സൗകര്യം ഒക്കെ ഉള്ള ഒരു കുഞ്ഞു വീട്.. വീടിന് വൃത്തിക്കുറവ് ഒന്നും ഇല്ലെങ്കിലും ഒരു ചെറുപ്പക്കാരൻ താമസിക്കുന്ന ഇടത്തു കാണുന്ന അലങ്കോലങ്ങൾ ഒക്കെ ഇവിടെയും ഉണ്ട്. അലക്കാനായി ഒരു മൂലയ്ക്ക് കൂട്ടി ഇട്ടിരിക്കുന്ന തുണികൾ, അലക്ഷ്യമായി ഊരി ഇട്ടിരിക്കുന്ന ഷൂസ്, കാപ്പി കുടിച്ചിട്ട് കട്ടിലിന് അടിയിൽ തന്നെ വച്ചിട്ട് പോയ ഗ്ലാസ്.. അങ്ങനെ വീടിന്റെ ഓരോ മൂലയിലും ഇഷാനിയുടെ കണ്ണുകൾ എത്തി..