അയാൾ എനിക്ക് വലിയ റൂട്ട് മാപ്പ് ഒക്കെ പറഞ്ഞു തന്നു
‘ഓ..’
ഞാൻ ശരിയെന്ന മട്ടിൽ തല കുനുക്കി. പോലീസ് പിടിച്ചാൽ ആണ് എനിക്ക് എന്തെങ്കിലും പ്രയോജനം. എന്റെ മിച്ചമുള്ള സൽപ്പേര് ഇങ്ങനെ പോയി കിട്ടിയാൽ കൃഷ്ണക്ക് എന്നോടുള്ള മതിപ്പ് പോകുമായിരിക്കും. എല്ലാവർക്കും എന്നോടുള്ള സ്നേഹം പോകും. സ്നേഹിച്ചില്ലെങ്കിൽ പിന്നെ അവരെ ഒന്നും എനിക്ക് വേദനിപ്പിക്കാൻ പറ്റില്ല. അപ്പോൾ ഇതാണ് നല്ലത് ഞാൻ ഓർത്തു. പോലീസിനെ ഫോൺ ചെയ്താലോ എന്ന് കരുതി ഞാൻ ഫോൺ എടുത്തു. വിളിക്കുന്നത് ഈ ശല്യക്കാരൻ വാണം കേൾക്കണ്ട എന്ന് കരുതി ഞാൻ കുറച്ചു എഴുന്നേറ്റ് മാറി.. ഞാൻ പോകുവാണ് എന്ന് കരുതി അയാൾ പെട്ടന്ന് എഴുന്നേറ്റു എനിക്ക് കൈ തന്നു…
‘ബ്രോ.. അപ്പോൾ പിന്നെ കാണാം.. എന്റെ പേര് അനിരുദ്ധ്…’
പെട്ടന്ന് ഞാൻ അയാളെ ശ്രദ്ധിച്ചു. ഇത്രയും നേരം അയാളെ നോക്കാതെ ഇരുന്ന എനിക്ക് അയാളിൽ എന്തോ ഒന്ന് തോന്നി. കയ്യിൽ കുരിശ് പച്ച കുത്തിയവൻ അനിരുദ്ധ് എന്ന പേര് പറഞ്ഞത് കൊണ്ടല്ല. ആ പേര് എന്റെ വർഷങ്ങൾ മുമ്പുള്ള ഓർമ്മകളെ ഒരു തിരമാല തിരികെ കൊണ്ട് തരുന്നത് പോലെ കൊണ്ട് വന്നു തീരത്ത് അടിച്ചിട്ട് പോയി.. എന്റെ ചേട്ടന്റെ പേരായിരുന്നു അത്…..
‘ഞാൻ അർജുൻ….’
ഞാൻ അയാൾക്ക് കുറച്ചു താമസിച്ചു ആണെങ്കിലും കൈ കൊടുത്തു. അപ്പോളേക്കും കോൾ അപ്പുറെ കണക്ട് ആയത് കൊണ്ട് ഞാൻ പെട്ടന്ന് തിരിഞ്ഞു നടന്നു. പോലീസ് പ്ലാൻ ശരിയാവില്ല എന്ന് പെട്ടന്ന് എനിക്ക് തോന്നി.. അനിരുദ്ധ് എന്ന പേര് എനിക്ക് സമ്മാനിച്ച ഓർമ്മകളിൽ ഒരു ഒളിച്ചോട്ടം ഞാൻ വീണ്ടും കണ്ടു..
തിരികെ വീട്ടിൽ വന്നു അത്യാവശ്യം വേണ്ടത് എല്ലാം ബാഗിൽ കുത്തി നിറച്ചു വീട് പൂട്ടി ഇറങ്ങിയത് കഞ്ചാവിന്റെ ലഹരി തലയിൽ പിടിച്ചത് കൊണ്ടായിരുന്നില്ല. അത്രക്ക് ഉള്ള കിക്ക് ഒന്നും അത് തന്നില്ല. ഇതെന്റെ സ്വന്തം ദുഃഖങ്ങളുടെയും കുറ്റബോധത്തിന്റെയും ആകെത്തുക ആയ തീരുമാനം ആണ്.. അർജുൻ ഇനിയിവിടെ നിൽക്കുന്നില്ല…