കൃഷ്ണ ആത്മവിശ്വാസം ചോർന്ന പോലെ പറഞ്ഞു
‘ഇത്രയും ഒക്കെ ചെയ്തിട്ട് അവൾ നിന്നെ പിടിച്ചു ഫ്രണ്ട് ആക്കും ഉടനെ എന്ന് കരുതിയോ.. പിന്നെ ആരും ഇല്ലാത്ത കുട്ടി ആണെങ്കിലും നിന്നെ പോലെ എല്ലാവരും ഉള്ള ആൾക്ക് ആണെങ്കിലും വിഷമം എല്ലാം ഒരുപോലെ ആണ്. അത് നീ മനസിലാക്കു..’
ഉപദേശം പോലെയോ ഒരു ചെറിയ ശകാരം പോലെയോ ഞാൻ അത് പറഞ്ഞു. കൃഷ്ണ തല കുനിച്ചു നിൽക്കുക ആയിരുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞിട്ട് ഉണ്ടായിരുന്നു. ഇഷാനിയോട് ചെയ്തതിന്റെ കുറ്റബോധം തികട്ടി വന്നതാണോ അതോ എന്റെ മുന്നിൽ ഉള്ള നല്ല കുട്ടി ഇമേജ് പൊളിഞ്ഞതിന്റെ നിരാശ കൊണ്ടാണോ ആ കണ്ണ് നിറഞ്ഞത് എന്ന് എനിക്ക് അറിയില്ല. എന്തായാലും എല്ലാം ഏറ്റ് പറഞ്ഞ സ്‌ഥിതിക്ക് അവളെ കൂടുതൽ വിഷമിപ്പിക്കണ്ട എന്ന് കരുതി ഞാൻ അവളുടെ തലയിൽ ഒന്ന് സ്നേഹത്തോടെ തടവി. മതി, പോട്ടെ എന്നൊരു അർഥം ആ തലോടലിൽ ഉണ്ടായിരുന്നു. ഞാൻ ബൈക്ക് എടുത്തു കോമ്പൗണ്ടിന് വെളിയിൽ പോകുമ്പോളും അവൾ അവിടെ തല കുനിച്ചു തന്നെ നിൽക്കുകയായിരുന്നു…
കൃഷ്ണയോട് ആ കാര്യം സംസാരിച്ചത് ഇഷാനിയോട് ഞാൻ പറഞ്ഞതേയില്ല. കൃഷ്ണയോട് ആ കാര്യം ഉള്ളിൽ വച്ചു പെരുമാറിയതും ഇല്ല. അതിനിടയിൽ ഇഷാനിയോടുള്ള എന്റെ പ്രേമം ഉള്ളിൽ മൂടി വയ്ക്കാൻ കഴിയാത്ത വിധം വളർന്നു കൊണ്ടിരുന്നു. ക്ലാസ്സ് ടൈം പോലും എന്റെ കണ്ണുകൾ അവൾ ഒറ്റയ്ക്ക് മാറിയിരിക്കുന്ന മൂലയിലേക്ക് പലപ്പോഴും വീണു കൊണ്ടിരുന്നു..
അന്ന് രേണുവിന്റെ ക്ലാസ്സ് ആയിരുന്നു. ക്ലാസ്സിന്റെ ഇടയിലും എന്റെ വായ്നോട്ടം തകൃതിയായ് നടന്നോണ്ട് ഇരുന്നു. രേണു ക്ലാസ്സ് എടുത്തോണ്ട് ഇരിക്കുന്നതിനു ഇടയിൽ ആണ് ഞാൻ കയ്യുയർത്തി എന്തോ സംശയം ഉണ്ടെന്ന രീതിയിൽ അവളെ എന്റെ അടുത്തേക്ക് വിളിച്ചത്.
ഒട്ടുമിക്ക ക്ലാസും ഞാൻ മര്യാദക്ക് ശ്രദ്ധിച്ചു ഇരിക്കും. എന്തെങ്കിലും ഡൌട്ട് തോന്നിയാൽ അപ്പൊ തന്നെ ഇത് പോലെ വിളിച്ചു ക്ലിയർ ചെയ്യും. പിന്നെ പരീക്ഷക്ക് രണ്ട് ദിവസം മുമ്പായിരിക്കും അതൊക്കെ തുറന്നു നോക്കുന്നത്. റാങ്ക് ഒന്നും നേടാൻ അല്ലാതെ പാസ്സ് ആകാൻ മാത്രം ലക്ഷ്യം വച്ചു പഠിക്കുന്നത് കൊണ്ട് അതൊക്കെ ധാരാളം ആയിരുന്നു. ഇതും അത് പോലെ എന്തോ സംശയം ഉണ്ടായിട്ട് ഞാൻ വിളിച്ചത് ആണെന്നാണ് എല്ലാവരും കരുതിയത്. രേണുവും..