നിശബ്ദയായി എന്റെ കഴുത്തിലൂടെ കയ്യിട്ടു തോളിൽ ചാഞ്ഞു കിടന്ന അവളെ ഞാൻ നോക്കി. ആദ്യമായാണ് ഇഷാനി പൊട്ടിക്കരയുന്നത് ഞാൻ കണ്ടത്. അതിന് മാത്രം എന്തെങ്കിലും വലുതായി ഇവിടെ സംഭവിച്ചോ എന്ന് ഞാൻ ആലോചിച്ചു. അവളുടെ അമ്മയാണ് ആ വന്നത്. അവരെ കണ്ടാണ് ഇഷാനി പൊട്ടിക്കരഞ്ഞത്. ചെറുപ്പത്തിൽ ഇഷാനിയെ ഉപേക്ഷിച്ചു പോയത് ആയിരിക്കണം അവരെന്ന് ഞാൻ വെറുതെ ഊഹിച്ചു. അതാകും ഇഷാനിക്ക് അവരോട് ദേഷ്യം. അവളുടെ വീട്ടിൽ എവിടെയും അമ്മയുടെ ഫോട്ടോ ഇല്ലാഞ്ഞതും സംസാരങ്ങളിൽ ഒരിക്കൽ പോലും അമ്മയെ പറ്റി ഇഷാനി കൊണ്ട് വരാഞ്ഞതും എല്ലാം അത് കാരണം ആകും…
അമ്മയുടെ ആ വരവ് അവളുടെ സകല ചാർജും തീർത്തത് പോലെ തോന്നി. ഞാൻ ചോദിച്ചതിന് എന്തൊക്കെയോ മറുപടി അവൾ പറഞ്ഞു. അവളിപ്പോളും മറ്റേതോ ലോകത്താണ് എന്നെനിക്ക് തോന്നി. അവളെ ഒന്ന് ചൂടാക്കാൻ ഞാൻ അവളുടെ ചെറിയ അടുക്കളയിൽ കയറി ഞങ്ങൾ രണ്ടാൾക്കും കാപ്പി ഇട്ടു. നിർബന്ധിച്ചു കാപ്പി കുടിപ്പിച്ചത് ഫലം കണ്ടു. അവളുടെ മൂകത പതിയെ മാറി വന്നു
‘ആ വന്നത് എന്റെ അമ്മ ആയിരുന്നു..’
എന്നെ നോക്കാതെ വീടിന്റെ ഭിത്തിയിൽ വെറുതെ ശ്രദ്ധ പതിപ്പിച്ചു കൊണ്ട് അവൾ പറഞ്ഞു. ഗ്ലാസ്സിൽ അപ്പോളും പാതി കാപ്പി ഉണ്ടായിരുന്നു
‘എനിക്ക് തോന്നി.. കണ്ടപ്പോൾ…’
ഞാൻ അവളെ നോക്കിയാണ് മറുപടി പറഞ്ഞത്. പക്ഷെ എന്നെ നോക്കാൻ അവളുടെ കണ്ണുകൾ വിസമ്മതിച്ചു
‘ഞാനിതു വരെ അമ്മയെ പറ്റി നിന്നോട് പറഞ്ഞിട്ടില്ല അല്ലേ…?
അവൾ മാത്രം അല്ല, ഞാനും എന്റെ അമ്മയെ പറ്റി അധികം അവളോട് സംസാരിച്ചിട്ടില്ല. ആ കാര്യം കൂടി മനസ്സിൽ ഓർത്ത് ഞാൻ അതേയെന്ന മട്ടിൽ തലയാട്ടി
‘എനിക്കവരെ പറ്റി സംസാരിക്കുന്നത് പോലും ഇഷ്ടം അല്ല അർജുൻ.. നീയീ കാര്യം ഒരിക്കലും എന്നോട് ചോദിക്കരുത്.. പ്ലീസ്..’
അത് പറഞ്ഞപ്പോൾ ഏറെ നേരത്തിനു ശേഷം അവളെന്നെ നോക്കി. ഞാൻ വീണ്ടും അതേയെന്ന മട്ടിൽ തന്നെ തല കുനുക്കിയപ്പോൾ അവൾ കയ്പ്പേറിയ ഒരു ചിരി ചിരിച്ചു