‘വാ വന്നു കേറൂ.. പോയേക്കാം.. നിന്നെ തപ്പി നടന്നു മടുത്തു..’
ഇഷാനി വളരെ സ്നേഹത്തോടെ എന്ന പോലെ കൃഷ്ണയോട് പറഞ്ഞു. അതിൽ എത്ര മാത്രം മുള്ള് വച്ചാണ് അവൾ സംസാരിച്ചത് എന്ന് എനിക്ക് മനസിലായി. കൃഷ്ണയുടെ നോട്ടം കണ്ടിട്ട് അവൾക്കും ഏതാണ്ട് മനസിലായത് പോലെ ഉണ്ടായിരുന്നു. അതോ അവൾ ഞാനും ഇഷാനിയും ബൈക്കിൽ ഒട്ടിച്ചേർന്നു ഇരിക്കുന്നത് കണ്ടു കുരു പൊട്ടി നിക്കുവാണോ..? എന്തായാലും വേറെ വഴി ഇല്ലാതെ കൃഷ്ണ പതിയെ നടന്നു വന്നു ബൈക്കിനു ഏറ്റവും പിന്നലായ് ഇരുന്നു. ഒരു കൈ ഇഷാനിയുടെ തോളിലും വച്ചു. കണ്ണാടിയിൽ കൂടി ഒരു മധുരപ്രതികാരത്തിന്റെ ചിരി ഞാൻ ഇഷാനിയുടെ കണ്ണിൽ കണ്ടു..
‘പൊക്കോ..’
വണ്ടിയെടുക്കാൻ സിഗ്നൽ എന്നോണം പറഞ്ഞിട്ട് ഇഷാനി എന്നിലേക്ക് ചാഞ്ഞു കിടന്നു. ഇങ്ങോട്ട് വന്നപ്പോൾ കൃഷ്ണ എന്റെ ഒപ്പം എങ്ങനെ ആയിരുന്നോ അതിനപ്പുറം ആയിരുന്നു തിരിച്ചു പോക്കിൽ ഇഷാനി. എന്നെ വയറിലൂടെ കെട്ടിപ്പിടിച്ചു ചിരിയും ബഹളവും ഒക്കെ ആയി ഇഷാനി സംസാരിക്കുമ്പോ ഏറ്റവും പിന്നിൽ അവാർഡ് പടം കാണുന്ന മുഖഭാവത്തിൽ കൃഷ്ണ റോഡരികിലേക്ക് നോക്കിയിരിപ്പാണ്. ഇഷാനിയെ അവളുടെ ഷോപ്പിന് മുന്നിൽ ഇറക്കുന്നത് വരെയും അവൾ ആ ഇരിപ്പ് തുടർന്നു.
കടയിലേക്ക് പോകുന്നതിന് മുമ്പ് എന്നോട് മാത്രം അല്ല കൃഷ്ണയോടും അവൾ ബൈ പറഞ്ഞു. സാധാരണ കൃഷ്ണ ആണ് അങ്ങോട്ട് എന്തെങ്കിലും മിണ്ടാറുള്ളത്. ഇപ്പൊ അത് തിരിച്ചായി. ഇഷാനിയെ കടയിൽ വിട്ടു ഞങ്ങൾ തിരിച്ചു കോളേജിലേക്ക് പോയി. അവിടെ ആണ് കൃഷ്ണയുടെ വണ്ടി ഇരിക്കുന്നത്. അവളെ അവിടെ ഇറക്കുന്നത് വരെ കൃഷ്ണ എന്നോട് വലുതായി ഒന്നും സംസാരിച്ചില്ല. ഞങ്ങൾ അവളെ മനഃപൂർവം ഒഴിവാക്കിയത് അവൾ മനസിലാക്കിയോ എന്ന് ഞാൻ സംശയിച്ചു.
‘അവൾ ഇന്ന് ഭയങ്കര ഹാപ്പി ആരുന്നല്ലോ..?
ഒടുവിൽ കൃഷ്ണ ഇങ്ങോട്ട് കയറി മിണ്ടി
‘ആര്.. ഇഷാനിയോ..?
‘ആ അതേ.. എന്നോട് ഇങ്ങോട്ട് വന്നു ബൈ ഒക്കെ പറഞ്ഞിട്ട് പോയി.. എന്ത് പറ്റി..?
കൃഷ്ണ സംശയത്തോടെ ചോദിച്ചു