‘എന്തിനാ ഓടിയത്.. അവൾ കൂടെ വരണ്ടേ..?
ഞാൻ കാര്യം അറിയാതെ അവളോട് ചോദിച്ചു
‘അവൾ വരാൻ ആണെങ്കിൽ ഞാൻ മനഃപൂർവം അവളുടെ ഡ്രെസ്സിൽ ചോക്ലേറ്റ് തേക്കില്ലല്ലോ..’
ഇഷാനി ഒരു കള്ളച്ചിരിയോടെ എന്നോട് പറഞ്ഞു
‘എഡി ദുഷ്ടേ.. നീ ആണോ അപ്പോൾ അത് ചെയ്തെ..?
ഞാൻ അന്തം വിട്ടു ചോദിച്ചു. ഇഷാനിയുടെ കയ്യിൽ ഇമ്മാതിരി തരികിട ഒക്കെ കാണുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല
‘പിന്നെ സഹിക്കുന്നതിനു ഒരു പരിധി ഇല്ലെ.. ഇനി കുറച്ചു നേരം അവളുടെ ബോറടി ഉണ്ടാവില്ല..’.
ഇഷാനി ആശ്വാസത്തോടെ പറഞ്ഞു
അത് പറഞ്ഞു തീർന്നതും എന്റെ ഫോൺ ശബ്ദിച്ചു.. ഞങ്ങളെ അവിടെ കാണാഞ്ഞിട്ട് കൃഷ്ണ വിളിക്കുന്നതാണ്..
‘അവളാ വിളിക്കുന്നത്.. എന്ത് ചെയ്യും..?
‘എടുക്കണ്ട.. ‘
ഇഷാനി എന്നോട് പറഞ്ഞു
‘അത് മോശം അല്ലേ. ബെല്ല് ഉണ്ട്. അപ്പോൾ എടുത്തില്ലേൽ അവൾ കരുതും മനഃപൂർവം ആണെന്ന്..’
‘എന്നാൽ ഒരു പണി ചെയ്യ്. നമ്മൾ ഇവിടെ ഓഡിറ്റോറിയത്തിന്റെ അവിടെ ആണെന്ന് പറ..’
ഫോൺ എടുത്തു ഞാൻ കൃഷ്ണയോട് സംസാരിച്ചു. ഇഷാനി പറഞ്ഞത് പോലെ തന്നെ ഞങ്ങൾ നിൽക്കുന്ന സ്‌ഥലം ഞാൻ അവൾക്ക് പറഞ്ഞു കൊടുത്തു. അവൾ ഫോൺ കട്ട് ചെയ്തു കഴിഞ്ഞു ഇഷാനി വീണ്ടും എന്റെ കൈ പിടിച്ചു മുന്നോട്ടു നടക്കാൻ തുടങ്ങി
‘നമ്മൾ എങ്ങോട്ട് പോകുവാ..? കൃഷ്ണയോട് നമ്മൾ ഇവിടെ കാണുമെന്നല്ലേ പറഞ്ഞത്..?
ഞാൻ ചോദിച്ചു
‘നീ വാ.. ‘
അവളെന്റെ കൈ പിടിച്ചോണ്ട് അവിടെ എല്ലാം ചുറ്റി നടന്നു കാണാൻ തുടങ്ങി. വിരൽതുമ്പിൽ കറങ്ങുന്ന ഒരു കൊച്ചു കുട്ടിയെ പോലെ കൗതുകത്തിൽ ഇഷാനി എല്ലാം നോക്കി കണ്ടു. അതിനിടയിൽ കൃഷ്ണ പിന്നെയും വിളിച്ചു
‘എടുത്തിട്ട് എന്ത് പറയും..?
ഞാൻ ഇഷാനിയോട് ചോദിച്ചു
‘നമ്മൾ അവളെ നോക്കി അവൾ നിന്നിടത്തോട്ട് പോയി എന്ന് പറ..’
ഇഷാനി ചിരിച്ചു കൊണ്ട് പറഞ്ഞു. കുറച്ചു ക്രൂരമാണെങ്കിലും ഇഷാനിയുടെ കൂടെ ഒറ്റയ്ക്ക് നടക്കാൻ ഞാൻ അത് പോലെ തന്നെ കൃഷ്ണയോട് പറഞ്ഞു