കാര്യം അറിയാൻ ഞാൻ ഫാത്തിമയേ ഞങ്ങളുടെ അടുത്തേക്ക് വിളിച്ചു. അവളും അഞ്ജനയും ഞങ്ങളുടെ അടുത്തേക്ക് വന്നു. അവൾ അപ്പോളും ആഷിക്കിനെ നോക്കുന്നില്ലായിരുന്നു
‘എന്താ ഒരു മൈൻഡ് ഇല്ലതെ പോകുന്നത്..?
ഞാൻ ചോദിച്ചു
‘ചേട്ടൻ ഒന്നും പറയണ്ട… നിങ്ങളോടും ഞാൻ പിണക്കമാ..’
അവൾ പിണക്കം കാണിച്ചു കൊണ്ട് പറഞ്ഞു
‘എന്നോടോ..? എന്തിന്..?
ഞാൻ കാര്യം തിരക്കി
‘നിങ്ങൾ തനിയെ ട്രിപ്പ് പോണേൽ ടൂർ കഴിഞ്ഞു പോയാൽ പോരേ.. നമ്മുടെ ടൂറിന്റെ സമയത്തു തന്നെ പോകണോ..?
അവൾ ചോദിച്ചു
‘ട്രിപ്പൊ..? ഏത് ട്രിപ്പ്..?
എനിക്ക് അവൾ പറയുന്നത് മനസിലായില്ല..
‘അറിയാത്ത പോലെ അഭിനയിക്കേണ്ട.. എനിക്ക് അറിയാം നിങ്ങളുടെ പ്ലാൻ.. ‘
അവൾ ആഷിക്കിനെ നോക്കി പറഞ്ഞു
‘വല്യ കാര്യം ആയി പോയി.. പോയേടി..’
ആഷിക്ക് അവളോട് ചാടി കയറി പറഞ്ഞു
‘നീ വിളിച്ചിട്ട് അല്ലല്ലോ ഞാൻ വന്നത്.. നീ പോടാ.. ഇനി മേലാൽ എന്നോട് മിണ്ടാൻ വന്നേക്കരുത്..’
അവൾ അവനോട് ദേഷ്യപ്പെട്ടു പോയി. എനിക്ക് അപ്പോളും അവൾ പറഞ്ഞത് മനസിലായില്ല
‘എടാ അവളെന്താ പറഞ്ഞത്.. ട്രിപ്പൊ..? എന്ത് ട്രിപ്പ്..?
ഞാൻ ചോദിച്ചു
‘അവൻ പറഞ്ഞു ടൂറിനു വരാത്തത് നമ്മൾ ഒരുമിച്ച് വേറെ ട്രിപ്പ് പോകുന്ന കൊണ്ടാണ് എന്ന്..’
അത്രയും നേരം മിണ്ടാതെ ഇരുന്ന രാഹുൽ സംസാരിച്ചു
‘ടൂറിനു പോകുന്നില്ലന്നോ..? അതെന്താ നീ ഇല്ലാത്തത്..?
ഞാൻ ആഷിയോട് ചോദിച്ചു
‘അവൻ മാത്രം അല്ല.. ഞാനുമില്ല..’
രാഹുൽ കയറി പറഞ്ഞു
‘എന്താ കാര്യം..?
ഞാൻ ചോദിച്ചു
‘പോകുവാണേൽ നമ്മൾ മൂന്നും ഒരുമിച്ച്. അല്ലാതെ ഇല്ല..’
ആഷിക്ക് ആണ് പറഞ്ഞത്
‘എടാ പൊട്ടാ.. എന്നെ നോക്കി ഇരിക്കണ്ട.. കോളേജ് ടൂർ ഒക്കെ മിസ്സ് ആക്കിയാൽ അമ്മാതിരി മിസ്സ് ആണ്..’
‘അതിപ്പോ നിനക്കും ബാധകം അല്ലേ..?
ആഷിക്ക് ചോദിച്ചു
‘എടാ എന്റെ കാര്യം വിട്.. നിന്റെ കാര്യം തന്നെ നോക്ക്. അഞ്ചാറു ദിവസം പാത്തുമ്മ ആയി അടിച്ചു പൊളിക്കാം.. അതൊക്കെ മിസ്സ് ചെയ്യാൻ പോകുവാണോ..?