എന്നെ അഭിമുഖീകരിക്കാൻ അവൾക്ക് മടി ഉള്ളത് കൊണ്ട് രണ്ട് ദിവസം ലീവ് എടുത്തത് ആണെന്ന് കരുതി. എന്തായാലും രണ്ട് ദിവസം കഴിഞ്ഞു ഞാൻ കരുതിയത് പോലെ അവൾ കോളേജിൽ വന്നു. അപ്പോളേക്കും ഞാൻ ചെയ്ത തെറ്റിന്റെ ആഴം എനിക്ക് മനസിലായിരുന്നു. അവൾ എന്റെ അടുത്ത് കാണിച്ചത് ശരിയല്ല, പക്ഷെ ഞാൻ ഒരിക്കലും തിരിച്ചു അങ്ങനെ ആകരുതായിരുന്നു പ്രതികരിക്കേണ്ടത്.. തിരിച്ചു രണ്ടെണ്ണം കൊടുത്തിരുന്നേൽ അതിനും ഒരു അന്തസ്സ് ഉണ്ടായിരുന്നു.. എന്ത് തന്നെ ആയാലും അവളോട് മാപ്പ് പറയാൻ ഞാൻ തീരുമാനിച്ചു..
ഉച്ച കഴിഞ്ഞു ഒരു പീരീഡ് ഫ്രീ ആയപ്പോൾ അവൾ എങ്ങോട്ട് എങ്കിലും മാറുമെന്ന് ഞാൻ കരുതി. അപ്പോൾ അവളെ തനിച്ചു കിട്ടുമെന്ന് ഞാൻ കരുതി.. പക്ഷെ അവൾ എങ്ങും പോയില്ല. ഏറ്റവും പിറകിലായി ഡെസ്കിൽ തല വച്ചു അവൾ കിടന്നു.. വേറെ അവസരം നോക്കി ഇരിക്കാൻ ക്ഷമ ഇല്ലാത്തത് കൊണ്ട് അവിടെ വച്ചു തന്നെ സംസാരിക്കാം എന്ന് ഞാൻ തീരുമാനിച്ചു
‘ഹലോ..?
അവളോട് എങ്ങനെ സംസാരിച്ചു തുടങ്ങണം എന്ന് എനിക്ക് നിശ്ചയം ഇല്ലായിരുന്നു
‘ഞാൻ ഇവിടെ ഇരുന്നോട്ടെ..?
അവളിൽ നിന്ന് മറുപടി ഒന്നും വരാത്തത് കൊണ്ട് ഞാൻ തന്നെ സംസാരിച്ചു തുടങ്ങി
‘ഇഷാനി… സോറി.. റിയലി അയാം സോറി..! ഞാൻ നിന്നോട് ഒരിക്കലും അങ്ങനെ പെരുമാറാൻ പാടില്ലായിരുന്നു..’
ഞാൻ സംസാരിക്കുമ്പോ എല്ലാം അവൾ ഞാൻ അടുത്തുണ്ട് എന്ന് പോലും അറിയാത്ത രീതിയിൽ തല ഡെസ്കിൽ വച്ചു കണ്ണടച്ചു കിടക്കുകയായിരുന്നു.. ഞാൻ പറയാൻ ഉള്ളത് മുഴുവൻ പറഞ്ഞിട്ടും അവളിൽ നിന്നൊരു പ്രതികരണവും ഉണ്ടായില്ല
‘എന്നോട് ഒന്നു ദേഷ്യപ്പെടാൻ എങ്കിലും നിനക്ക് ഒന്ന് വായ തുറന്നൂടെ..? എന്നോട് അത്രക്ക് വെറുപ്പായോ നിനക്ക്..?
ഞാൻ സങ്കടത്തോടെ ചോദിച്ചു. അവൾ മെല്ലെ എഴുന്നേറ്റ് ഇരുന്നു. അവളെന്നെ നോക്കാതെ ആണ് സംസാരിച്ചത്
‘നീ അല്ല ഞാൻ ആണ് സോറി പറയേണ്ടത്.. ഞാൻ നിന്നെ തല്ലാൻ പാടില്ലായിരുന്നു..’
അവൾ വളരെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. അവൾക്ക് പനി ഉണ്ടോ എന്ന് എനിക്ക് സംശയം ആയി. ഞാൻ തൊട്ട് നോക്കാൻ പോയില്ല. എന്തായാലും അവൾ എന്നെ മനസ്സിലാക്കിയല്ലോ..