നേരം പുലരുമ്പോളുള്ള പ്രകൃതിയുടെ നൈസർഗികമായ ഒരു സംഗീതം ഉണ്ടല്ലോ.. അത് കേട്ടാണ് ഇഷാനി ഉണർന്നത്. കണ്ണ് തിരുമ്മി തുറന്നപ്പോൾ ആണ് താനേതോ അപരിചിതമായ ബെഡിലാണ് കിടക്കുന്നത് എന്ന് അവൾ തിരിച്ചറിഞ്ഞത്.. പെട്ടന്ന് ഒരു അങ്കലാപ്പോടെ അവൾ ചാടി എഴുന്നേറ്റു..
‘ഉറക്കം എങ്ങനെ ഉണ്ടായിരുന്നു…?
വാതിൽക്കൽ നിന്ന് അർജുന്റെ ശബ്ദം. ഇഷാനിക്ക് ഇന്നലെത്തെ കാര്യങ്ങളുടെ ഓർമ കിട്ടി വരുന്നതേ ഉള്ളു. ഹാങ്ങ് ആയ ഫോൺ പോലെ അവൾ കണ്ണ് തിരുമ്മി ആലോചിച്ചു. ഇന്നലെ മഴയത്തു ഇവിടെ വരെ വന്നിരുന്നു അർജുനുമായി സംസാരിച്ചത് വരെ അവൾക്ക് ഓർമ കിട്ടി. അത് കഴിഞ്ഞു ഓർത്തെടുക്കാൻ ശ്രമിക്കുമ്പോൾ താൻ അരുതെന്ന് കരുതിയ എന്തോ സംഭവിച്ചത് പോലെ ഇഷാനിയുടെ ഉള്ളിൽ ഒരു വല്ലായ്മ തികട്ടി വന്നു
‘ബെഡ് കോഫി പതിവ് ഉണ്ടോ..? അതോ ഫ്രഷ് ആയിട്ട് ആണോ..?
അർജുൻ വീണ്ടും ചോദിച്ചു. ഇഷാനിയുടെ ഭാഗത്തു നിന്ന് പ്രതികരണം ഒന്നും ലഭിച്ചില്ല. പെട്ടന്ന് എന്തോ തോന്നിയിട്ടെന്ന പോലെ അവൾ എഴുന്നേറ്റ് ബാത്‌റൂമിലേക്ക് പോയി. മുഖം വെള്ളം തളിച്ചു കഴുകുമ്പോളും അവൾക്ക് ഇന്നലെ നടന്ന സംഭവങ്ങളിൽ വിശ്വാസം വന്നില്ല.. അതെല്ലാം ഇനി സ്വപ്നം ആയിരുന്നോ..? മുഖത്ത് തണുത്ത വെള്ളം വീണിട്ടും തനിക്ക് എല്ലാം ഓർമയിൽ വരുന്നുണ്ട്.. എല്ലാം നടന്നത് പോലെ തന്നെ.. അപ്പോൾ അതൊന്നും സ്വപ്നം അല്ല. ഇഷാനി തിരിച്ചറിഞ്ഞു
കോഫി ഗ്ലാസ്സിൽ എടുത്തു അവളുടെ അടുത്തേക്ക് വരുമ്പോൾ ആണ് ഇഷാനി ധൃതിയിൽ ബാഗ് എടുത്തു പുറത്തേക്ക് പോകാൻ തുടങ്ങുന്നത് അർജുൻ കണ്ടത്
‘നീയെന്താ ഒന്നും മിണ്ടാതെ പോകുന്നത്..? ദേ കോഫി കുടിക്ക് ആദ്യം..’
ഞാൻ അവൾക്ക് മുന്നിൽ കയറി നിന്ന് കോഫി നീട്ടി കൊണ്ട് പറഞ്ഞു
‘വേണ്ട..’
എന്റെ മുഖത്ത് നോക്കാതെ ഇഷാനി പറഞ്ഞു. മുന്നിൽ നിന്ന എന്നിൽ നിന്നും ഒഴിഞ്ഞു മാറി അവൾ വീണ്ടും പുറത്തേക്ക് പോകാൻ തുനിഞ്ഞു
‘എന്നാൽ നിക്ക്.. ഞാൻ കൊണ്ട് പോയി വിടാം..’
ഞാൻ കോഫി ജനൽപ്പടിയിൽ വച്ചിട്ട് പറഞ്ഞു