ഞാൻ ഇഷാനിയോട് ചോദിച്ചു.
‘ഇന്ന് പോകണോ..? ക്ലാസ്സ് കട്ട് ചെയ്തിട്ട്..? നമുക്ക് അവധി ഉള്ള ഏതെങ്കിലും ദിവസം പോകാം..?
ക്ലാസ്സ് കട്ട് ചെയ്യാനുള്ള മടി കൊണ്ട് ഇഷാനി ചോദിച്ചു
‘അവധി ദിവസം എല്ലാം നീ കടയിൽ അല്ലേ. മെഡക്സ് ഒന്നും നിന്റെ സൗകര്യത്തിന് വരില്ല. ഇപ്പോളൊക്കെയേ ഇത് കാണാൻ പറ്റൂ..’
ഞാൻ അവളെ നിർബന്ധിച്ചു. ലാസ്റ്റ് അവൾ സമ്മതിച്ചു. ഞാൻ ആ സന്തോഷത്തിൽ ബൈക്ക് വളച്ചു ഇഷാനി അതിൽ കയറാൻ തുടങ്ങുന്നതിനു തൊട്ട് മുമ്പാണ് കൃഷ്ണ വണ്ടിയുടെ മുന്നിലേക്ക് ഓടി വന്നത്.
‘എങ്ങോട്ടാ…?
കൃഷ്ണ ഓടി വന്ന കിതപ്പോടെ ചോദിച്ചു
‘മെഡക്സ്…’
ഇഷാനി പെട്ടന്ന് അവളോട് പറഞ്ഞു. ഞാൻ വേറെ എന്തെങ്കിലും കള്ളം പറഞ്ഞു അവളെ ഒഴിവാക്കിയേനെ. സാധാരണ അവൾ ചോദിച്ചാൽ അങ്ങനെ ഒന്നും മിണ്ടാത്ത ഇഷാനി ഇന്ന് കൃത്യമായി അവൾക്ക് ഉത്തരം കൊടുത്തിരിക്കുന്നു.. മൈര്…
‘എന്നിട്ട് നീ എന്നെ വിളിച്ചില്ലേ..?
കൃഷ്ണ ഒരു ശുണ്ഠിയോടെ എന്നെ നോക്കി
‘ഞാൻ നിന്നെ വിളിക്കാൻ പോകുവായിരുന്നു..’
ഞാൻ ചുമ്മാ പറഞ്ഞു
‘എന്നാൽ വാ പോകാം..’
അതും പറഞ്ഞു കൃഷ്ണ എന്റെ ബൈക്കിന്റെ പിറകിലേക്ക് ചാടി കയറി. അതൊരു വല്ലാത്ത ചെയ്ത്ത് ആയിപ്പോയി.. ഇഷാനിയുടെ അപ്പോളത്തെ മുഖം വല്ലാതെ വാടിയിരുന്നു.
‘ഇവൾക്കും വരണം എന്ന് പറഞ്ഞു. ഞാൻ അതാ ആലോചിച്ചത് നമ്മൾ മൂന്ന് പേരും കൂടി എങ്ങനെ പോകും എന്ന്..’
ഞാൻ ഇഷാനിയെ നോക്കി കൃഷ്ണയോട് പറഞ്ഞു
‘ആണോ.. ശേ… ഞാൻ ആണേൽ ഇന്ന് കാറിൽ അല്ല വന്നതും..’
കൃഷ്ണ നിരാശ മുഖത്ത് വരുത്തി പറഞ്ഞു
‘നീ സ്‌കൂട്ടിയിൽ അല്ലേ വന്നത്..? എങ്കിൽ അതെടുക്ക്.. ഞങ്ങൾ ഇതിലും വരാം..’
ഞാൻ അവളോട് പറഞ്ഞു
‘ഓ പോകുമ്പോൾ ഒരുമിച്ച് പോകണ്ടേ. രണ്ട് വണ്ടിയിൽ പോയാൽ ഒരു ഓളം ഇല്ലാ..’
അവൾ അത് അംഗീകരിക്കാതെ പറഞ്ഞു
‘ഞാൻ പിന്നെ പൊക്കോളാം.. നിങ്ങൾ പൊക്കോ..’
ഇഷാനി ഒരു മടുപ്പൻ സ്വരത്തിൽ പറഞ്ഞു