വീടിൻ്റെ പിന്നാമ്പുറത്ത് നിലത്തിരുന്ന് രണ്ട് കലം പഴങ്കഞ്ഞി അകത്താക്കി കൂലിയും വാങ്ങി സ്ഥലം വിടുന്ന ഒരു പാവത്താനായിരുന്നു അവൻ.
നല്ല ഒത്ത ആരോഗ്യമുളള ശരീരവും പറ്റ വെട്ടിയ മുടിയും ബലിഷ്ടമായ കൈകളുമായിരുന്നു അവൻ്റേത്.
പക്ഷേ ബുദ്ധി വളർച്ച നന്നേ കുറവായിരുന്നു പാവത്തിന്.
പാവം എന്ന് പറഞാൽ പഞ്ചപ്പാവം.
കണ്ടാൽ പേടി തോന്നുമെങ്കിലും ഒരു എറുമ്പിനെ പോലും നോവിക്കാൻ അവനറിയില്ലായിരുന്നു.
ഞങ്ങളെ എല്ലാം വല്യ കാര്യമായിരുന്നു അവന്.
ഡാ ഉറുമ്പാ എന്നാണ് ഞങ്ങൾ എല്ലാവരും അവനെ വിളിക്കാറ്.
വിളി കേട്ട് ചിരിച്ച് കൊണ്ട് തല ചൊറിഞ്ഞ് ഒരു പാവത്താൻ നിൽപ്പുണ്ട് കക്ഷിക്ക്.
പക്ഷേ ആദ്യമായിട്ട് ആളെ കണ്ടാൽ ആരും ഒന്ന് ഭയക്കുമായിരുന്നു.
“ഡാ നീ വല്ലതും കഴിച്ചായിരുന്നോ..??”
ഏടത്തിയുടെ ചോദ്യം കേട്ട് അവൻ തല ചൊറിഞ്ഞ് ഒന്ന് ഒച്ചാനിച്ചു.
“എന്നാ കൈയ്യും കാലും കഴുകി വാ,,,”
“വേണ്ടമ്പ്രാട്ടീ …. അടിയൻ പിന്നാമ്പുറത്ത് ഇരുന്നോളാം.”
“നിന്നോട് അകത്ത് വരാനല്ലെ ഉറുമ്പാ പറഞ്ഞത്. മര്യാദക്ക് വന്നേ,,,”
അവൻ മടിച്ച് നിന്നതും ഒരു കലം കഞ്ഞിയിൽ നെയ്യും മോരും ഒഴിച്ച് ഏടത്തി അവൻ്റെ കയ്യിൽ കൊടുത്തു.
“പറഞ്ഞാൽ മനസിലാവില്യ എന്ന് പറഞാൽ എന്താ ചെയ്യാ,,, നീ എവിടേലും പോയിരുന്ന് കഞ്ഞി കുടിക്ക്.”
“ഓ അമ്പ്രാട്ടി.”
“വീട് മേയാൻ ഓട് മേടിക്കാൻ ഞാൻ രൂപ അമ്മയെ ഏൽപിച്ചാരുന്നു പറഞ്ഞായിരുന്നോ അമ്മ.?? ”
“ഓ,,,”
“ഉം വേഗം കഞ്ഞികുടിച്ച് കഴിഞ്ഞ് വാ,,, വാഴക്കണ്ണ് വക്കാനായി ഒരു ഏഴെട്ട് കുഴി എടുക്കണം.”
“അടിയൻ,”
“ഉം എന്നാ പോയേച്ചും വേഗം വാ,,”
കഞ്ഞിക്കലവും പിടിച്ച് ഏടത്തിക്ക് മുന്നിൽ മുട്ടിന് താഴെയുള്ള മുശിഞ്ഞ ഒരു കൈലിയുമുടുത്ത് തോളിൽ ഒരു മുശിഞ്ഞ തോർത്തുമുണ്ടുമിട്ട് ഓച്ചാനിച്ച് നടന്ന് പോയ അവനെ കണ്ട ടിവി കണ്ടു കൊണ്ടിരുന്ന ഞങ്ങൾ ചെറുതായി ഒന്ന് ചിരിച്ചു.
കാലം എത്ര മാറിയിട്ടും പഴമ വിട്ട് മാറാത്ത അവനെ ഓർത്ത് അന്ന് പ്രീഡിഗ്രിക്ക് പഠിക്കുന്ന എനിക്ക് ശരിക്കും സങ്കടം തോന്നിപ്പോയി.
എന്നാലും ഞങ്ങൾ ചിരിച്ചതും ഏടത്തിക്ക് ആ ചിരി അത്ര അങ്ങ് പിടിച്ചില്ലായിരുന്നു.