ചേച്ചി : “നടക്കും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട, അവൾ വീണിട്ടുണ്ട്”
ഞാൻ : “ചേച്ചിക്കെന്താ ഇത്ര ഉറപ്പ്?”
ചേച്ചി : “നീ പൊങ്ങുകയൊന്നും വേണ്ട, എങ്കിലും പറയാം. കാണാൻ നീ മിടുക്കൻ. സ്വൽപ്പം ഗേളീഷ് ടൈപ്പ് കൂടുപ്പോയിട്ടുണ്ടെങ്കിലേ ഉള്ളൂ, മറ്റ് കുഴപ്പങ്ങളൊന്നുമില്ല.”
ഞാൻ : “ഉം ഉം, ബാക്കി”
ചേച്ചി : “കളിയായി പറഞ്ഞതല്ല; അവളുടെ മനസിൽ സൽസ്വഭാവിയും, സുന്ദരനും, അത്യാവശ്യം പഠിക്കുന്നവനും, വീട്ടുകാരുടെ ചൊല്ലുവിളിക്ക് നിൽക്കുന്നവനും ആയിരിക്കുമല്ലോ ഉണ്ടായിരിക്കുക; എല്ലാം പെൺകുട്ടികളേയും പോലെ?”
ഞാൻ : “ചേച്ചി, അവസാനം അസ്ഥിക്ക് കയറി പിടിക്കുമോ?”
ചേച്ചി : “നിന്റെ അസ്ഥിക്ക് പിടിച്ചാൽ ഞാനത് ചവിട്ടി ഒടിക്കും”
ഞാൻ : “അല്ല സത്യത്തിൽ ചേച്ചി ആർക്കെട്ടെങ്കിലും ചവിട്ടിയിട്ടുണ്ടോ?”
ചേച്ചി : “ഉം എന്താ?”
ഞാൻ : “എന്ത് പറഞ്ഞാലും എപ്പോഴും ചവിട്ട് എന്ന് പറയുന്നതു കൊണ്ട് ചോദിച്ചതാണ്”
ചേച്ചി : “ഉണ്ട്, 8 ബി യിലെ വിനയനിട്ട്”
ഞാൻ : “എന്നിട്ടോ?”
ചേച്ചി : “ഈ കഥയൊക്കെ നീ കേട്ടിട്ടുള്ളതല്ലേ?”
ഞാൻ : “എന്നാലും പറ?”
ചേച്ചി : “അവനെന്റെ മുടിയിൽ പിടിച്ച് വലിച്ചു.”
ഞാൻ സാകൂതം കേൾക്കുകയാണ്.
ചേച്ചി : “തിരിഞ്ഞ് ചെന്നതും കാലെടുത്ത് ഒരു ചവിട്ട്, കൊള്ളുമെന്ന് അവനും ഞാനും പ്രതീക്ഷിച്ചതല്ല! പക്ഷേ നല്ല ഒരെണ്ണം കിട്ടി. അവൻ താഴെ വീണു. എല്ലാവരും കൂടി അവനേയും എന്നേയും പിടിച്ചു മാറ്റി. അവൻ പരാതിപ്പെട്ടൊന്നുമില്ല. പക്ഷേ ക്ലാസ് തുടങ്ങിയപ്പോൾ ഏതോ കുശുമ്പൻ ടീച്ചറിനോട് വിളിച്ച് കൂവി. “രമ്യ വിനയനെ ചവിട്ടി നിലത്തിട്ടു ടീച്ചറേ” എന്ന്.”
ഞാൻ : “എന്നിട്ട്?”
ചേച്ചി : “എന്നിട്ടെന്താ ഞങ്ങളെ രണ്ടു പേരേയും സ്റ്റാഫ് റൂമിൽ വിളിപ്പിച്ചു. അവനിട്ടും എനിക്കിട്ടും കൈക്കിട്ട് 3 അടി വീതം കിട്ടി. അത്ര തന്നെ”
ഞാൻ : “പിന്നെയോ?”
ചേച്ചി : “അമ്മയോട് ആരോ ഈ കഥ പറഞ്ഞു. അമ്മ എന്ത് പറയാൻ. ചമ്മലായി പോയിക്കാണും. മകളൊരു ശൂർപ്പണഖ ആണെന്ന് നാട്ടുകാർ പറയുമല്ലോ എന്ന് കരുതി”