അവളുടെ കണ്മുന്നിൽ പോലും ചെന്നുപോവരുതെന്ന അവൾ അന്ന് പറഞ്ഞത്.
ആഷിക് : ഒരു തെറ്റിദ്ധാരണയുടെ പുറത്ത് പറ്റിയതല്ലേ
അവൾ അതിനു നിന്നോട് മാപ്പ് പറയാൻ വന്നിട്ടും നീയല്ലേ അത് വകവെക്കാതിരുന്നത്.
ഞാൻ : എങ്കിലും…. ആ എന്തേലും ഒക്കെ ആവട്ടെ… അവര് വരുമ്പോൾ എന്നെ നീ വിളിച്ചാൽ മതി ഞാൻ ഒന്ന് കിടക്കാൻ പോവാ.
ആഷിക് : ആ എന്നാ ഞാൻ പോയി എന്തേലും കഴിക്കാൻ വാങ്ങി വരാം.
ഞാൻ : ശെരി..
അതും പറഞ്ഞു ഞാൻ മുകളിലേക്ക് തന്നെ പോയി.
അവൻ വണ്ടിയും എടുത്ത് പോകുന്ന ശബ്ദവും കേട്ടു.
ഇന്നലെ വരെ ആരും ഇല്ലാതിരുന്ന എന്റെ ജീവിതത്തിൽ ദേ വീണ്ടും ഓരോ മാറ്റങ്ങൾ സംഭവിക്കുന്നു.
പണ്ടും അത് തന്നെയായിരുന്നു പക്ഷെ ഒരിക്കലും ഒന്നും ആഗ്രഹിച്ചിരുന്നില്ല.
ഇന്നിപ്പോൾ ഒരു വലിയ ചുമതല തന്നെ എനിക്ക് നിറവേറ്റാൻ ഉണ്ട്.
അത് അവരുടെ ആഗ്രഹം പോലെ തന്നെ എല്ലാം നല്ലരീതിയിൽ നോക്കി നടത്തുക എന്നത് തന്നെ ആണ്.
ഓരോന്ന് ആലോചിച്ചുകൊണ്ട് ഞാൻ അങ്ങനെ കിടന്നു.
എപ്പോഴോ ഉറക്കത്തിലേക്കും വഴുതി വീണിരുന്നു.
ആരോ അടുത്തിരുന്നു തേങ്ങി കരയുന്നത് പോലെ തോന്നിയിട്ടാവണം ഞാൻ ഉറക്കത്തിൽ നിന്നും എഴുന്നേറ്റത്.
കണ്ണ് തുറന്നപ്പോൾ കാണുന്നത് എനിക്ക് അരികിലായിരുന്നു തേങ്ങി കരയുന്ന ഐഷുവിനെ ആണ്.
എന്തോ വലിയ തെറ്റ് ചെയ്തത് പോലെ ആയിരുന്നു അവളുടെ മുഖ ഭാവം.
ഞാൻ കണ്ടിരുന്ന ഐഷു ഒരിക്കലും ഇങ്ങനെ ആയിരുന്നില്ല.
എപ്പോഴും ഒരു കുറുമ്പ് മുഖത്തൊളിപ്പിച്ചു കൊണ്ട് നടക്കുന്ന അവളിൽ ആ പഴയ കുറുമ്പും സന്തോഷവും ഒന്നും കാണാൻ പോലും ഇല്ലായിരുന്നു.
ഞാൻ എഴുന്നേറ്റത് പോലും അറിയാതെ ഇരുന്ന് തേങ്ങി കരയുകയാണ് പാവം.
അവൾ ആരോടെന്നില്ലാതെ എന്തൊക്കെയോ പറയുന്നതും കേൾക്കാം.
എന്താണ് പറയുന്നത് എന്നറിയാൻ ഞാൻ അവളുടെ വാക്കുകളിലേക്ക് കാതോർത്തു…