മുത്തശ്ശി : മോനു ഞാൻ കണ്ടിട്ടില്ല പക്ഷെ അത് കള്ളം ആണെന്ന് പറയുന്നത് നല്ലതല്ല എല്ലാവരും അത് ഇന്നും വിശ്വസിക്കുന്നുണ്ടേൽ അതിനു എന്തേലും കാരണം കാണുമല്ലോ?
ഞാൻ : അത് എന്തേലും ആവട്ടെ എനിക്ക് ആ കഥ ഒന്ന് കേട്ടാൽ മതി. അല്ലാതെ ഞാൻ യക്ഷിയുടെ പുറകെ പോവാൻ ഒന്നും പോണില്ല കേട്ടോ. മുത്തശ്ശിക്ക് അത് പറഞ്ഞു തരാൻ പറ്റുവോ ഇല്ലയോ അത് മാത്രം പറ.
മുത്തശ്ശി : പറഞ്ഞൊക്കെ തരാം പക്ഷെ ഒരു കാരണവശാലും നമ്മുടെ തറവാടിന് പുറത്തുള്ളവർ ഈ കഥ അറിയുകയോ ഇതിൽ പറയുന്നതൊന്നും പരീക്ഷിക്കുകയോ ഒന്നും ചെയ്യരുത് ആ ഒരു ഉറപ്പ് ഉണ്ടേൽ മുത്തശ്ശി മക്കൾക്ക് പറഞ്ഞു തരാം.
ഞാൻ : ഇല്ല മുത്തശ്ശി എന്നെ വിശ്വാസം ഇല്ലേ. പറ വര്ഷങ്ങളായി ആഗ്രഹിക്കുന്നത് ആണ് ഈ കഥ ഒന്നു കേൾക്കണം എന്ന് പറ എന്റെ ജാനു കുട്ടി 😊
മുത്തശ്ശി : പറയാം…
മുത്തശ്ശി എന്റെ നിർബന്ധത്തിന് വഴങ്ങി ആ കഥ പറയുവാൻ സമ്മതിക്കുമ്പോഴും എന്തെന്നില്ലാത്ത ഒരു ഭയം ആ മുഖത്ത് ഞാൻ കണ്ടിരുന്നു.
ഈ കാലഘട്ടത്തിലും ഈ പ്രേതത്തെയും യക്ഷിയെയും ഒക്കെ പേടിക്കുന്നവർ ഉണ്ടോ എന്നായിരുന്നു എന്റെ അത്ഭുതം.
മുത്തശ്ശി പേടിയോടെ ആണെങ്കിലും കഥ പറയാൻ തുടങ്ങി….
കഥയിലേക്ക്……….
മുത്തശ്ശിക്കും ആറു തലമുറ മുൻപാണ് ഈ സംഭവങ്ങൾ എല്ലാം നടക്കുന്നത്.
അന്നത്തെ നമ്മുടെ തറവാട്ടു കാരണവർ ആയിരുന്നു കേളു നായർ.
ദാനധർമിയും നാട്ടുകാരുടെ എല്ലാം കൺകണ്ട ദൈവവും ആയിരുന്ന വലിയ മുത്തശ്ശൻ തന്റെ സ്വന്തമായി ലഭിച്ച ഭൂസ്വത്തുക്കളിൽ എല്ലാവർക്കും തുല്യ അവകാശം ആണെന്ന് പറഞ്ഞുകൊണ്ട് അത് ജനങ്ങൾക്ക് തന്നെ വീതിച്ചു നൽകാൻ തീരുമാനിച്ചതറിഞ്ഞ കേളു അദ്ദേഹത്തെ ശക്തമായി തന്നെ എതിർത്തു.
താൻ അനുഭവിക്കേണ്ട സ്വത്തുക്കൾ ഇത്രയുംനാൾ തനിക്കടിമകൾ ആയി നടന്ന അടിയാളന്മാർ അനുഭവിക്കുന്നത് അദ്ദേഹത്തിന് ചിന്തിക്കാൻ പോലും സാധിക്കുന്ന കാര്യം അല്ലായിരുന്നു.
സ്വത്തുക്കൾ ഒന്നും ആർക്കും കൊടുക്കുന്നതിൽ തനിക്ക് താല്പര്യമില്ല എന്ന് അദ്ദേഹം വലിയ മുത്തശ്ശനെ അറിയിച്ചിരുന്നു എങ്കിലും ഒരു കാര്യം തീരുമാനിച്ചാൽ അത് നടപ്പിലാക്കിയിരിക്കും എന്ന് വാശിയുണ്ടായിരുന്ന അദ്ദേഹം കേളുവിന്റെ വാക്കുകൾക്ക് ഒരു വിലയും കൊടുത്തില്ല.