റോഷൻ അഞ്ജുവിനെ നോക്കി. വിമലിനെ എത്തിക്കാൻ തനിക്കൊപ്പം അവൾ മതിയാകും.. “അല്ല അവൾക്കൊപ്പം നീ മതിയാകും എന്നതാണ് കറക്റ്റ്”, അലവലാതി ഉടനടി തിരുത്തി… റോഷൻ പ്രമോദിനോട് വിട്ടോളാൻ പറഞ്ഞു. വേഗം തന്നെ ഇരുവരോടും യാത്ര പറഞ്ഞു, പ്രമോദ് ഇന്നോവയിൽ കയറി, സ്ഥലം കാലിയാക്കി.
“എന്നെ പിടി.. ക്കേണ്ടാ.. ഞാൻ ഫിറ്റൊ..ന്നുമല്ല.”, ഇന്നോവ ഗേറ്റ് കടന്നതും, അഞ്ജുവിന്റെ കൈ തട്ടി മാറ്റി വിമൽ വീണ്ടും പുലമ്പി.
അഞ്ജു: “ആണോ.. എന്നാ ശരി”
വിമലിന്റെ പറച്ചില് കേട്ട് അഞ്ജു തന്റെ കൈ രണ്ടും എടുത്തു. ഒപ്പം റോഷനോടും ഒന്ന് വിട്ടേക്കാൻ കണ്ണുകൊണ്ടു കാണിച്ചു. കാര്യം പിടികിട്ടിയില്ലെങ്കിലും റോഷൻ പറഞ്ഞപ്പടി പിടി അയച്ചു.
റോഷനേയും അഞ്ജുവിനേയും നോക്കി അമിതമായ ആത്മവിശ്വാസത്തിൽ ഒരു ചിരി ചിരിച്ചുകൊണ്ടു വിമൽ മുന്നോട്ട് നടക്കാൻ തുടങ്ങിയതും ബാലൻസ് നഷ്ട്ടപ്പെട്ട് അവൻ തലകുത്തി വീണതും ഒരുമിച്ചായിരുന്നു…✨
നിലത്ത് കിടക്കുന്ന വിമലിൽ നിന്നും കണ്ണെടുത്ത് റോഷൻ അഞ്ജുവിനെ ആശ്ചര്യത്തോടെ ഒന്നു നോക്കി. തന്നെ നോക്കുന്ന റോഷനോടായി അവൾ യാതൊരു ഭാവമാറ്റവുമില്ലാതെ കണ്ണുകൊണ്ടു ‘എന്താ’ എന്ന് തിരക്കി.
“ഒന്നുമില്ലേ…!” റോഷൻ അവളുടെ ആറ്റിട്യൂഡ് കണ്ടു ചെറിയ പേടിയോടെ തോളനക്കിക്കാണിച്ചു.
അഞ്ജു: “എന്നാ വാ.. പിടിച്ചോ” അഞ്ജുവും റോഷനും ചേർന്ന് വിമലിന്റെ ഇരുതോളുകളിലുമായി പിടിച്ചു മെല്ലെ പൊക്കി. ശേഷം ശബ്ദമുണ്ടാക്കാതെ അകത്തേക്ക് കയറാൻ തുടങ്ങി. ഹാളിൽ എത്തിയതും പെട്ടന്നവൾ റോഷനോട് ഒന്ന് നിൽക്കാൻ ആവശ്യപ്പെട്ടു. ഭാർഗ്ഗവി അടുക്കളയിൽ ഇരുന്നാണ് ഭക്ഷണം കഴിക്കുന്നത്. അമ്മ കാണാതെ വേണം അവനെ അവരുടെ മുറിയിൽ കൊണ്ട് കിടത്താൻ… അവളുടെ നോട്ടത്തിൽ നിന്നും തന്നെ റോഷന് ചെയ്യേണ്ടത് എന്തെന്ന് വ്യക്തമായി.
ഇരുവരും വീണ്ടും നടക്കാൻ തുടങ്ങിയതും, പെട്ടന്ന് അടുക്കളയിൽ നിന്നും ഭാർഗ്ഗവി ഉറക്കെ ചോദിച്ചു, “വിമലാണോഡാ..?”
വിമൽ : “ആ മ്മേ–”
“കൊളമാക്കല്ലേടാ മരമാക്രി”, എന്തോ പറയാൻ ഒരുമ്പെട്ട വിമലിന്റെ വായ ഉടനടി പൊത്തിപ്പിടിച്ചുകൊണ്ടു റോഷൻ മെല്ലെ പറഞ്ഞു.
ഇത് കേട്ടു ചിരി വന്നെങ്കിലും അഞ്ജു അതു അടക്കിപ്പിടിച്ചുകൊണ്ട് ഭാർഗ്ഗവിക്ക് ഉച്ചത്തിൽ മറുപടി നൽകി, ” അല്ലമ്മേ ഞാനാ..”