*** *** *** *** ***
വീട്ടിൽ, വിമലിന്റെ അമ്മ; ഭാർഗ്ഗവിക്ക് ചോറ് വിളമ്പിക്കൊടുത്ത ശേഷം അഞ്ജു വിമലിനെ ഒരിക്കൽ കൂടി ഡയൽ ചെയ്തു നോക്കി. റിംഗ് ചെയ്യുന്നുണ്ടെങ്കിലും ആരും ഫോൺ എടുക്കുന്നില്ല.
“അവൻ ഇതുവരെ എത്തിയില്ലേടി..?”, ചോറ് കഴിക്കുന്നതിനിടയിൽ ഭാർഗ്ഗവി ചോദിച്ചു. ഒപ്പം മറുപടി കേൾക്കാനായി തന്റെ പാതിമാത്രം കേൾവിയുള്ള ചെവി അവർ കൂർപ്പിച്ചുപിടിച്ചു.
“ഇപ്പോ വരും അമ്മേ”, ഭാർഗ്ഗവിക്ക് കേൾക്കാൻ വേണ്ടി അൽപം ഉച്ചത്തിൽ മറുപടി പറഞ്ഞുകൊണ്ട് അഞ്ജു വിമലിനെ ഒന്നൂടെ ഡയൽ ചെയ്തു. ഈ സമയം വിമലിന്റെ റിംഗ് ടോണും മീട്ടിക്കൊണ്ട്, ഒരു ഇന്നോവ അവരുടെ ഗേറ്റ് കടന്ന് വന്നെത്തി. അസമയത്ത് വരുന്ന പരിചയമില്ലാത്ത വണ്ടി നോക്കിയ അഞ്ജു, അതിനകത്ത് റോഷനാണെന്ന് കണ്ട് ഒന്നു പുഞ്ചിരിച്ചു. റോഷന് പിന്നാലെ പ്രമോദും ഇന്നോവയിൽ നിന്നും പുറത്തിറങ്ങി. റോഷൻ അഞ്ജുവിനെ നോക്കി ചിരിക്കണോ വേണ്ടയോ എന്ന ശങ്കയോടെ പുറകിലെ ഡോർ തുറന്നു. അതിനകത്ത് അടിച്ചു കിണ്ടിയായി കിടക്കുന്ന തന്റെ കണവനെ കണ്ടതും അഞ്ജു സ്ഥിരം കലാപരിപാടി എന്ന പുച്ഛഭാവത്തിൽ തന്റെ അരക്ക് കൈ കുത്തി നിന്നു.
“സോറി, ഇച്ചിരി ഓവറായിപ്പോയി”, വിമലിനെ താങ്ങിക്കൊണ്ട് റോഷൻ പറഞ്ഞു.
റോഷനും പ്രമോദും ചേർന്ന് വിമലിനെ വണ്ടിക്ക് വെളിയിലേക്കിറക്കിയതും, തന്റെ സാരിത്തുമ്പ് അരയിൽ കുത്തിക്കൊണ്ട് അഞ്ജു ഇറങ്ങിച്ചെന്ന് വിമലിന്റെ ഒരു തോളിൽ താങ്ങി.
വിമൽ : ” പ്രധാന മന്ത്രിയും.. രാജി വക്കണം” ബോധമില്ലാതെ വിമൽ വീണ്ടും വിളിച്ചു കൂവി. കേട്ട വഴിക്ക് അഞ്ജു കൈച്ചുരുട്ടി അവന്റെ തലക്ക് ഒരു കിഴുക്ക് കൊടുത്തു. ശേഷം, ഒച്ചയെടുക്കാൻ തുറന്ന അവന്റെ വായ ഉടനടി പൊത്തിപ്പിടിച്ചു.
“മിണ്ടാതെ പോയിക്കിടന്നോണം. അമ്മ ഉറങ്ങീട്ടില്ല.” അഞ്ജു കർക്കശസ്വരത്തിൽ പറഞ്ഞു. അവളുടെ പ്രയോഗം കണ്ട് പ്രമോദും റോഷനും ഒരു സെക്കന്റ് പരസ്പരം നോക്കി.
അമ്മ എന്ന് കേട്ടതും വിമൽ അബോധവസ്ഥയിലും നല്ല കുട്ടിയായി. അവന്റെ ആ മാറ്റം കണ്ടതും റോഷൻ അറിയാതെ ചിരിച്ചുപോയി. ഇത് കണ്ട അഞ്ജു റോഷനെ നോക്കിയും ഒന്ന് കണ്ണുരുട്ടി.
“എന്നാ ആശാനേ, ഞാൻ മെല്ലെ വിട്ടോട്ടെ”, വീട്ടിലെ മൊത്തത്തിലുള്ള അവസ്ഥ കണ്ടു പ്രമോദ് ചോദിച്ചു.