ഇന്നേരമത്രയും അവരുടെ കത്തിയും കേട്ടു നടന്ന റോഷൻ ആ പറഞ്ഞതിന് അറിയാതെ ചിരിച്ചു.
ശ്രുതി : “നീ ചിരിക്കണ്ടാ.. നിനക്കറിയില്ലല്ലോ അവളൊക്കെ എന്താ നിന്നെപ്പറ്റി പറയണേന്ന്..!”
“എന്താ പറയണേ..?”,അറിയാമെങ്കിലും അവളുടെ വായിൽ നിന്നും അത് കേൾക്കാനായി റോഷൻ ഒന്ന് കൊഞ്ചി. ഒപ്പം കളിയായി ശ്രുതിയുടെ വയറിൽ ഒന്നു ഇക്കിളി ഇടാനും അവൻ മറന്നില്ല. ഒപ്പം നടക്കുകയായിരുന്ന ശ്രീലക്ഷ്മി ഇത് കണ്ടു നാണത്തോടെ തന്റെ നോട്ടം മാറ്റി.
“കുന്തം.. അങ്ങനെ ഇപ്പോ മോൻ അറിയണ്ടാ..”, റോഷന്റെ പിള്ളകളി അത്ര പിടിക്കാതെ ശ്രുതി പറഞ്ഞു.
റോഷൻ : “ആണോ… പറയില്ലെങ്കിൽ വേണ്ടാ, ഞാൻ ഇവളോട് ചോദിച്ചോളാം. “എന്താ ശ്രീലക്ഷ്മി കാര്യം”, അവൻ ശ്രുതിയെ ശുണ്ഠി പിടിപ്പിക്കാനായിതന്നെ ശ്രീലക്ഷ്മിയുടെ അടുത്തേക്ക് നീങ്ങിപ്പറഞ്ഞു.
അവന്റെ ഉദ്ദേശശുദ്ധി പിടികിട്ടിയ ശ്രീലക്ഷ്മി അടക്കിപ്പിടിച്ച ചിരിയോടെ റോഷന്റെ തമാശക്ക് നിന്നു കൊടുത്തു. അന്നേരം ശ്രുതിയുടെ മുഖത്ത് ചെറിയൊരു കുശുമ്പ് തെളിഞ്ഞത്, റോഷൻ ഇടംകണ്ണിട്ട് കണ്ടാസ്വദിച്ചു. അപ്പോഴേക്കും അവർ നടന്നു കലുങ്കിന്റെ അടുത്ത് എത്തിച്ചേർന്നിരുന്നു.
“നാളെ പറഞ്ഞാ മതിയോ..?”, ശ്രീലക്ഷ്മി കളിയായി മറുപടി നൽകി.
“മതി.. പക്ഷെ പറയണം.. അല്ലാതെ ചിലരെപ്പോലെ മുഖം വീർപ്പിച്ചു നടക്കരുത്”, റോഷൻ അത് ശ്രുതി കേൾക്കാനായി അല്പം ഉച്ചത്തിലാണ് പറഞ്ഞത്.
“വിമലേ നീ വരുന്നുണ്ടോ..?”, ഇടതുവശത്തെ വഴിയിലേക്ക് കയറിക്കൊണ്ട് ശ്രുതി വിളിച്ചു ചോദിച്ചു. വിമൽ ഇതൊന്നും തന്നെ ബാധിക്കുന്ന വിഷയമല്ല എന്ന ഭാവത്തിൽ സിപ്പപ്പും നുണഞ്ഞു ശ്രുതിയുടെ കൂടെ നടന്നു. നടന്നു നീങ്ങിയ ശ്രുതി ഒരിക്കൽ കൂടി തിരിഞ്ഞു റോഷനെ നോക്കി കൊഞ്ഞനം കുത്തി. അവൻ അതുപോലെ തിരിച്ചും.
“എന്തിനാടാ വെറുതെ അവളെ വട്ടു കളിപ്പിക്കുന്നേ..?”, തന്റെ കൊലുസ്സും കിലുക്കി വരമ്പിലേക്ക് ഇറങ്ങവെ, ശ്രീലക്ഷ്മി പറഞ്ഞു.
റോഷൻ : “ഇതൊക്കെ ഒരു രസമല്ലേ..!”
ശ്രീലക്ഷ്മി ചിരിച്ചു. ഇരുവരും യാത്ര പറഞ്ഞു പിരിഞ്ഞു. സൈക്കിളും ഉന്തി നടന്നു നീങ്ങുമ്പോൾ റോഷന്റെ ശ്രദ്ധ മുഴുവൻ അകന്നകന്നു പോകുന്ന ശ്രീലക്ഷ്മിയുടെ കൊലുസ്സിന്റെ കിലുക്കത്തിൽ മാത്രമായിരുന്നു. കുറച്ചു ദൂരം ഒറ്റക്ക് സൈക്കിൾ ഉന്തി നീങ്ങിയ റോഷൻ, പെട്ടന്ന് കൊലുസ്സിന്റെ ശബ്ദം നിലച്ചതറിഞ്ഞ് ഒന്ന് നിന്നു. തിരിഞ്ഞു നോക്കി കൂടെ വന്നവരൊക്കെ പോയി എന്ന് ഉറപ്പിച്ച അവൻ ശേഷം ഒട്ടും തന്നെ അമാന്തിക്കാതെ തന്റെ സൈക്കിൾ ചേച്ചിയുടെ വീട്ടിലേക്കു തിരികെ തിരിച്ചു. *** *** *** *** ***