ദീപരാധന കഴിഞ്ഞു തിരക്കൊഴിയുന്ന നേരമത്രയും റോഷന്റെ കണ്ണുകൾ ആ പെൺകുട്ടിയെ പരതുകയായിരുന്നു. എന്നാലും ആരായിരുന്നു ആ കുറിയ സുന്ദരി..? ഈ കുറഞ്ഞ സമയം കൊണ്ട് തന്നെ ജീവിതത്തിൽ മറക്കാൻ കഴിയാത്ത വിധം ഒരനുഭവം അവളവന് സമ്മാനിച്ചു കഴിഞ്ഞിരുന്നു. അപ്പോഴാണ് കുറിയും തൊട്ടു പ്രമോദ് അവിടേക്ക് കടന്നു വന്നത്.
പ്രമോദ് : “എവിടെയായിരുന്നു ആശാനേ… ഒരു പോക്കായിരുന്നല്ലോ…”
റോഷൻ : “ഞാനല്ലല്ലോ പ്രമോദല്ലേ ഇപ്പോ വരാം എന്നും പറഞ്ഞു പോയത്”
പ്രമോദ് : “ഓഹ്.. ഞാനായിരുന്നല്ലേ…. സോറി ഞാൻ വിട്ടുപോയി”
അവൻ വെറും കിളിയല്ല, വെട്ടുകിളി അവസ്‌ഥയിലാണ് ഇപ്പോ ഒള്ളത് എന്ന് റോഷന് അവന്റെ രണ്ടേ രണ്ടു ഡയലോഗിൽ നിന്നും തന്നെ പിടികിട്ടി.
പ്രമോദ് : “ഞാൻ പോയാലെന്താ.. അതുകൊണ്ട് കോളടിച്ചത് ആശാന് തന്നെയല്ലേ…!”
പ്രമോദിന്റെ പറച്ചില് കേട്ടു റോഷൻ അറിയാതെ ഒന്ന് ഞെട്ടി.
“എന്താ നോക്കുന്നേ.. ഞാൻ കണ്ടു നിങ്ങളുടെ അവിടെ കിടന്നുള്ള പരാക്രമം. ആരായിരുന്നു ആ പെണ്ണ്..?” പ്രമോദ് സ്വകാര്യമെന്നോണം അവനോട് ചോദിച്ചു.
സത്യത്തിൽ പ്രമോദ് അത് ചോദിച്ചപ്പോൾ, പ്രമോദിനെപ്പോലെ മറ്റ് ആരെങ്കിലും ഇതേ കാഴ്ച്ച കണ്ടുകാണുമോ എന്നായിരുന്നു റോഷൻ ഭയന്നത്. തന്റെ കാര്യം പോട്ടേ.. അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ ആ പെൺകുട്ടിയുടെ അവസ്ഥ എന്താകും. ഒരുപക്ഷെ ഇവനെപ്പോലെ അവളുടെ ഭർത്താവോ, ചേട്ടനോ മറ്റോ കണ്ടിട്ടുണ്ടെങ്കിൽ.., അലവലാതി ചിന്തിച്ചു കാട് കയറാൻ തുടങ്ങി.
“പേടിക്കേണ്ടാ , വേറെ ആരും കണ്ടിട്ടില്ല.. മൊത്തം ഇരുട്ടല്ലേ… ഞാൻ തന്നെ ഇത് വച്ചാ അത് ആശാനാണെന്ന് മനസ്സിലാക്കിയേ..” റോഷന്റെ ഡ്രെസ്സിൽ, ഫ്ലൂറസന്റ് പച്ച നിറത്തിൽ തിളങ്ങുന്ന ‘MONSTER’ ചൂണ്ടി പ്രമോദ് പറഞ്ഞു. അതു കേട്ടതും എന്തോ ഒരു ആശ്വാസം റോഷന്റെ ഉള്ളിൽ വന്ന് നിറഞ്ഞു. അവൻ ആദ്യമായി പ്രമോദിനെ നോക്കി ഒന്നു ആത്മാർത്ഥമായി ചിരിച്ചു.
പ്രമോദ് : എന്നാ നമുക്ക് തിരിച്ച് വിട്ടാലോ…?
റോഷൻ തലകുലുക്കി. ഇരുവരും പാടത്തേക്ക് നടക്കാൻ ഒരുങ്ങി. പെട്ടന്ന് എന്തോ മറന്നത് പോലെ പ്രമോദ് ഒന്ന് നിന്നു.
പ്രമോദ് : ആശാനെ ഒരു സെക്കന്റ്… ഞാനീ ഫോൺ ഒന്നു ഏൽപ്പിച്ചിട്ട് വരാം. എന്റെ ഇനിയുള്ള അവസ്ഥക്ക് ഇതൊരു ബാധ്യതയാകാൻ ചാൻസ് ഉണ്ട്.