ശോഭനയുടെ കണ്ണിൽ നിന്നും ഉറക്കം മാറിനിന്നു.. അവൾ അടുത്തു കിടക്കുന്ന ലില്ലിയെ നോക്കി..
എന്റെ പൊന്നു മോൾ നല്ല ഉറക്കമാണ്.. റോയ്ച്ചൻ വരുന്നത് വരെ എന്റെ മക്കളും ഞാനും ഉറങ്ങാതെ ഉറങ്ങുക യായിരുന്നു..
അവനുണ്ട് ഞങ്ങൾക്ക് കാവലായി ധൈര്യം വന്നതോടെയാണ് എല്ലാം മറന്ന് ഉറങ്ങാൻ തുടങ്ങിയത്…
ശോഭന വീണ്ടും ലില്ലിയുടെ മുഖത്തേക്ക് നോക്കി.. നിഷ്കളങ്കമായ മുഖം.. അവളുടെ കവിളിൽ ഒരു ഉമ്മകൊടുത്തു ശോഭന…
അപ്പോളാണ് അത് കെട്ടത്…
മ്മേ യ്യോ ഹ്ഹ…
ആദ്യം നടുങ്ങി പോയി എങ്കിലും പെട്ടന്ന് അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു…
ചെറുക്കൻ മുറി തുറന്നു…!
താനും വർഷങ്ങൾക്ക് മുൻപ് ഇതുപോലെ കാറിയത് ശോഭന ഓർത്തു.. പക്ഷേ ആ നിലവിളി കേൾക്കാൻ രാപക്ഷികളും ചീവീടുകളും മിന്നാ മിന്നികളും മാത്രമേ ഉണ്ടായിരുന്നുള്ളു…
നേരം ഇരുട്ടിയപ്പോൾ സർപ്പാക്കാവിൽ വിളക്ക് വെയ്ക്കാൻ ഇറങ്ങിയതാണ്..
വിളക്ക് കൊളുത്തി.. നാഗ ദേവത മാരോടും തലയ്ക്കു മുകളിൽ നിൽക്കുന്ന കാർന്നോമാരുടെ ആത്മാ ക്കളോടും ക്ഷമ ചോദിച്ചു.. നേരത്തെ കൊണ്ടുവന്ന് വെച്ചിരുന്ന അത്യാവശ്യ തുണികൾ അടങ്ങിയ സഞ്ചി എടുത്തുകൊണ്ട് ഓടി…
അല്പ ദൂരെ കാത്തു നിൽക്കുന്ന നസ്രാണി ചെറുക്കനോട് പറഞ്ഞ വാക്ക് പാലിക്കാൻ വേഗത്തിൽ ഓടി..
ജീപ്പിൽ ഇരിക്കുന്ന ആളുടെ മുഖപോലും നോക്കാതെ കിതച്ചു കൊണ്ട് പറഞ്ഞു..
“പോ.. വേഗം പോ… ”
ഏതൊക്കെയോ റോഡുകൾ വളവുകൾ തിരിവുകൾ കവലകൾ ജീപ്പ് ഓടിക്കൊണ്ടേ ഇരുന്നു..
ഒരിടത്ത് വണ്ടി നിർത്തി..
“എന്താ.. ഇത് ഏത് സ്ഥലമാണ്..”
ഭയപ്പാടോടെ ചോദിച്ചു..
തുണി സഞ്ചി വയറ്റത്ത് ഇറുക്കി പിടിച്ചു കൊണ്ട് ഇരിക്കുന്ന എന്നെ നോക്കി ആ നസ്രാണി ചെറുക്കൻ ചിരിച്ചു..എന്നെ മയക്കിയ ചിരി…
“” പേടിക്കേണ്ടാ.. നമ്മൾ ഒരുപാട് ദൂരം പിന്നിട്ടു.. ഇത് പെരുവന്തനം.. വിശക്കുന്നില്ലേ.. നമ്മൾക്ക് ഇവിടുന്നു വല്ലതും കഴിക്കാം..ഒൻപത് മണിയായി ഇനി അങ്ങോട്ട് കടകൾ ഒന്നും കാണില്ല… ഇറങ്ങ്…””
“വേണ്ട.. എനിക്ക് പേടിയാ..”
“ശരി എന്നാൽ ഇവിടെ ഇരിക്ക്.. ഞാൻ വാങ്ങിക്കൊണ്ടു വരാം..”
നാലഞ്ചു നേന്ത്രപ്പഴവും ഒരു കടലാസ് പൊതിയിൽ കുറേ തണുത്ത പൊറോട്ടയും..