“ജൂലി—”
“എന്നോടും ഞങ്ങൾ എല്ലാവരോടും സ്നേഹം ഉണ്ടെങ്കിൽ മാത്രം മതി. ഇനി ചേട്ടന്റെ ഇഷ്ട്ടം.” അത്രയും പറഞ്ഞിട്ട് അവള്‍ എഴുനേറ്റ് കിച്ചനിലേക്ക് നടന്നു.
ഞാൻ വിഷമിച്ച് തലയാട്ടിക്കൊണ്ട് ചായ കുടിച്ചു തീര്‍ത്തു. എന്തു ചെയ്യണം എന്ന് കുറേനേരം ഞാൻ ആലോചിച്ചു.
അവസാനം ഒരു നെടുവീര്‍പ്പോടെ എഴുനേറ്റ് ചെന്ന് കുളിച്ച് റെഡിയായി ഡൈനിംഗ് റൂമിൽ ചെന്നപ്പോ സാന്ദ്ര അവിടെ ഉണ്ടായിരുന്നു.
എന്നെ കണ്ടതും അവളുടെ സങ്കടത്തിലായിരുന്ന മുഖം പ്രകാശിച്ചു. സന്തോഷം നിറഞ്ഞു കവിഞ്ഞു. ചുണ്ടില്‍ പുഞ്ചിരിയും കണ്ണില്‍ സ്നേഹവും നിറഞ്ഞു.
അവള്‍ക്കൊരു പുഞ്ചിരി ഞാൻ സമ്മാനിച്ചതും സാന്ദ്രയുടെ സന്തോഷം വര്‍ധിച്ചു.
“ചേട്ടൻ ഇരിക്കൂ, ഞാൻ വിളമ്പിത്തരാം.” അവൾ സന്തോഷത്തോടെ പറഞ്ഞു.
“നിങ്ങൾ മൂന്നുപേരും ഇരിക്കൂ, ഞാൻ വിളമ്പിത്തരാം.” അമ്മായിയുടെ സ്വരം ആയിരുന്നു അതു.
അന്നേരം അമ്മായിയും ജൂലിയും കിച്ചനിൽ നിന്നും ഇറങ്ങി വന്നു. പുഞ്ചിരിയോടെ ജൂലി എന്നെ നയിച്ച് സാന്ദ്രയ്ക്ക് എതിര്‍ വശത്തുള്ള കസേരയില്‍ ഇരുത്തിയ ശേഷം അവളും എന്റെ അടുത്തിരുന്നു.
ഉടനെ അമ്മായി ഞങ്ങൾക്ക് ദോശയും സാമ്പാറും വിളമ്പി തന്ന ശേഷം അവരും സാന്ദ്രയുടെ അടുത്തിരുന്ന് അവരുടെ പ്ലേറ്റിൽ ആവശ്യമുള്ളത് എടുത്തു.
ഞങ്ങൾ നാലുപേരും പരസ്പരം നോക്കി പുഞ്ചിരിച്ച ശേഷം കഴിക്കാൻ തുടങ്ങി.
“പിന്നേ, സാം മോനെ…?” ഇടക്ക് അമ്മായി വിളിച്ചത് കേട്ട് എന്റെ ഹൃദയം ഭയങ്കരമായി ഇടിച്ചു പിടച്ചു.
ആശങ്കയോടെ ഞാൻ തലയുയർത്തി അവരെ നോക്കി. ജൂലിയും സാന്ദ്രയും ചെറിയൊരു ടെൻഷനോടെ എന്നെയും അമ്മായിയുടെ മുഖത്തും മാറിമാറി നോക്കി.
അമ്മായിയുടെ ചുണ്ടില്‍ പുഞ്ചിരി നിറഞ്ഞു നിന്നത് കണ്ടപ്പോ എനിക്ക് ആശ്വാസം തോന്നിയെങ്കിലും ഉള്ളില്‍ ഭയം ഉണ്ടായിരുന്നു.
“ഇന്നു സ്കൂൾ ടൂര്‍ പോകുന്നത് കൊണ്ട് ഉച്ചവരെ മാത്രമേ ക്ലാസുള്ളു. വൈകിട്ട് ഏഴു മണിക്കാണ് സ്കൂളിൽ നിന്നും ഞങ്ങളുടെ വണ്ടി തിരിക്കുന്നത്. കുട്ടികള്‍ 6:50ഇന് എത്തിയാല്‍ മതി പക്ഷേ എനിക്കും ടീച്ചേസിനും ആറ് മണിക്ക് മുന്നേ സ്കൂളിൽ എത്തി എല്ലാം അറേഞ്ച് ചെയ്യാനുണ്ട്. അതുകൊണ്ട് മോന് ബുദ്ധിമുട്ട് ഇല്ലെങ്കില്‍ എന്നെ സ്കൂളിൽ കൊണ്ട് വിടാമോ..?”
“അതിനെന്താ, അമ്മായി… ഞാൻ കൊണ്ട് വിടാം.” ആശ്വാസത്തോടെ ഞാൻ സമ്മതം പറഞ്ഞു. “പിന്നേ എത്ര മണിക്ക് ഇവിടെ നിന്ന് ഇറങ്ങണം…?” ഞാൻ ചോദിച്ചു.