എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. വിഷാദത്തിൽ തലയും കുടഞ്ഞു ഞാൻ ഹാളിലേക്ക് നടന്നു. ശബ്ദം ഉണ്ടാക്കാതെ പ്രധാന വാതിൽ തുറന്ന് ഞാൻ പുറത്തിറങ്ങിയ ശേഷം എന്റെ സ്പെയർ കീ ഉപയോഗിച്ച് വാതില്‍ പൂട്ടി.
ശേഷം ബൈക്ക് തള്ളി ഗേറ്റിന് പുറത്ത് കൊണ്ടുപോയ ശേഷം സ്റ്റാര്‍ട്ട് ചെയ്ത് ലക്ഷ്യമില്ലാതെ മനസ്സ് പോയ പോക്കിൽ വണ്ടി വിട്ടു. ഇടക്ക് ഏതോ ഫ്യൂയല്‍ സ്റ്റേഷനിൽ നിന്നും ഫുൾ ടാങ്ക് നിറച്ച ശേഷം പിന്നെയും ലക്ഷ്യം ഇല്ലാതെ വിട്ടു.
രാവിലെ ആറര കഴിഞ്ഞിട്ടും എന്റെ വണ്ടി എങ്ങും നില്‍ക്കാതെ പതിയെ ഓടിക്കൊണ്ടിരുന്നു. ഏഴു മണിക്ക് ഏതോ ചെക്ക് പോയിന്റിൽ നിന്നും ഹെൽമറ്റ് ഇല്ലാത്തതിന് പെറ്റി അടച്ചിട്ട് പിന്നെയും ലക്ഷ്യം ഇല്ലാതെ നീങ്ങി.
അവസാനം വഴിയില്‍ കണ്ട തട്ടുകടയിൽ നിർത്തി ഒരു സ്ട്രോങ്ങ് ചായ കുടിച്ചിട്ട് ബൈക്കില്‍ വെറുതെ കേറി ഇരുന്നു. കടയ്ക്ക് പുറത്ത് ഒരു മൂലയില്‍ ഉറങ്ങി കിടന്ന ഒരു ഭിക്ഷക്കാരി പെട്ടന്ന് ഉണര്‍ന്നു ആറോ ഏഴോ വയസ്സായ സ്വന്തം കുഞ്ഞിനെ ഉണര്‍ത്തി.
പോറ്റാന്‍ കഴിയാത്ത ഭിക്ഷക്കാരിക്ക് പോലും കുഞ്ഞുണ്ട്. പക്ഷേ എനിക്ക് കുഞ്ഞില്ല. എന്റെ കണ്ണുകൾ പെട്ടന്ന് നിറഞ്ഞു വന്നു. വേഗം അതിനെ തുടച്ചു കൊണ്ട് ഞാൻ എഴുനേറ്റ് ആ സ്ത്രീയുടെ നേരെ നടന്നതും അവർ പ്രതീക്ഷയോടെ എന്നെ നോക്കി.
എന്റെ ഫോഴ്‌സ് തുറന്ന് നാലോ അഞ്ചോ അഞ്ഞൂറിന്റെ നോട്ടുകൾ പരിസരത്തുള്ള ആളുകൾ കാണാതെ പതിയെ എടുത്തു മറ്റാര്‍ക്കും മനസ്സിലാവാത്ത രീതിക്ക് അതിനെ ചുരുട്ടി ഞാൻ ആ ഭിക്ഷക്കാരിയുടെ നേര്‍ക്ക് നീട്ടി. ഞാൻ ചെയ്യുന്നത് അവർ നേരത്തെ കണ്ടത് കൊണ്ട് കാശ് ഒരുപാടുണ്ടെന്ന് മനസ്സിലാക്കി അവർ ആ കാശിനെ വേഗം അവരുടെ അഴുക്ക് സഞ്ചിയിലാക്കി. എന്നിട്ട് അവർ നന്ദിപൂര്‍വം എന്നെ നോക്കി.
പക്ഷേ ഞാൻ അവിടേ നിന്നില്ല. വേഗം നടന്ന് പിന്നെയും ബൈക്കില്‍ കേറി ഇരുന്നു. എത്ര നേരം പ്രതിമ പോലെ ഇരുന്നു എന്നറിയില്ല, ഒരു കോൾ വന്നപ്പോഴാണ് ഞാൻ ഞെട്ടി ഉണര്‍ന്ന് മൊബൈൽ എടുത്തു നോക്കിയത്.
സമയം ഒന്‍പതര കഴിഞ്ഞോ….? താല്‍ക്കാലികമായി ഉപയോഗശൂന്യം ആയിരുന്നു എന്റെ തലച്ചോറിനെ തല കുടഞ്ഞ് പ്രവര്‍ത്തിപ്പിച്ചു കൊണ്ട് ജൂലിയുടെ കോൾ ഞാൻ എടുത്തു.