“അവളുടെ നാവിന് കട്ടി കൂടുതൽ എന്ന ഡോക്ടര്‍ പറഞ്ഞേ. പേടിക്കാനില്ല എന്നും, നല്ലോണം സംസാരിക്കാന്‍ അല്‍പ്പം താമസിക്കും എന്നും പറഞ്ഞു. പിന്നെ എപ്പോഴും അവളോട് എന്തെങ്കിലും ഒക്കെ സംസാരിക്കണം എന്നും, അവളെ കൊണ്ട് എപ്പോഴും കടുപ്പമുള്ള വാക്കുകളെ പറയപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കാനും ഉപദേശിച്ചു.”
പറഞ്ഞു കഴിഞ്ഞിട്ട് ആന്റി എന്റെ വാട്സാപ്പിൽ ലിസ്റ്റ് അയച്ചു തന്നിട്ട് ആന്റിയുടെ റൂമിൽ ചെന്ന് കാശും എടുത്തോണ്ട് വന്ന് എന്നെ ഏല്പിച്ചു.
ഞാൻ കിങ്ങിണി മോളെയും ബൈക്കില്‍ ഇരുത്തി വണ്ടി വിട്ടു. കിങ്ങിണി സന്തോഷത്തോടെ എന്തൊക്കെയോ അവളുടെ കൊഞ്ചുന്ന സ്വരത്തില്‍ പറയുന്നുണ്ടായിരുന്നു. എനിക്ക് പകുതിയും മനസ്സിലായില്ല. പക്ഷേ മനസ്സിലായ വാക്കുകൾ കൊണ്ട് ബാക്കി കാര്യങ്ങൾ ഞാൻ ഊഹിച്ചെടുത്തു. ഞാനും അവളോട് എന്തൊക്കെയോ പറഞ്ഞുകൊണ്ട് വണ്ടി ഓടിച്ചു. എനിക്ക് പെട്ടന്ന് സുമി മോളെ ഓര്‍മ്മ വന്നു. എത്ര ദിവസമായി അവളെ കണ്ടിട്ട്…? എത്രയും വേഗം അവിടെ ചെന്ന് അവളെ കാണണം. അവളെയും കൂട്ടി ഇതുപോലെ ഒന്ന് കറങ്ങണമെന്ന് ഞാൻ തീരുമാനിച്ചു.
അവസാനം ലിസ്റ്റ് പ്രകാരമുള്ള സാധനങ്ങള്‍ ഒക്കെ വാങ്ങി. ശേഷം കിങ്ങിണി മോൾക്ക് എന്റെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് വിലയുയർന്ന കുറെ സമ്മാനങ്ങളും പിന്നേ കഴിക്കാനുള്ള ഒരുപാട് സാധനങ്ങളും വാങ്ങിച്ചു.
പക്ഷേ എല്ലാ സാധനങ്ങളും ബൈക്കില്‍ കൊണ്ടുവരാന്‍ കഴിയാത്തത് കൊണ്ട് പെട്ടി ഓട്ടോ പിടിച്ച് എല്ലാം അതിൽ കേറ്റി.
വീട്ടില്‍ എത്തിയതും എല്ലാം മുറ്റത്ത് ഇറക്കി വച്ചിട്ട് കാശും കൊടുത്ത് ഓട്ടോയെ പറഞ്ഞുവിട്ടു. അപ്പോഴേക്കും എന്റെ ബൈക്കിന്റെ ശബ്ദം കേട്ട് ആന്റി പുറത്തേക്ക് വന്നായിരുന്നു. പക്ഷേ ജൂലിയും ദേവിയും മാത്രം പുറത്തേക്ക് വന്നില്ല.
ഈശ്വരാ, അവർ തമ്മില്‍ പ്രശ്നം ഒന്നും ഉണ്ടാവല്ലേ…!! മനസ്സിൽ ഞാൻ പ്രാര്‍ത്ഥിച്ചു.
“എത്തിയോ മോനെ..!!” ചോദിച്ചു കൊണ്ട് എല്ലാ സാധനങ്ങളും അകത്തേക്ക് എടുക്കാൻ ആന്റി സഹായിച്ചു. കിങ്ങിണി മോൾ വിരണ്ടു നടക്കാൻ തുടങ്ങി… അവളുടെ സാധനങ്ങള്‍ എല്ലാം വേഗം ഹാളില്‍ കൊണ്ട് വച്ച് കൊടുക്കാന്‍ എന്ന പോലെ.
കിങ്ങിണി മോൾക്ക് ഞാൻ വാങ്ങിയ കളിപ്പാട്ടങ്ങള്‍ കണ്ട് ആന്റി വഴക്കു പറയും എന്നാണ് കരുതിയത്. പക്ഷേ ഭാഗ്യത്തിന് ആന്റി ഒന്ന് അന്തിച്ചു നിന്നു എന്നല്ലാതെ വഴക്ക് ഒന്നും പറഞ്ഞില്ല.