“ആ രണ്ട് കള്ളികളും കതകും പൂട്ടി എന്തോ കാര്യമായ രഹസ്യം പറച്ചിലാണ്… എന്നെ അകത്ത് പോലും കേറ്റിയില്ല…!!” എന്റെ ചെകിട് കോട്ടി ഞാൻ പറഞ്ഞതും ആന്റി പൊട്ടിച്ചിരിച്ചു.
“ശെരി, നീ ഇവിടെ എന്റെ കൂടെ നിന്നോ. ഞാൻ നിന്നെ പുറത്താക്കില്ല..” ആന്റി പറഞ്ഞിട്ട് കിച്ചൻ സ്ലാബിൽ വച്ചിരുന്ന ആന്റിയുടെ മൊബൈൽ എടുത്ത് ഏതോ നമ്പര്‍ തിരക്കുന്നത് കണ്ടു.
“ആര്‍ക്കാ ആന്റി വിളിക്കുന്നെ..?”
“അടുത്തുള്ള സൂപ്പർ മാര്‍ക്കറ്റിൽ. കുറച്ച് സാധനങ്ങള്‍ വേണമായിരുന്നു. വിളിച്ചു പറഞ്ഞാൽ അവർ കൊണ്ടുവരും. പിന്നെ ഇറച്ചി കടയിലും വിളിക്കണം.”
“അതൊന്നും വേണ്ട ആന്റി. ഞാൻ പോയി വാങ്ങിക്കൊണ്ടു വരാം.” ആന്റിയുടെ ഫോൺ തട്ടിപ്പറിച്ച് ഞാൻ സ്ലാബിൽ തന്നെ വച്ചു.
ഉടനെ ആന്റി രണ്ട് എളിയിലും കൈകൾ കുത്തി എന്നെ തുറിച്ചുനോക്കി.
“എങ്ങനെ തുറിച്ചു നോക്കിയിട്ടും കാര്യമില്ല. ഈ നില്‍പ്പ് കണ്ടിട്ട് പേടി ഒന്നും തോന്നുന്നില്ല, ചിരിയാണ് വരുന്നത്.”
ഉടനെ ആന്റി പുഞ്ചിരിയോടെ തലയാട്ടി.
“ശെരി ഞാൻ ലിസ്റ്റും കാശും തരാം. നി ചെന്ന് വേഗം വാങ്ങിക്കൊണ്ട് വാ.” പറഞ്ഞിട്ട് ആന്റി എന്റെ മൊബൈൽ നമ്പര്‍ ചോദിച്ച് സേവ് ചെയ്ത ശേഷം ലിസ്റ്റ് ടൈപ്പ് ചെയ്യാൻ തുടങ്ങി.
അന്നേരം കിങ്ങിണി ബൈക്കും ഓടിച്ച് കിച്ചനിൽ വന്നു.
“ആഹാ, കിങ്ങിണി മോളെയും അവർ പുറത്താക്കിയോ..?” ചിരിച്ചു കൊണ്ട് ഞാൻ ചോദിച്ചു.
അപ്പോൾ കിങ്ങിണി എന്തൊക്കെയോ കൊഞ്ചി പറഞ്ഞുകൊണ്ട് എന്നെ ചുറ്റി ചുറ്റി ബൈക്ക് ഓടിച്ചു കളിച്ചു.
“കിങ്ങിണി മോളെ, അങ്കിള്‍ കറങ്ങാൻ പോകുവാ. നീ വരുന്നോ കൂടെ…?” ആ രണ്ടര വയസ്സുകാരിയോട് ഞാൻ ചോദിച്ചതും അവള്‍ ഉടനെ ബൈക്ക് നിര്‍ത്തി.
എന്നിട്ട് വെപ്രാളം പിടിച്ച് താഴെ എങ്ങനെയോ ഇറങ്ങിയ ശേഷം ഓടിവന്ന് എന്റെ കാലിനെ കെട്ടിപിടിച്ചു. ഉടനെ ഞാൻ അവളെ തൂക്കി എടുത്തു.
അപ്പോൾ ആന്റി കിങ്ങിണിയെ വാത്സല്യപൂർവ്വം ഒന്ന് നോക്കി പുഞ്ചിരിച്ച ശേഷം ടൈപ്പിങ് തുടർന്നു.
“രണ്ടര വയസ്സ് ആയല്ലോ ആന്റി. ഇവള്‍ എന്താ അധികം സംസാരിക്കാത്തെ…?” ആന്റിയോട് ചോദിച്ച ശേഷം കിങ്ങിണിയുടെ മുടി ഒതുക്കി ബോ ഞാൻ നേരെ വച്ചു കൊടുത്തു.