“കിങ്ങിണി മോളെ, ഈ ആന്റിയെ മോൾക്ക് ഇഷ്ട്ടമായോ…?” ദേവി ചോദിച്ചു.
“ആം… ഇഷ്ടായി” കിങ്ങിണി ഇളകിയാടി ചിരിച്ചു.
“ശെരി നിങ്ങൾ സംസാരിച്ചിരിക്കു… ഞാൻ കുടിക്കാന്‍ എന്തെങ്കിലും എടുക്കാം.” പറഞ്ഞിട്ട് ദേവി എഴുനേറ്റു പോയി.
ശേഷം ആന്റിയും ജൂലിയും പല വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയ അമ്മയും മകളും പോലെ സംഭാഷണത്തിൽ ഏര്‍പ്പെട്ടത് എന്നെ ആശ്ചര്യത്തിൽ ആഴ്ത്തി. വെറും സെക്കണ്ടുകൾ മാത്രമാണ് വേണ്ടിവന്നത്, ആന്റിയും ജൂലിയും തമ്മില്‍ ആത്മബന്ധം സൃഷ്ടിക്കാൻ.
ഇനി എനിക്കിവിടെ റോള്‍ ഇല്ലെന്ന് മനസ്സിലായി, കാരണം ഞാൻ ഇവിടെ ഉള്ളത് പോലും മറന്നാണ് അവരുടെ വാചാലം. അതിനാല്‍ ഞാൻ എന്റെ മൊബൈൽ എടുത്ത് വെറുതെ കുത്തിക്കൊണ്ടിരുന്നു. കിങ്ങിണിക്ക് ബോര്‍ അടിച്ചെന്ന് തോനുന്നു, അവള്‍ ജൂലിയുടെ മടിയില്‍ നിന്നിറങ്ങി ഹാളിന്‍റെ മൂലയില്‍ നിർത്തിയിരുന്ന അവളുടെ ബൈക്കിന് നേരെ ഓടി. എന്നിട്ട് അതിൽ കേറി ഓടിച്ചു കളിക്കാന്‍ തുടങ്ങി.
ഹും, കിങ്ങിണി പോലും എന്നെ മൈന്റ് ചെയ്യുന്നില്ല. എന്റെ നീരസം മറച്ചു കൊണ്ട് മൊബൈലില്‍ ഞാൻ കുത്തി കളിച്ചു.
ഇരുപത് മിനിറ്റ് കഴിഞ്ഞ് ദേവി കട്ടിയുള്ള മാമ്പഴം ജ്യൂസും നേന്ത്രപ്പഴവും കൊണ്ടുവന്ന് എല്ലാവർക്കും തന്നു.
അതുകഴിഞ്ഞ് ഭാഗ്യത്തിന് എന്നെയും അവരുടെ കൂട്ടത്തിൽ കൂട്ടി. ഞങ്ങൾ നാലുപേരും തമാശയും കാര്യങ്ങളും പറഞ്ഞിരുന്നു.
ഒരു മണിക്കൂര്‍ അങ്ങനെ കൊഴിഞ്ഞു നീങ്ങിയത് പോലും ഞങ്ങൾ അറിഞ്ഞില്ല.
അപ്പോഴാണ് ജൂലി ദേവിയോട് ആവശ്യപ്പെട്ടത്, “ദേവിയുടെ കല്യാണ ആൽബം ഇവിടെ ഇല്ലേ, ഉണ്ടെങ്കിൽ കാണിച്ച് തരാമോ..?”
“ഉണ്ടല്ലോ. ജൂലി വാ, നമുക്ക് റൂമിൽ ഇരുന്നു കാണാം.” അതും പറഞ്ഞ് ദേവി ജൂലിയെ കൂട്ടിക്കൊണ്ടു പോയി.
ഈശ്വരാ… ജൂലി എന്തോ കരുതിക്കൂട്ടി ആണല്ലോ..!! എന്താണ് അവളുടെ ഉദ്ദേശം..? എനിക്ക് ഭയങ്കര ടെൻഷനും തലവേദനയും ഒരുമിച്ചു വന്നു.
“നിനക്ക് പറ്റിയ പെണ്ണ് തന്നെയാ, ജൂലി മോള്. എന്തു സുന്ദരിയ.. എത്ര ചേര്‍ച്ചയ നിങ്ങൾ തമ്മില്‍. നേരിട്ട് കണ്ടപ്പോ സാക്ഷാൽ സരസ്വതിയെ പോലുണ്ട്.” ആന്റി പറഞ്ഞത് കേട്ടാണ് എന്റെ ചിന്തയില്‍ നിന്നുണർന്നത്. “എനിക്ക് അവളെ ശെരിക്കും ബോധിച്ചു, ട്ടോ. കിങ്ങിണിക്ക് പോലും കണ്ട ഉടനെ ഇഷ്ട്മായെന്ന് വിശ്വസിക്കാനേ കഴിയുന്നില്ല.” ആന്റി പുഞ്ചിരിയോടെ ജൂലിയും ദേവിയും പോയ വഴിയെ നോക്കി.