അതിനുശേഷം ജൂലി ഒരുപാട് കാര്യങ്ങൾ എന്നോട് ചോദിച്ചു. ഞാനും എല്ലാറ്റിനും മറുപടി കൊടുത്തു കൊണ്ട് ബൈക്ക് ഓടിച്ചു. അവസാനം ദേവിയുടെ വീട്ടിനു മുന്നില്‍ എത്തിയതും ജൂലി ഇറങ്ങി ഗേറ്റ് തുറന്നു. ഞാൻ അകത്ത് കേറ്റിയതും അവള്‍ ഗേറ്റ് പൂട്ടിയ ശേഷം പിന്നെയും ബൈക്കില്‍ കേറിയിരുന്നു.
പുറത്ത് ആരും തന്നെ ഇല്ലായിരുന്നു. പക്ഷേ എന്റെ ബുള്ളറ്റിന്റെ ശബ്ദം കേട്ടിട്ട് വീടിന്റെ വാതിൽ തുറന്ന് ആന്റി ധൃതിയില്‍ പുറത്തേക്ക് വന്നത് കണ്ടു. തൊട്ടു പുറകെ ദേവിയും ഉണ്ടായിരുന്നു. കിങ്ങിണിയും പുറത്തേക്ക് ഓടി വന്നു.
എന്നെ കണ്ടതും ആന്റിയുടെ മുഖത്ത് സന്തോഷം പടർന്നു. ആന്റി ചിരിച്ചു. ഒന്നും മനസ്സിലാവാതെ ദേവി അന്തിച്ചു നിന്നു.
“എന്തിനാ ബൈക്കില്‍ തന്നെ ഇരുന്നു കളഞ്ഞത്.. ഇറങ്ങി വാ സാം. അകത്ത് വാ ജൂലി മോളെ. നിന്നെ കുറിച്ച് സാം ഒരുപാട് പറഞ്ഞിട്ടുണ്ട്. നിന്റെ ഫോട്ടോയും ഞങ്ങൾക്ക് കാണിച്ച് തന്നിട്ടുണ്ട്. പക്ഷേ നേരിട്ട് കാണാന്‍ നീ മാലാഖ തന്നെയ, മോളെ.” ആന്റി സന്തോഷത്തോടെ പറഞ്ഞു.
ജൂലി പുഞ്ചിരിയോടെ ബൈക്കില്‍ നിന്നും ഇറങ്ങി. അന്നേരം കിങ്ങിണി എന്റെ അടുത്തേക്ക് ഓടി വന്ന് രണ്ടു കൈയും ഉയർത്തി പിടിച്ചു.
ജൂലി വാത്സല്യപൂർവ്വം കിങ്ങിണിയെ നോക്കി. എന്നിട്ട് അവളെ സ്നേഹത്തോടെ പുറകില്‍ നിന്നും തൂകി എടുത്ത് അവളെ തിരിച്ച് ജൂലി സ്വന്തം ദേഹത്തോട് ചേര്‍ത്തു പിടിച്ചു.
കിങ്ങിണി കരയും എന്നാണ് ഞാൻ കരുതിയത്. പക്ഷേ അവൾ മുഖത്തെ പിന്നോട്ട് നീക്കി ജൂലിയെ ഒന്ന് നോക്കി. എന്നിട്ട് എല്ലാവരെയും ആശ്ചര്യപ്പെടുത്തി കൊണ്ട് അവൾ സന്തോഷത്തോടെ കുണുങ്ങി ചിരിച്ച ശേഷം ജൂലിയുടെ കഴുത്തിനെ കെട്ടിപിടിച്ചു കൊണ്ട് പമ്മി കിടന്നു. ജൂലി ചിരിച്ചുകൊണ്ട് ആന്റിയും ദേവിയുടെയും അടുത്തേക്ക് നടന്നു.
ഞാൻ അന്തം വിട്ട് പതിയെ ബൈക്കില്‍ നിന്നിറങ്ങി അവിടെതന്നെ നിന്നു. ആന്റിയും ദേവിയും ആശ്ചര്യത്തോടെ ജൂലിയെ കെട്ടിപിടിച്ചു തോളില്‍ കിടക്കുന്ന കിങ്ങിണിയെ ഒന്ന് നോക്കി. എന്നിട്ട് പരസ്പരം മിഴിച്ചു നോക്കി. ശേഷം എന്റെ മുഖത്തും അവരുടെ നോട്ടമെത്തി. അവസാനം ജൂലി അവരുടെ മുന്നില്‍ പോയി നിന്നതും സ്ത്രീകൾ മൂന്നുപേരും പരസ്പരം നോക്കി. എന്നിട്ട് ദീര്‍ഘ കാലത്തെ അടുപ്പമുള്ളത് പോലെ ഹൃദ്യമായി പുഞ്ചിരിച്ചു.