“ഞാൻ ചെന്ന് സംസാരിക്കാം, ജൂലി. അവർ എന്നെ അവഗണിച്ചാലും, അവരൊക്കെ എന്നോട് തിരികെ സംസാരിക്കുന്നത് വരെ ഒരു കിഴങ്ങനെ പോലെ കൈയും കെട്ടി അവരുടെ പിന്നാലെ ഞാൻ നടക്കാം. നിനക്ക് അതാണ് വേണ്ടതെങ്കിൽ, ഞാൻ ഏൽക്കുന്ന അപമാനം ഒക്കെ നിനക്ക് താങ്ങാന്‍ കഴിയുമെങ്കില്‍, നിനക്കുവേണ്ടി അവരോട് ചെന്ന് ഞാൻ സംസാരിക്കാം.” വേദനയോടെ ഞാൻ പറഞ്ഞു.
ഞാൻ പറഞ്ഞത് കേട്ട് ജൂലിയുടെ കണ്ണുകൾ നിറഞ്ഞു. സങ്കടം തുളുമ്പി. ആ ചോദ്യം വേണ്ടായിരുന്നു എന്ന് അവളുടെ കണ്ണില്‍ നിന്നും ഞാൻ മനസ്സിലാക്കി. അവൾ വേഗം മിഴികള്‍ തുടച്ചു.
“എന്നെ ഒഴികെ വേറൊരു പെണ്ണിനെയും ചേട്ടൻ തൊടരുത് എന്ന് ആവശ്യപ്പെട്ടാല്‍….??” എന്റെ കണ്ണില്‍ സൂക്ഷിച്ചു നോക്കിക്കൊണ്ട് അവള്‍ ചോദിച്ചു.
ഈ ചോദ്യം ഞാൻ പ്രതീക്ഷിച്ചാണ്. അതുകൊണ്ട് നേരത്തെ എന്റെ മനസ്സിനെ ഞാൻ പാകപ്പെടുത്തി കഴിഞ്ഞിരുന്നു. അതുകൊണ്ട് അവളുടെ ചോദ്യം എന്നെ വലുതായി വേദനിപ്പിച്ചില്ല.
അതുകൊണ്ട് ഒരു സെക്കന്‍ഡ് പോലും പാഴാക്കാതെ ഞാൻ മറുപടി പറഞ്ഞു, “തീര്‍ച്ചയായും അതും ഞാൻ അനുസരിക്കാം.”
അതുകേട്ട് അവൾ സന്തോഷിച്ച് തുള്ളിച്ചാടും എന്നാണ് ഞാൻ കരുതിയത്. പക്ഷേ അവളുടെ മുഖത്ത് സങ്കടം നിറഞ്ഞു.. മനസ്സിൽ വേദന നിറഞ്ഞത് പോലെ അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി. പെട്ടന്ന് ബെഡ്ഡിൽ കമിഴ്ന്നു കിടന്നു കൊണ്ട് അവൾ ഏങ്ങലടിച്ചു കരയാന്‍ തുടങ്ങി. അതുകണ്ട് ഞാൻ അന്തംവിട്ടു.
“എടി മോളെ..?” ഞാൻ വേഗം അവളുടെ അടുത്തു കിടന്ന് അവളെ കുലുക്കി. “ഞാൻ നുണ പറയുന്നു എന്ന് കരുതിയാണോ നീ കരയുന്നത്..?”
സങ്കടത്തോടെ ഞാൻ ചോദിച്ചതും ജൂലിയുടെ കരച്ചില്‍ കൂടി.
“എന്റെ വാക്കുകളെ നിനക്ക് വിശ്വാസം ഇല്ലെങ്കില്‍ ഈ നിമിഷം തൊട്ട് നിന്നെയും ഞാൻ പോകുന്ന എല്ലാ ഇടതും കൂട്ടാം.” ഞാൻ വാഗ്ദാനം നല്‍കി. “നീയാണടി മോളെ എനിക്ക് വലുത്. നീയാണ് എന്റെ എല്ലാം. നീ ഇല്ലെങ്കില്‍ എന്റെ ജീവിതം നശിക്കും. എനിക്ക് ഭ്രാന്ത് പിടിക്കും.” ഞാൻ ഇടറിയ സ്വരത്തില്‍ പറഞ്ഞു.
ഉടനെ പൊട്ടിക്കരഞ്ഞു കൊണ്ട് ജൂലി ചെരിഞ്ഞു കിടന്ന് എന്നെ കെട്ടിപിടിച്ചു.