“എനിക്ക് ചേച്ചിയോട് വെറുപ്പും ദേഷ്യവും ഇല്ല, ചേച്ചി. ഞാൻ ചേച്ചിയെ തെറ്റായ തരത്തില്‍ കാണുകയുമില്ല. ചേച്ചി എന്നോട് തെറ്റൊന്നും ചെയ്തില്ല. പക്ഷേ ചേച്ചിയുടെ മനസ്സമാധാനത്തിനു വേണ്ടി മാത്രം ഞാൻ പറയുകയാണ് — ചേച്ചിയോട് ഞാൻ പൊറുത്തിരിക്കുന്നു. ചേച്ചി ഇനി സമാധാനമായി ഹജ്ജിന് പൊയ്ക്കോളൂ. നമുക്ക് നല്ല സുഹൃത്തുക്കളായി തന്നെ മാറാം.”
ഞാൻ പറഞ്ഞു കഴിഞ്ഞതും ചേച്ചി ആശ്വാസത്തോടെ ചിരിച്ചു.
“എന്നാൽ ശെരി, സാം. ഞാൻ വയ്ക്കുന്നു…” അത്രയും പറഞ്ഞിട്ട് ചേച്ചി വച്ചു.
ചേച്ചിയുടെ സംസാര രീതി കേട്ടിട്ട് ഇനി ഒരിക്കലും ചേച്ചി എന്നെ വിളിക്കില്ല എന്ന തോന്നലുണ്ടായി. ഉള്ളില്‍ തോന്നിയ വിഷമത്തെ ഞാൻ ഉള്ളില്‍ തന്നെ പൂഴ്ത്തി വച്ചു.
എന്നിട്ട് പുറത്തു പോയി സെക്യൂരിറ്റിയുടെ കൈയിൽ നിന്നും താക്കോലും വാങ്ങി സെക്യൂരിറ്റി റൂമിൽ ചെന്ന് പല്ല് തേച്ച്, പിന്നെ ഫ്രെഷായി തിരികെ ഓഫീസിൽ വന്നപ്പോ അവിടെ ചാർജിന് വച്ചിരുന്ന എന്റെ മൊബൈൽ ഒച്ച വച്ചു കൊണ്ടിരുന്നത് കേട്ടു.
ഇനി ആരാണാവോ..?! ദേവി ആയിരിക്കും. ചിലപ്പോ അവള്‍ക്കും ചെയ്ത പാപത്തെ കുറിച്ച് പശ്ചാത്താപം തോന്നിയിട്ടുണ്ടാകും.
സങ്കടവും ദേഷ്യവും അടക്കി കൊണ്ട് മൊബൈൽ സ്ക്രീനില്‍ ഞാൻ നോക്കി. അപ്പോഴാണ് ശ്വാസം നേരെ വീണത്…. ജൂലി ആയിരുന്നു.
“അവിടെ പണി കഴിഞ്ഞില്ലേ, സാമേട്ട..?” ഞാൻ കോൾ എടുത്തപാടേ ജൂലി തിരക്കി.
“ഇല്ല, ഒന്‍പത് മണി കഴിയും.”
“ആന്നോ..? ശെരി, രാത്രി ചേട്ടൻ ഭക്ഷണം കഴിച്ചായിരുന്നോ..?”
“മ്മ്.. കഴിച്ചു.”
“പിന്നേ ചേട്ടാ, അവിടത്തെ പണി ഒന്‍പത് മണിക്കല്ലേ കഴിയൂ… അപ്പോ ഇങ്ങോട്ടൊന്ന് വരാമോ..?”
“എന്തിനാ…?”
“സാന്ദ്രയെ കൊണ്ട് വിടാന്‍.”
“ഞാൻ വരുന്നില്ല. അവളെ ഓട്ടോ പിടിച്ചു പോകാൻ പറ.” ഞാൻ ചൂടില്‍ പറഞ്ഞു. “പിന്നേ, മേലാൽ എനിക്കവളെ കൊണ്ടു വിടാനും എടുക്കാനും ഒന്നും കഴിയില്ല. ഒന്നുകില്‍ നീ തന്നെ അവളെ വിടാനും എടുത്താലും മതി. അല്ലെങ്കിൽ ഓട്ടോ ഞാൻ അറേഞ്ച് ചെയ്തു തരാം.”
“എന്താ ചേട്ടാ ഇങ്ങനെ—”
“ജൂലി…!” ഞാൻ താക്കീത് പോലെ വിളിച്ചു. “എന്നെ അവള്‍ക്ക് വിശ്വസം ഇല്ല… കാര്യങ്ങളില്‍ ഉള്‍പ്പെടുത്താതെ എന്നെ ഒതുക്കിയും നിര്‍ത്തും…, പക്ഷേ കൊണ്ട് വിടാനും എടുക്കാനും മാത്രം ഞാൻ വേണം, അല്ലേ..?”