ആന്റി.. നമുക്ക് അവിടെ വരെ പോയാലോ.. എന്നെ ചാച്ചൻ ഒരു പ്രാവശ്യം കൊണ്ടുപോയിട്ടുണ്ട്.. ശരിക്ക് ഓർമ്മയില്ല.. എങ്കിലും ആളുടെ പേര് ഉണ്ടല്ലോ.. എങ്ങിനെയെങ്കിലും കണ്ടു പിടിക്കാം…
നാലു വർഷം കഴിഞ്ഞില്ലേ റോയിച്ചാ.. അയാളെ കണ്ടു പിടിച്ചാലും നമുക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടാവുമോ…
ആഹ്.. പോയി നോക്കാം.. അവിടെ വരെ പോകുന്ന നഷ്ടമല്ലേ വരൂ.. ഒന്നുമല്ലങ്കിലും സ്ഥലങ്ങൾ ഒക്കെ കണ്ടു പോരാമല്ലോ….
അങ്ങിനെ റോയി കൊടുത്ത ധൈര്യത്തിൽ ശോഭനയും സോഫിയയും ലില്ലിയും അവനോടൊപ്പം ഒരു ടാക്സി കാറിൽ കമ്പത്തേക്ക് തിരിച്ചു….
പണ്ടു പോയ ഓർമ വെച്ച് കമ്പം ടൗൺ കഴിഞ്ഞുള്ള പുതുപ്പെട്ടി എന്ന സ്ഥലത്ത് അവർ എത്തി..
വേലു നായ്ക്കർ എന്ന പേര് പറഞ്ഞപ്പോഴേ ആളുകൾ ചോദിച്ചു കോഴി പണ്ണയുള്ള വേലു നായ്ക്കർ അല്ലേ എന്ന്…
കൃത്യമായിരുന്നു. അത്… പത്തു മിനിട്ടിനുള്ളിൽ വേലു നായ്ക്കാരുടെ വലിയ വീടിനു മുൻപിൽ അവർ എത്തിച്ചേർന്നു…
ചാണകം മെഴുകിയ വലിയ മുറ്റത്ത് നിറയെ എള്ളും മുളകുമൊക്കെ ഉണക്കാൻ ഇട്ടിരിക്കുന്നു…
കാറിൽ വന്നിറങ്ങിയവരെ നോക്കി കൊണ്ട് ഒരു സ്ത്രീ അടുത്തേക്ക് വന്നു.. അവിടുത്തെ പണിക്കാരി ആണെന്ന് തോന്നുന്നു…
ആരെ വേണം.. നീങ്ക യാർ..
ഞങ്ങൾ കേരളാവിൽ നിന്നും വരുന്നു.. വേലു നായ്ക്കരെ കാണണം…
അയ്യവേ പാക്ക വന്തവരാ.. കൊഞ്ചം നില്ലുങ്കെ നാൻ ഉള്ളെ പോയി സൊല്ലട്ടും…
രണ്ടു മിനിറ്റിനുള്ളിൽ അവർ വന്നു പറഞ്ഞു.. അയ്യാ ഉള്ളെ വര സൊന്നെ..
വീടി നുള്ളിലെ വിശാലമായ ഹാളിൽ ഒരു ചാരു കസേരയിൽ എഴുപതു വയസ്സ് തോന്നിക്കുന്ന ഒരാൾ ഇരിക്കുന്നു…
തമിഴ് രീതിയിലുള്ള ഒരു ആഡ്യത്വം നിറഞ്ഞ വീടും പരിസരവും…
അകത്തേക്ക് കയറിയ റോയി നായ്ക്കരെ തൊഴുതു…
ആഹ്.. വണക്കം.. ഉക്കാറുങ്കൾ.. മുൻപിൽ കിടന്ന സോഫ ചൂണ്ടി അയാൾ പറഞ്ഞു..
നീങ്കെ യാർ..ഏതുക്ക് എന്നെ പാർക്ക വന്തേൻ…
ഞങ്ങൾ കേരളത്തിൽ നിന്നും വരുന്നു അങ്ങ് മൈക്കിൾ എന്ന പേര് ഓർക്കുന്നോ.. അങ്ങേരുടെ ഭാര്യയും മക്കളുമാണ് ഇത്.. ഞാൻ റോയി.. മിലട്ടറിയിൽ ജോലി ചെയ്യുന്നു…
മൈക്കിൾ എന്ന പേര് കേട്ടപ്പോഴേ നെറ്റി ചുളിച്ചു കൊണ്ട് ചാരു കസേരയിൽ നിവർന്നിരുന്നു നായ്ക്കർ.. എന്നിട്ട് അകത്തേക്ക് നോക്കി ഹേയ് ഉള്ളെ ആര്.. മോര് കൊണ്ടാ..