ശ്രീലത എന്നാണ് അവരുടെ പേര്. 50 വയസിനോട് അടുത്ത് പ്രായം കാണും. കാണാൻ നല്ല രസമാണ്. അമ്മ ഇടയ്ക്ക് ലത ചേച്ചി വന്നിരുന്നു എന്നൊക്കെ എന്നോട് പറയാറുണ്ട്. ഞങ്ങളുടെ കാര്യങ്ങൾ ഒക്കെ അന്വേഷിക്കുന്ന ഒരേ ഒരാൾ ഇവരാണ് എന്ന് വേണമെങ്കിൽ പറയാം. ഞാൻ രാവിലെ പോയാൽ രാത്രിയല്ലേ വരുന്നത്. അതുകൊണ്ട് ഞാൻ ഇവരെ അധികം കാണാറില്ല.
ഞാൻ ഇറങ്ങാൻ നിൽക്കുവായിരുന്നു നീ വന്നിട്ട് പോവാം എന്ന് കരുതി ഇരുന്നതാണ് കുറെ ആയില്ലേ കണ്ടിട്ട്. ഞാൻ വീട്ടിലേക്ക് കയറിയപ്പോൾ അവർ എന്നോട് പറഞ്ഞു.
എന്തൊക്കെ ഉണ്ട് ചേച്ചി. ഞാൻ ചിരിച്ചുകൊണ്ട് തന്നെ അവരോട് ചോദിച്ചു.
സുഖമായി ഇരിക്കുന്നു. നീ എന്നും ഇത്ര നേരമാവുമോ വരാൻ.
ആ ചേച്ചി. കടയിൽ നിന്ന് ഇറങ്ങാൻ തന്നെ 8:30 കഴിയും പിന്നെ നടന്ന് ഇങ്ങയോട്ട് എത്തുമ്പോൾ 9 മണി കഴിയും.
എന്താ ചേച്ചിയുടെ വിശേഷങ്ങൾ.?
സുഖമായി ഇരിക്കുന്നു. സമയം കുറെ ആയില്ലേ എന്നാൽ ഞാൻ പോവാൻ നോക്കട്ടെ.
അയ്യോ ഭക്ഷണം കഴിച്ചിട്ട് പോകാം ചേച്ചി. അമ്മ പറഞ്ഞു.
പിന്നീട് ഒരിക്കൽ ആവാം. ഇപ്പൊ ഞാൻ ഇറങ്ങുന്നു.
പോട്ടെ ടാ.. ചേച്ചി എന്നോട് പറഞ്ഞിട്ട് ഇറങ്ങി.
അതിന് ഞാൻ ഒന്ന് തലയാട്ടി.
അമ്മ ചേച്ചിയുടെ കൂടെ മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ ഞാൻ കുളിക്കാൻ വേണ്ടി കുളിമുറിയിലേക്കും കയറി.
കുളി കഴിഞ്ഞു വന്നപ്പോൾ അമ്മ എനിക്കും അമ്മയ്ക്കും ചോറ് എടുത്ത് വെക്കുകയായിരുന്നു.
ആ ചേച്ചി എപ്പോൾ വന്നു. ഞാൻ അമ്മയോട് ചോദിച്ചു.
വൈകുന്നേരം.
മ്മ്. അവർക്ക് എങ്കിലും നമ്മളെ വന്ന് ഒന്ന് കാണാൻ തോന്നുന്നുണ്ടല്ലോ..
മ്മ്. പൈസയുള്ളവർക്കെ നിലയും വിലയും ബന്ധുക്കളും ശത്രുക്കളും ഒക്കെ ഒള്ളു. പൈസ ഇല്ലെങ്കിൽ നമ്മളെ പോലെ ആവും. ജീവിച്ചിരിപ്പുണ്ട് എന്ന് പോലും ആളുകൾ മറക്കും.
ശരിയാണ്. ഇപ്പൊ നമ്മൾക്ക് ഒന്നും പറ്റരുത് എന്ന് പ്രാർത്ഥിക്കുന്നത് ആ ബാങ്കുകാർ മാത്രമായിരിക്കും.