“സോറി ചേട്ടാ….” സാന്ദ്ര കരയും പോലെ പറഞ്ഞിട്ട് എന്റെ കൈയിൽ പിടിച്ചു. “അക്കാര്യം ഞങ്ങൾ രഹസ്യമാക്കി വെച്ചിരുന്നത് കൊണ്ടുള്ള ദേഷ്യം കാരണമാണ് ചേട്ടൻ ഇങ്ങനെ സംസാരിക്കുന്നത് എന്നറിയാം.”
ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു. അതുകൊണ്ട് സാന്ദ്ര തുടർന്നു,
“ഞാനാണ് ചേട്ടനോട് പറയേണ്ട എന്ന് വിലക്കിയത്… എല്ലാം ശെരിയായ ശേഷം ചേട്ടനോട് പറയാം എന്നാണ് വിചാരിച്ചത്.”
“എന്നോട് പറയാതിരിക്കാന്‍ എന്തേലും കാരണം ഉണ്ടോ…?” ഞാൻ ചോദിച്ചു.
“എന്നോടുള്ള സ്നേഹം കാരണം ചേട്ടൻ ചിലപ്പോ എന്നെ പോകാൻ അനുവദിക്കില്ല എന്ന ഭയം കാരണമാണ് ഞാൻ അങ്ങനത്തെ തീരുമാനം എടുത്തത്. ചിലപ്പോ ചേട്ടൻ എന്റെ പോക്ക് മുടക്കും എന്ന് ഞാൻ ഭയന്നു. സോറി ചേട്ടാ.. ഞാൻ അങ്ങനെ ഒന്നും ചിന്തിക്കാൻ പാടില്ലായിരുന്നു… എനിക്ക് തെറ്റുപറ്റി പോയി.”
ഹാളാകെ കണ്ണോടിച്ച ശേഷം നിര്‍വ്വികാരനായി ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.
“ഒരു തെറ്റും നിനക്ക് പറ്റിയിട്ടില്ല, സാന്ദ്ര. കാരണം നി എന്നോട് പറയാൻ മാത്രം ഞാൻ നിന്റെ അച്ഛനോ സഹോദരനോ ഭർത്താവോ അല്ലല്ലോ. എല്ലാവർക്കും അവരവരുടേതായ സ്വാതന്ത്ര്യം ഉണ്ട്… നിനക്ക് നല്ലതെന്ന് തോന്നിയത് നി ചെയ്തു. അതിന് എന്നോട് ക്ഷമ ചോദിക്കേണ്ട കാര്യമില്ല..” എന്റെ വിഷമം മറച്ചു കൊണ്ട് ഞാൻ പറഞ്ഞു.
“പ്ലീസ് ചേട്ടാ…. എനിക്ക് തെറ്റുപറ്റി. പക്ഷേ ഇനിയും ഇങ്ങനെ സംസാരിച്ച് എന്നെ വിഷമിപ്പിക്കരുത്.” അവള്‍ കെഞ്ചി. “ചേട്ടന്റെ അഭിപ്രായം എന്താണെന്ന് ചേട്ടൻ പറഞ്ഞോളൂ.”
“അഭിപ്രായം ഒന്നും എനിക്ക് പറയാനില്ല. നിങ്ങൾ മൂന്നുപേരും തന്നെ തീരുമാനിച്ചാല്‍ മതി.” അതും പറഞ്ഞ് ഞാൻ എഴുനേറ്റ് തിരിഞ്ഞതും അമ്മായിയും ജൂലിയും വിഷമത്തോടെ തൊട്ടു പിന്നില്‍ നില്‍ക്കുന്നതാണ് കണ്ടത്.
ഇവര്‍ എപ്പോഴാണ് വന്നത്…?
“മോനെ…!” അമ്മായി തുടങ്ങി.
“വേണ്ട അമ്മായി. വെറുതെ ഇക്കാര്യം പറഞ്ഞ് നമ്മൾ മുഖം മുറിക്കുന്നത് ശെരിയല്ല. എന്നോട് പറയാത്തതിൽ എനിക്ക് വിഷമം ഇല്ല. നിങ്ങൾ അമ്മയും മക്കളും തന്നെ തീരുമാനിച്ചാല്‍ മതി.. ഇതിൽ എനിക്കൊന്നും പറയാനില്ല. നിങ്ങളുടെ കുടുംബ കാര്യത്തിൽ ഇടപെടാനും ഞാൻ ആഗ്രഹിക്കുന്നില്ല.”
അത്രയും പറഞ്ഞിട്ട് ഞാൻ ജൂലിയെ നോക്കി. അത്ര വിശപ്പ് ഇല്ലെങ്കിലും ഞാൻ ചോദിച്ചു, “എനിക്ക് വിശക്കുന്നു.. എന്തെങ്കിലും ഉണ്ടോ കഴിക്കാൻ….?”