എന്റെ നീറുന്ന കണ്ണുകൾ തുറന്ന് ഞാൻ നോക്കി. പള്ളിയില്‍ പോയിട്ട് വന്ന് വേഷം മാറാതെയാണ് സാന്ദ്ര നില്‍ക്കുന്നത്. കാപ്പിപ്പൊടി നിറമുള്ള ചുരിദാറിൽ അവള്‍ അതിസുന്ദരി ആയിരുന്നു. പക്ഷെ എന്നില്‍ നിന്നും രഹസ്യം സൂക്ഷിക്കുന്ന കാര്യം ഓര്‍ത്തതും അവളുടെ മുഖത്ത് നിന്നും ഞാൻ എന്റെ നോട്ടം വെട്ടിച്ചു.
“ചേട്ടനെ ഉണര്‍ത്താൻ ചേച്ചി പറഞ്ഞു.” സാന്ദ്ര അല്‍പ്പം ഗൗരവത്തിലാണ് പറഞ്ഞത്.
ഒന്നും മിണ്ടാതെ… അവളുടെ മുഖത്ത് നോക്കാതെ ഞാൻ മെല്ലെ എഴുന്നേറ്റു. ശേഷം തോര്‍ത്ത് എടുത്തുകൊണ്ട് നേരെ ബാത്റൂമിൽ കേറി വാതിൽ കുറ്റിയിട്ടു.
കുളി കഴിഞ്ഞ് പുറത്തേക്ക് വന്ന് ഒരു ത്രീ ഫോര്‍ത്തും ടീ ഷര്‍ട്ടും എടുത്തിട്ടു. അന്നേരം സാന്ദ്ര ചായയുമായി റൂമിലേക്ക് വന്നു. എന്റെ നേര്‍ക്ക് നീട്ടിയ ചായ ഞാൻ അവളുടെ മുഖത്ത് നോക്കാതെ വാങ്ങി.
“ചേച്ചി ചേട്ടനോട് അക്കാര്യം പറഞ്ഞു, അല്ലേ..?”
“ഏതു കാര്യം…?” അവളെ നോക്കാതെ ചായ ഒരുറുമ്പ് കുടിച്ചിറക്കി കൊണ്ട് ഞാൻ ചോദിച്ചു.
“ഞാൻ ഓസ്ട്രേലിയയിൽ പോകാൻ തീരുമാനിച്ച കാര്യം.”
“മ്മ്.. പറഞ്ഞു.” അതും പറഞ്ഞ് ഞാൻ നേരെ ഹാളിലേക്ക് നടന്നു. എന്നിട്ട് ഒരു കസേരയില്‍ ഞാൻ ഇരുന്നു.
ഞാൻ എപ്പോഴും സോഫയിൽ ആണ് ഇരിക്കാറുള്ളത്.. പക്ഷേ ഇപ്പോൾ ഞാൻ കസേര സെലക്ട് ചെയ്തപ്പോ സാന്ദ്ര വിഷമത്തോടെ എന്നെ നോക്കിയ ശേഷം എന്റെ അടുത്തുള്ള കസേരയില്‍ അവളും ഇരുന്നു.
“എന്നോട് ദേഷ്യമാണോ…?” അവള്‍ ചോദിച്ചു.
“എന്തിന്…?” ചോദിച്ചിട്ട് ഞാൻ എഴുനേറ്റ് ടിവി ഓണാക്കി. ശേഷം എന്റെ കസേരയെ ഇരുന്ന ശേഷം എനിക്ക് വേണ്ട ചാനൽ വച്ച് അതിൽ നോട്ടവും നട്ടു.
പക്ഷേ അവളുടെ നോട്ടം എന്റെ മുഖത്ത് ആണെന്ന് കടക്കണ്ണിലൂടെ ഞാൻ കണ്ടു.
“ആദ്യമെ ചേട്ടനോട് ഇക്കാര്യം പറയാത്തത് കൊണ്ട് ദേഷ്യമാണോ…?” സാന്ദ്ര ചോദിച്ചു.
ഞാൻ ഒന്നും മിണ്ടാതെ ചായ കുടിച്ചു തീര്‍ത്തിട്ട് ഗ്ലാസ്സിനെ ടീപ്പേയിൽ വച്ചു.
എന്നിട്ട് ടിവിയിൽ നിന്നും കണ്ണെടുക്കാതെ ഞാൻ കഠിന സ്വരത്തില്‍ പറഞ്ഞു, “നീ ഓസ്ട്രേലിയയിൽ പോകുന്നതും പോകാത്തതും നിന്റെ ഇഷ്ട്ടം. അക്കാര്യം എന്നോട് പറയണമെന്ന ആവശ്യവും നിനക്കില്ല. അതുപോലെ എനിക്ക് ആവശ്യമില്ലാത്ത കാര്യത്തിന്‍റെ പേരില്‍ എനിക്ക് ആരോടും ദേഷ്യപ്പെടേണ്ട കാര്യവുമില്ല.”