ഉടനെ ജൂലിയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി. എന്തോ പറയാനായി അവൾ വായ് തുറന്നു.
“എനിക്ക് ഉറങ്ങണം, ജൂലി. എനിക്കിനി അതിനെക്കുറിച്ച് സംസാരിക്കാന്‍ താല്പര്യമില്ല. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് പോലെ എല്ലാം തീരുമാനിച്ച് ചെയ്താൽ മതി. പിന്നെ കാശിന്‍റെ കാര്യം, എത്ര വേണമെങ്കിലും നമ്മുടെ അക്കൗണ്ടിൽ നിന്നും എടുത്തോ.” പറഞ്ഞിട്ട് ഞാൻ പിന്നെയും തിരിഞ്ഞു കിടന്നു.
“ചേട്ടാ…?!” കരച്ചില്‍ അടക്കി കൊണ്ട് ജൂലി വിളിച്ചു. ഞാൻ മിണ്ടാതെ കിടന്നു.
കുറെ പ്രാവശ്യം അവള്‍ എന്നെ കുലുക്കി വിളിച്ചു. ഞാൻ കല്ല് പോലെ കിടന്നു.
ഒരു മണിക്കൂറോളം കഴിഞ്ഞാണ് ജൂലി എഴുനേറ്റ് ചെന്ന് മരുന്ന് കഴിച്ചത്. ശേഷം അവള്‍ ലൈറ്റ് ഓഫാക്കി എന്റെ പിന്നില്‍ വന്ന് എന്നെ കെട്ടിപിടിച്ചു കൊണ്ട് കിടന്നു.
കുറേനേരം വിഷമത്തോടെ ഞാൻ ഓരോന്നും ആലോചിച്ചു കൊണ്ടാണ് കിടന്നത്.
കാര്യങ്ങൾ ഒന്നും എന്നോട് പറയാത്തത് കൊണ്ട് എനിക്ക് നല്ല സങ്കടവും ദേഷ്യവും ഉണ്ടായിരുന്നു. എല്ലാ കാര്യത്തിനും ആദ്യം എന്റെ അടുത്തേക്ക് ഓടി വരുന്ന സാന്ദ്ര ഇത്രയും പ്രധാനപ്പെട്ട കാര്യത്തെ മാത്രം എന്നില്‍നിന്നും എന്തിന് ഒളിപ്പിച്ചു എന്ന് മനസ്സിലായില്ല. എനിക്ക് അവളോട് നല്ല ദേഷ്യവും തോന്നി തുടങ്ങിയിരുന്നു.
എല്ലാവരും അവരവരുടെ ഇഷ്ടത്തിന് പോട്ടെ.. അവരവരുടെ ഇഷ്ട്ടം പോലെ ജീവിക്കട്ടെ… അതാണ് ശെരി… അതാണ് നല്ലത്. ഇനി ഞാനായിട്ട് ആര്‍ക്കും ഒരു ശല്യമായി മാറില്ല. ഉറച്ച ഒരു തീരുമാനം ഞാൻ എടുത്തു.
ജൂലിയുടെ ശ്വാസോച്ഛ്വാസം ഒരു ഈണത്തിലായി. അവള്‍ സുഖമായി ഉറങ്ങി കഴിഞ്ഞെന്ന് മനസ്സിലായി. തണുപ്പ് അല്‍പ്പം കൂടുതലായി അനുഭവപ്പെട്ടത് പോലെ ജൂലിയുടെ ശരീരം ഒന്ന് നടുങ്ങി.
അപ്പോൾ ഞാൻ എഴുനേറ്റ് ബ്ലാങ്കറ്റ് എടുത്ത് അവള്‍ക്ക് മൂടി കൊടുത്തു. ശേഷം ഞാൻ മൂടാതെ വെറുതെ അങ്ങനെ മലര്‍ന്നു കിടന്നു.
മണിക്കൂറുകൾ കടന്നു പോയത് പോലെ തോന്നി. എന്നിട്ടും ഉറങ്ങാൻ കഴിഞ്ഞില്ല. അപ്പോഴാണ് എന്റെ മൊബൈൽ ഉറക്കെ കരഞ്ഞത്.
പെട്ടന്നുള്ള ശബ്ദം കേട്ട് ഞാൻ ഞെട്ടി. വേഗം ചാടി എഴുനേറ്റ് മേശപ്പുറത്ത് നിന്നും മൊബൈൽ എടുത്ത് വോള്യം ബട്ടൺ ഞെക്കി പിടിച്ചതും അത് സൈലന്‍റ് ആയി. അതിനുശേഷമാണ് സമയവും കോൾ ചെയ്യുന്നത് ആരാണെന്നും നോക്കിയത്.