സാംസൻ 8 [Cyril]

Posted by

പക്ഷേ ഞാൻ ഒന്നും മിണ്ടാതെ ബെഡ്ഡിൽ അങ്ങോട്ട് തിരിഞ്ഞു കിടന്നു.

“ചേട്ടാ… ഞങ്ങൾ ഇതൊക്കെ ചേട്ടനോട് മറച്ചു വയ്ക്കാൻ വിചാരിച്ചതല്ല. ഒരു കാര്യത്തിലും ഒരു തീരുമാനവും ആവാത്തത് കൊണ്ട്‌ ഞാൻ അതിനെ കുറിച്ചൊന്നും വലുതായി ചിന്തിച്ചില്ല. അതുകൊണ്ട ചേട്ടനോട് പറയാത്തത്.”

“അപ്പോ വിസ പ്രോസസ് ഒന്നും തുടങ്ങിയില്ല എന്നാണോ നീ പറയുന്നത്…?” ജൂലിയെ നോക്കി തിരിഞ്ഞ് കിടന്നുകൊണ്ട് ഞാൻ ചോദിച്ചു.

പക്ഷേ അവള്‍ കുറ്റബോധത്തിൽ തല താഴ്ത്തി. എന്നിട്ട് പറഞ്ഞു,

“പ്രാഥമിക കാര്യങ്ങൾ ഒക്കെ ശെരിയാക്കാനായി കഴിഞ്ഞ മാസം തന്നെ ഒരു ഏജന്‍സിയെ പ്രഭാകരന്‍ അങ്കിള്‍ ഏല്പിച്ചിരുന്നു. മമ്മി തന്നെയാ കാശ് കൊടുത്തത്. പിന്നെ അതൊക്കെ ശരിയായി എന്നും അടുത്ത മാസം വിസ കാര്യങ്ങൾ ശെരിയാക്കാൻ തുടങ്ങും എന്നും അങ്കിള്‍ മമ്മിയോട് പറഞ്ഞായിരുന്നു. സമയം ആകുമ്പോ ഡെപ്പോസിറ്റ് പണം കെട്ടാന്‍ അമ്മയുടെ പക്കല്‍ കുറച്ച് കാശുണ്ട്.. ബാക്കി നമ്മൾ കൊടുക്കും എന്ന് അമ്മയോട് ഞാൻ ഏറ്റിട്ടുണ്ട്.”

“ഓഹോ… സാന്ദ്ര പോകുന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ഒന്നും ആയില്ല എന്നല്ലേ നി പറഞ്ഞത്…!? പക്ഷേ അടുത്ത മാസം വിസ റെഡി ആകും എന്നും… ഡെപ്പോസിറ്റ് കാര്യങ്ങൾ വരെ നിങ്ങൾ തീരുമാനിച്ചു കഴിഞ്ഞ എന്നും ഇപ്പോൾ നീതന്നെ പറയുന്നു.”

“ചേട്ടാ…. അതുപിന്നെ…. സാന്ദ്രയാണ് ചേട്ടനോട് ഇപ്പോൾ ഒന്നും പറയേണ്ട എന്ന് വിലക്കിയത്. പിന്നീട് അവൾ തന്നെ ചേട്ടനോട് പറയാം എന്നും അവൾ നിര്‍ബന്ധം പിടിച്ചത് കൊണ്ട്‌—”

“ശെരി ജൂലി. എനിക്ക് ഉറക്കം വരുന്നു. ഗുഡ് നൈറ്റ്.” അത്രയും പറഞ്ഞിട്ട് ഞാൻ പിന്നെയും തിരിഞ്ഞു കിടന്നു.

“ചേട്ടൻ എന്നോട് പിണങ്ങിയാണോ കിടക്കുന്നെ…?” ജൂലി കരയും പോലെ ചോദിച്ചു.

ഉടനെ ഞാൻ മലര്‍ന്നു കിടന്നു കൊണ്ട്‌ അവളെ നോക്കി.

“എനിക്ക് പിണക്കം ഒന്നുമില്ല, ജൂലി. എന്നോട് ഒന്നും പറയേണ്ട എന്ന് നിന്റെ അനുജത്തിയും… നിന്റെ അനുജത്തിക്ക് വേണ്ടി നീയും, പിന്നെ സ്വന്തം മകള്‍ക്ക് വേണ്ടി അമ്മായിയും കാര്യങ്ങൾ ആലോചിച്ച് തീരുമാനിച്ചു കഴിഞ്ഞു. പുറത്ത്‌ നിന്നും നിങ്ങളുടെ കുടുംബത്തിലേക്ക് വന്നുകയറിയ എനിക്ക് അതിലൊന്നും ഇടപെടാന്‍ അവകാശമില്ല. നിങ്ങള്‍ക്ക് ശെരി എന്ന് തോന്നുന്നത് നിങ്ങൾ ചെയ്തു, അതിൽ എനിക്കൊരു പരാതിയും പരിഭവവും ഇല്ല….” ഒരു പുഞ്ചിരിയോടെ ഞാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *