“ദീപ്തിക്ക് അവർ എല്ലാം ചെയ്തു കൊടുക്കുന്നു എന്നത് മനസ്സിലാക്കാം. പക്ഷേ സാന്ദ്രയ്ക്ക് എന്തിനാണ് വിസ ഉള്‍പ്പെടെ എല്ലാം ചെയ്തു കൊടുക്കുന്നത്…?” സംശയത്തോടെ ഞാൻ ചോദിച്ചു. “
എന്റെ ചോദ്യം കേട്ട് ജൂലി ശ്വാസം ആഞ്ഞെടുത്തു.
“പിന്നേ… ചേട്ടാ…. ഞങ്ങളുടെ പപ്പയും ദീപ്തിയുടെ വല്യമ്മയും വല്യച്ചനും ഒക്കെ ക്ലാസ് മേറ്റ്സ് ആയിരുന്നു.. അവരുടെ ലവ് മാര്യേജ് ആയിരുന്നു.. കൂടെ നിന്ന് നടത്തി കൊടുത്തത് ഞങ്ങളുടെ പപ്പയും. ശെരിക്കും പറഞ്ഞാൽ അവർ ഞങ്ങളുടെ ഫാമിലി ഫ്രണ്ട്സ് ആണ്. നമ്മുടെ വിവാഹ ദിവസം ഫോണിലൂടെ നമ്മെ വിഷ് ചെയ്ത ഒരു ദമ്പതിയെ ചേട്ടൻ ഓർക്കുന്നില്ലേ..? പ്രഭാകരന്‍ അങ്കിളും സാവിത്രി ആന്റിയും. നമ്മുടെ വിവാഹത്തിന് മുമ്പ് അവർ നാട്ടില്‍ വരുമ്പോൾ എല്ലാം ഞങ്ങളുടെ വീട്ടിലും ഒരാഴ്ച നില്‍ക്കുമായിരുന്നു. നമ്മുടെ വിവാഹം കഴിഞ്ഞതിന് ശേഷം അവർ നാട്ടിലേക്ക് വന്നിട്ടില്ല. പക്ഷേ മമ്മിയോട് എപ്പോഴും അവർ കോൾ ചെയ്ത് സംസാരിക്കാറുണ്ട്. പിന്നെ അവർ രണ്ടുപേര്‍ക്കും അവിടത്തെ ഗവണ്‍മെന്‍റ് ജോലിയാണ്, ചേട്ടാ. അവര്‍ക്ക് കുട്ടികൾ ഇല്ലാത്തത് കൊണ്ട് പണ്ട് മുതലേ ദീപ്തിയെ സ്വന്തം മകളെ പോലെ സ്നേഹിച്ചിരുന്നു . കൂടാതെ, പണ്ടു തൊട്ടേ സാന്ദ്രയെ അവര്‍ക്ക് ജീവനാണ്. അതുകൊണ്ടാണ് അവർ സാന്ദ്രയ്ക്ക് എല്ലാം ശെരിയാക്കി കൊടുക്കുന്നത്. സാന്ദ്രയുടെ ഫീസ് പോലും അവർ നോക്കിക്കോളാം എന്ന പറഞ്ഞത്, പക്ഷേ മമ്മി സമ്മതിച്ചില്ല.”
ജൂലി പറഞ്ഞു നിര്‍ത്തിയിട്ടും ഞാൻ ചിന്താകുഴപ്പത്തോടെ ഇരുന്നു. സാന്ദ്ര പോകാൻ തീരുമാനിച്ചു എന്ന് അറിഞ്ഞത് തൊട്ടേ എന്റെ മനസില്‍ സങ്കടം നിറഞ്ഞതാണ്. വല്ലാത്ത ഒരു വേദനയും അനുഭവപ്പെട്ടു.
“ചേട്ടൻ എന്താ ഒന്നും പറയാത്തത്…?”
“ഞാൻ എന്താണ് പറയേണ്ടത്..?” സങ്കടത്തോടെ ഞാൻ ചോദിച്ചു. “ഇതൊക്കെ കഴിഞ്ഞ മാസം നടന്നതാണ്. പക്ഷേ എന്നെ വെറും അന്യനാക്കി കൊണ്ട് നിങ്ങൾ മൂന്നുപേരും എല്ലാ കാര്യങ്ങളും എന്നില്‍നിന്നും രഹസ്യമാക്കിയാണ് വച്ചത്. നിങ്ങളുടെ കുടുംബ കാര്യം നിങ്ങൾ തന്നെ തീരുമാനിച്ചാൽ മതി. ആരുടെ ഇഷ്ടത്തിനും എതിര് നില്‍ക്കാനുള്ള അവകാശവും എനിക്കില്ല..” ഞാൻ ജൂലിയെ നോക്കാതെ പറഞ്ഞു.
“ചേട്ടൻ എന്തിനാ ഇങ്ങനെയൊക്കെ പറയുന്നേ…?” ജൂലി വിഷമിച്ചു കൊണ്ട് ചോദിച്ചു.