“രണ്ടര കഴിഞ്ഞോ…?!” ഞാനും ക്ലോക്കിൽ നോക്കി. ആന്റി പറഞ്ഞത് നേരാണ്.
“ശെരി, ഞാൻ ഫുഡ് ഒക്കെ എടുത്തു വയ്ക്കാം. അമ്മയും ചേട്ടനും കൈ കഴുകി വരൂ.” പറഞ്ഞിട്ട് ദേവി എഴുനേറ്റ് ധൃതിയില്‍ നടന്നുപോയി.
“ആന്റി എപ്പഴാ ഉണര്‍ന്നത്…..? പിന്നെ ഹാളില്‍ വന്നതും എന്തിനാ അവിടെതന്നെ നിന്നു കളഞ്ഞത്…?” ഞാൻ ചോദിച്ചു.
“നി നിന്റെ കഥയുടെ പകുതി കടന്നപ്പോഴെ ഞാൻ വന്നായിരുന്നു. പക്ഷേ പെട്ടന്ന് ഇടയ്ക്ക് കേറി വന്നാൽ നിന്റെ കഥ മുറിയും… പിന്നെ നിനക്ക് സംസാരിക്കാന്‍ തോന്നിയില്ലെങ്കിലോ എന്ന ആശങ്ക കാരണം ഞാൻ അവിടെതന്നെ നിന്നു.”
ഭാഗ്യം…! അപ്പൊ എന്നെ സംശയം തോന്നിയത് കൊണ്ടല്ല ആന്റി അവിടെ നിന്നത്..!!
ആശ്വാസം മനസ്സിൽ ഒളിപ്പിച്ച് കൊണ്ട് ഞാൻ ചോദിച്ചു, “ആന്റി എന്നും ഉച്ചക്ക് മയങ്ങാറുണ്ടോ…?”
“ചില ദിവസങ്ങളില്‍ ഉച്ച മയക്കം സാധ്യമല്ല, മോനേ. അപ്പോ കിങ്ങിണി മോളെ ഉറക്കി കിടത്തിയിട്ട് ഞാൻ വെറുതെ ടിവി നോക്കിയിരിക്കും… അല്ലെങ്കിൽ പുറത്ത് മുറ്റത്ത് വെറുതെ നടക്കും, ചെടി നനയ്ക്കും… അങ്ങനെ എന്തേലുമൊക്കെ ചെയ്യും. പിന്നെ രാത്രികളിൽ എപ്പോഴും ഉറക്ക ഗുളിക കഴിച്ചിട്ട് ഉറങ്ങുന്നത് കൊണ്ട് ഉച്ചക്ക് ഉറക്കം ലഭിച്ചാല്‍ ഞാൻ അതിനെ മുതലെടുക്കും. ഉറക്കഗുളിക കഴിച്ച് എത്രയൊക്കെ ഇറങ്ങിയാലും സ്വാഭാവികമായി ലഭിക്കുന്ന ഉറക്കം പോലെ ആവില്ലട മോനെ.”
“എന്നാൽ പിന്നെ ഉറക്ക ഗുളിക കഴിക്കാതെ തന്നെ ഉറങ്ങാൻ ശ്രമിച്ചു കൂടെ…” ഞാൻ ഉപദേശിച്ചു. “ആദ്യം പ്രയാസം തോന്നിയേക്കാം. പക്ഷേ ദിവസങ്ങൾ കഴിയവെ എല്ലാം ശെരിയാവില്ലേ…?” എന്റെ സംശയം ഞാൻ ചോദിച്ചു.
അതിന് ആന്റി ചിരിച്ചു. എന്നിട്ട് പറഞ്ഞു, “എന്റെ സാം മോനെ, ഗുളികയും ലഹരിയാണ് എന്നറിയില്ലേ…! ശീലിച്ച് പോയത് കൊണ്ട് അതിനെ മാറ്റാൻ കഴിയുന്നില്ല. ഇടക്കൊക്കെ അതിന്റെ ഡോസ് കൂട്ടി കഴിക്കുകയും വേണം, എന്നാലേ ഫലം ഉണ്ടാകൂ. രാത്രി എട്ടര ആയാല്‍ ഗുളിക കഴിച്ചില്ലെങ്കില്‍ വെപ്രാളം തോന്നും… ദേഷ്യം തോന്നും.. അസ്വസ്ഥത കാരണം വിരണ്ടു നടക്കാൻ തോന്നും. അതുകൊണ്ട് ഇനിയുള്ള കുറച്ച് കാലം ഇങ്ങനെതന്നെ ഞാൻ ജീവിച്ചോളാം.” നെടുവീര്‍പ്പോടെ ആന്റി പറഞ്ഞു.