അകത്തേക്ക് വരാൻ ദേവാംഗന ആന്റി കൈ കൊണ്ട് ആംഗ്യം കാണിച്ചു. ശേഷം കൈയിൽ ഉണ്ടായിരുന്ന കവറില്‍ നിന്നും വറ്റല്‍ മുളകിന് ആന്റി ടെറസിൽ തട്ടിയിട്ടത് ഞാൻ കണ്ടു. അവർ കാല്‍ കൊണ്ട് അതിനെ പരത്തിയിടുന്നതും ആന്റിയുടെ ശരീര ചലനത്തിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞു.
ബൈക്ക് സ്റ്റാന്‍ഡിൽ ഇട്ടിട്ട് ഗേറ്റ് തുറന് ബൈക്കിനെ അകത്തുകേറ്റി പിന്നെയും ഗേറ്റ് ഞാൻ അടച്ചു. എന്നിട്ട് ബൈക്കിനെ മുറ്റത്ത് കൊണ്ട് നിര്‍ത്തി.
ഞാൻ ബൈക്കില്‍ നിന്നിറങ്ങാൻ തുടങ്ങിയതും ആന്റിയും ദേവിയും പൂമുഖത്തേക്ക് വന്നു.
കിങ്ങിണി ദേവിയുടെ കൈയിൽ നിന്നും ശാഠ്യം പിടിച്ച് താഴെ ഇറങ്ങി. എന്നിട്ട് ഓടി വന്ന് എന്റെ ബൈക്കിനടുത്ത് നിന്നു.
കഴിഞ്ഞ തവണ ഞാൻ ഇവിടെ വന്നപ്പോ കിങ്ങിണി എവിടെയായിരുന്നു എന്ന് പോലും ചിന്തിച്ചില്ല. ചിലപ്പോ അവള്‍ റൂമിൽ ഉറങ്ങി കിടക്കുകയായിരുന്നിരിക്കാം.
“കിങ്ങിണി മോൾക്ക് ബൈക്കില്‍ കേറണോ…?” അവളുടെ വിടര്‍ന്ന കണ്ണും സന്തോഷവും കണ്ട് നിറഞ്ഞ മനസ്സോടെ ഞാൻ ചോദിച്ചതും അവള്‍ വിരണ്ട് എന്റെ കാലിനടുത്തായി വന്നു നിന്നു.
ഉടനെ കുനിഞ്ഞ് എന്റെ രണ്ടു കൈകളും താഴേക്ക് കൊണ്ടുപോയതും കിങ്ങിണി അവളുടെ കൈകൾ രണ്ടും പൊക്കി. അവളെ ഞാൻ തൂക്കിയെടുത്ത് മുന്നില്‍ ഇരുത്തി. ഉടനെ അവള്‍ സന്തോഷത്തോടെ വിരണ്ടു ചിരിച്ചു. ഞാനും ആ വലിയ മുറ്റത്ത് ബൈക്കിനെ വട്ടം കറക്കി… ഒപ്പം അവളോട് കൊഞ്ചി സംസാരിക്കുകയും ചെയ്തു.
അവളും വ്യക്തമല്ലാത്ത വാക്കുകൾ എന്തൊക്കെയോ പറഞ്ഞു തുള്ളി ചിരിച്ചു കൊണ്ടിരുന്നു.
“മതി സാം. ബൈക്ക് ഒതുക്കി വച്ചിട്ട് അകത്തേക്ക് വാ. അവള്‍ക്ക് എപ്പോഴും ബൈക്കില്‍ ഇരുന്ന് കളിക്കണം… ദേവിയോടും ഇതുപോലെ ശാഠ്യം പിടിക്കാറുണ്ട്… കിങ്ങിണി മോൾക്ക് സ്വന്തമായി ഒരു കുഞ്ഞ് ബൈക്ക് ഉണ്ടായിട്ട് പോലും.” ആന്റി പുഞ്ചിരിയോടെ പറഞ്ഞു.
ഞാൻ ഒരു റൗണ്ടും കൂടി ചുറ്റിയ ശേഷം ദേവിയുടെ സ്കൂട്ടിക്കടുത്തായി നിർത്തി. എന്നിട്ട് കിങ്ങിണിയെ എടുത്തുകൊണ്ട് പൂമുഖത്ത് കേറിയതും കിങ്ങിണി എന്റെ കൈയിൽ നിന്നും ഊർന്നിറങ്ങി അകത്തേക്കോടി.
ഞാൻ ദേവിയുടെ മുഖത്ത് നോക്കിയപ്പോ അവൾ പെട്ടന്ന് മുഖം തിരിച്ചു കളഞ്ഞു. ദേഷ്യം ഒന്നും മുഖത്ത് കണ്ടില്ല, പക്ഷേ എന്നെ കുറ്റപ്പെടുത്തും പോലത്തെ ഒരു ഭാവം മിന്നിമറഞ്ഞു.