“എന്താ പറ്റിയത്…?” ആര്യൻ പതുക്കെ അവളോട് ചോദിച്ചു.
“കുന്തം…” ശാലിനി തിരിഞ്ഞ് നോക്കാതെ തന്നെ കനത്തിൽ മറുപടി കൊടുത്തു.
“ചേച്ചിക്ക് എന്തോ ഒരു വിഷമം ഉള്ളപോലെ തോന്നുന്നല്ലോ…!”
“വിഷമമോ എന്തിന്?…നിനക്ക് വിഷമവും ദേഷ്യവും കണ്ടാൽ മനസ്സിലാവില്ലേ…!” ശാലിനി ഒന്ന് തിരിഞ്ഞ് അവനെ നോക്കി കണ്ണുരുട്ടിയ ശേഷം വീണ്ടും പിന്തിരിഞ്ഞ് നിന്നു.
“ദേഷ്യം ഇത് അഭിനയിക്കുന്നതല്ലേ…?”
“പിന്നേ…ഞാൻ നാളെ സിനിമയിൽ അഭിനയിക്കാൻ വേണ്ടി പഠിക്കുവാണല്ലോ…!” ശാലിനി അവനെ കളിയാക്കുന്ന രീതിയിൽ ചോദിച്ചു.
ആര്യൻ അവളുടെ അരികിലേക്ക് കുറച്ച് കൂടി അടുത്ത് നിന്ന ശേഷം അവളുടെ തോളിൽ പിടിച്ച് തിരിച്ച് അവന് നേരെ നിർത്തി.
“എന്തിനാ എന്നോട് കള്ളം പറയുന്നത്…?” ആര്യൻ ഒരു ചെറുപുഞ്ചിരിയോടെ ചോദിച്ചു.
“കള്ളമോ!…എന്ത് കള്ളം…?” അവൾ ചോദിച്ചിട്ട് മുഖം കുനിച്ച് നിന്നു.
“ഈ ദേഷ്യം ഉള്ളിലുള്ള സങ്കടം എന്നെ അറിയിക്കാതെ ഇരിക്കാൻ വേണ്ടി കാണിക്കുന്നതല്ലേ…?” ആര്യൻ അവളുടെ മുഖം താടിയിൽ പിടിച്ച് മെല്ലെ ഉയർത്തി ചോദിച്ചു.
“എനിക്ക് സങ്കടം ഒന്നുമില്ല…” ശാലിനി മുഖത്ത് യാതൊരു ഭാവവും ഇല്ലാതെ പറഞ്ഞു.
“സങ്കടം ഇല്ലാഞ്ഞിട്ടാണോ ഈ മുഖം വാടി ഇരിക്കുന്നത്…?”
ആര്യൻ്റെ ചോദ്യത്തിന് ശാലിനി മറുപടി ഒന്നും പറഞ്ഞില്ല.
“ഞാൻ ലിയ ചേച്ചീടെ മുൻപിൽ വച്ച് കളിയാക്കിയത് വിഷമം ആയല്ലേ…?” ആര്യൻ വീണ്ടും ചോദിച്ചു.
“ഓ അതോ…അത് നീ എന്നെ എപ്പോഴും കളിയാക്കുന്നതാണല്ലോ…നീ തമാശക്ക് പറഞ്ഞതല്ലേ എനിക്ക് വിഷമം ഒന്നുമില്ല…” ശാലിനി സൗമ്യതയോടെ തന്നെ മറുപടി നൽകി.
“തമാശക്കായിരുന്നു…പക്ഷേ അത് ചേച്ചിക്ക് നല്ല പോലെ വിഷമം ആയി എന്ന് എനിക്ക് മനസ്സിലായി…സോറി…” ആര്യൻ അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.
“സാരമില്ല…ഞാൻ നിന്നെയും കളിയാക്കിയില്ലേ…” ശാലിനി അവനെ ആശ്വസിപ്പിക്കാൻ എന്ന വണ്ണം പറഞ്ഞു.
“അതുപോലെ അല്ല ഇത്…ഇത്തവണ ഞാൻ കുറച്ച് കടന്ന് പോയി…എനിക്കത് മനസ്സിലായി…സോറി ചേച്ചീ…” ആര്യൻ വീണ്ടും ക്ഷമാപണം നടത്തി.