“അതിന് ഇനി എന്തോ ഒറ്റയ്ക്ക് പോകാനാ വീടെത്തിയല്ലോ…?” ആര്യൻ മിഴിച്ചുകൊണ്ട് ചോദിച്ചു.
“എത്തിയെങ്കിൽ കണക്കായിപ്പോയി…ഹും…” അവൾ തിരിഞ്ഞ് നോക്കാതെ തന്നെ അവന് മറുപടി കൊടുത്തു.
“ശെടാ…അവിടെ നിക്ക് പറയട്ടെ…” ആര്യൻ അവളുടെ പുറകെ ഓടിച്ചെന്നു.
പക്ഷേ അപ്പോഴേക്കും ശാലിനി വീടിനുള്ളിലേക്ക് കയറിയിരുന്നു. ആര്യനും അവളുടെ പുറകെ അകത്തേക്ക് കയറി.
“നീ വന്നോ…മോൾക്ക് വിശക്കുന്നെന്ന് പറഞ്ഞപ്പോൾ നിന്നെ നോക്കി ഇരുന്നില്ല ഞാൻ തന്നെ അങ്ങ് കൊടുക്കാം എന്ന് വച്ചു…” അമ്മ അമ്മൂട്ടിയുടെ വായിലേക്ക് ഒരുരുള ചോറ് വച്ചുകൊടുത്തുകൊണ്ട് ശാലിനിയോട് പറഞ്ഞു.
“ഹാ അത് നന്നായി അമ്മേ…” ശാലിനി തിരിച്ചും മറുപടി നൽകി.
അതുകേട്ടുകൊണ്ട് ആര്യനും അടുക്കളയിലേക്ക് ചെന്നു.
“ആഹാ മോനും ഉണ്ടായിരുന്നോ…?” ആര്യനെ കണ്ട് അമ്മ ചോദിച്ചു.
“ഹാ അമ്മേ…ചേട്ടൻ്റെ അമ്മൂട്ടി ചോറ് കച്ചുവാണോടീ…” ആര്യൻ അമ്മയ്ക്ക് മറുപടി കൊടുത്ത ശേഷം അമ്മുവിനോട് കൊഞ്ചി.
അമ്മു ചോറ് വായിലിട്ട് ചവച്ചുകൊണ്ട് തന്നെ ആര്യനെ നോക്കി ചിരിച്ചുകൊണ്ട് തല കുലുക്കി കാണിച്ചു.
“മ്മ്…കച്ചോ കച്ചോ…” ആര്യൻ അവളുടെ തലയിൽ തലോടി വീണ്ടും കൊഞ്ചിച്ചു.
“മോൻ കഴിച്ചോ…” ചോദ്യം അമ്മയുടെ വക ആയിരുന്നു.
“ഇല്ലമ്മേ ചെന്നിട്ട് വേണം…”
“കഴിച്ചിട്ട് പോകാം എങ്കിൽ…?”
“വഴിയിൽ നിന്ന് മാറി നിക്ക് ചെക്കാ…” അതിനിടയിൽ ശാലിനി ആര്യനോടായി പറഞ്ഞുകൊണ്ട് ഇടനാഴി വഴി നടന്ന് അവളുടെ മുറിയിലേക്ക് കയറി.
“അയ്യോ വേണ്ടമ്മേ…ലിയ ചേച്ചിയും ഉണ്ടല്ലോ…അവിടെ ഒറ്റയക്കല്ലെ അതുകൊണ്ട് ഞാൻ ഇറങ്ങിയേക്കുവാ…” ശാലിനിയുടെ ആ നടപ്പ് തെല്ലൊന്ന് നോക്കി നിന്ന ശേഷം ആര്യൻ സൗമ്യമായി അമ്മയോട് പറഞ്ഞു.
“ഹാ എങ്കിൽ ശരി മോനെ…”
“അമ്മൂട്ടി ചേട്ടൻ പോയിട്ട് നാളെ വരാമേ…ടാറ്റ തന്നേ…”
“താത്താ…” മറ്റൊരു ഉരുള കൂടി ഇറക്കുന്നതിനടിയിൽ അമ്മു അവനെ നോക്കി കൈ വീശി പറഞ്ഞു.
ആര്യൻ അവിടുന്ന് നടന്ന് ശാലിനിയുടെ മുറിയുടെ വാതിക്കൽ ചെന്നുനിന്നുകൊണ്ട് അകത്തേക്ക് നോക്കി. ശാലിനി കട്ടിലിൽ കിടക്കുന്ന തുണികൾ മടക്കി വയ്ക്കുക ആയിരുന്നു. ആര്യൻ മെല്ലെ മുറിയുടെ അകത്തേക്ക് കയറി.