അത് ലിയക്ക് ഒരു സാധാരണ ആലിംഗനത്തിലും അപ്പുറം ഫീൽ നൽകി. അവളത് നന്നായി തന്നെ ആസ്വദിച്ചു. അവൻ്റെ കൈകളിൽ കിടന്നു കൂടുതൽ ശ്വാസംമുട്ടാൻ അവൾ ആഗ്രഹിച്ചു. എന്നാൽ അതിന് മുന്നേ തന്നെ ആര്യൻ കൈകൾ രണ്ടും പൂർണമായി അയച്ചുകൊണ്ട് അവളിൽ നിന്നും അകന്നു മാറി.
“ഇനി പോകാം…?” ആര്യൻ ചോദിച്ചു.
“ഉം…” തെല്ലൊരു നിരാശയോടെ എന്നാൽ വളരെയധികം സന്തോഷം മനസ്സിൽ നിറച്ചുകൊണ്ട് അവൾ തലയാട്ടി.
“ടാ ശാലിനിയെ ഒന്ന് കണ്ടിട്ട് പോകാൻ സമയം ഉണ്ടാകുമോ…” പോകുന്ന വഴിയിൽ ലിയ ആര്യനോട് ചോദിച്ചു.
“ഹാ ജസ്റ്റ് ഒന്ന് കണ്ടിട്ട് പോകാനുള്ള സമയം കാണും…”
“എങ്കിൽ ഒന്ന് അവിടെ നിർത്തിയേക്കണെ…ഇത്രയൊക്കെ ചെയ്ത് തന്നിട്ട് എങ്ങനാ ഒന്ന് കാണുക പോലും ചെയ്യാതെ പോകുന്നത്…”
“എന്താ ശാലിനി ചേച്ചിക്കും ഉമ്മ കൊടുക്കാൻ പ്ലാൻ ഉണ്ടോ…?” ആര്യൻ കളിയാക്കി ചോദിച്ചു.
“പോടാ…ഒന്ന് കണ്ടിട്ട് പോകാനാ…” ലിയ ചിരിച്ചു.
“അതേ ചേച്ചി ഇവിടുന്ന് നാട് വിട്ട് പോകാൻ പോവല്ലല്ലോ അല്ലേ…എനിക്കൊരു സംശയം…” ആര്യനും ചിരിച്ചുകൊണ്ട് ചോദിച്ചു.
അതിന് മറുപടി പറയാൻ നിൽക്കാതെ ലിയ അവൻ്റെ പുറത്തിട്ട് ചെറുതായി ഒരു നുള്ള് കൊടുത്തു.
“ഹൗ…ദേ സൈക്കിൾ കയ്യിൽ നിന്ന് പോകും കേട്ടോ…ഞാൻ അവിടെ ഇറക്കാം അടങ്ങിയിരിക്ക്…” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ വേഗത്തിൽ ചവിട്ടി.
ശാലിനിയുടെ വീടിന് മുന്നിൽ ആര്യൻ സൈക്കിൾ നിർത്തിയ ശേഷം അവർ രണ്ടുപേരും ഒന്നിച്ച് മുറ്റത്തേക്ക് കയറി. ആര്യൻ അവളെ വിളിച്ച ഉടനെ തന്നെ അവൾ ഇറങ്ങി വന്നു. ലിയയെ കണ്ട ഉടൻ ശാലിനി അവളെ അകത്തേക്ക് ക്ഷണിച്ചെങ്കിലും സമയം ഇല്ലാത്തതിനാൽ ലിയ പിന്നീടൊരിക്കൽ ആകാമെന്ന് പറഞ്ഞ ശേഷം പുറത്തേക്ക് വന്ന അമ്മയേയും അമ്മുവിനെയും പരിചയപ്പെട്ടു. ലിയ ശാലിനിയോട് വസ്ത്രങ്ങൾക്കും മറ്റും നന്ദി പറഞ്ഞെങ്കിലും ആര്യനെ പോലെ തന്നെ ശാലിനിയും നന്ദി വാക്കുകൾ നിരസിച്ച ശേഷം അതിൻ്റെയൊന്നും ആവശ്യം ഇല്ലെന്ന് പറഞ്ഞിട്ട് സന്തോഷത്തോടെ ലിയയെ അവിടെ നിന്നും ബസ്സ് പോകണ്ട എന്ന് പറഞ്ഞ് പെട്ടെന്ന് തന്നെ പറഞ്ഞുവിട്ടു.