“ഒരു എന്നാലും ഇല്ല…ഞാൻ പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി…അല്ലപിന്നെ…” ലിയ പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ ശാലിനി ചിരിച്ചുകൊണ്ട് പറഞ്ഞു.
അത് കേട്ട് വാതിൽക്കൽ നിൽക്കുന്ന ആര്യൻ തന്നെ നോക്കി ചിരിക്കുന്നത് ശാലിനി കണ്ടു. അവൾ അവനെ നോക്കി ഒന്ന് പുരികം ഉയർത്തി.
“ഉം ശാലിനി പറയുന്നത് പോലെ…” ലിയ മറുപടി നൽകി.
“അത്രേയുള്ളൂ…എങ്കിൽ ശരി ചേച്ചീ ഇനി നിൽക്കുന്നില്ല അമ്മു അന്വേഷിക്കുന്നുണ്ടാവും…”
“ഉവ്വാ…ചേച്ചി ഇന്ന് വന്നില്ലെങ്കിൽ എന്നാവും അമ്മൂട്ടി ആഗ്രഹിക്കുന്നത്…” ആര്യൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
“പോടാ അവിടുന്ന്…” ശാലിനി ചിരിച്ചുകൊണ്ട് പറഞ്ഞിട്ട് അവൻ്റെയാടുത്തേക്ക് നടന്നു. ഒപ്പം ചിരിയോട് കൂടി തന്നെ ലിയയും.
“ചേച്ചി വാതിൽ അടച്ചേക്ക് ഞാൻ പെട്ടെന്ന് വരാം…” ആര്യൻ ലിയയോട് പറഞ്ഞു. ലിയ “ശരിയെന്ന്” മറുപടിയും നൽകി.
“പോവാണെ ചേച്ചീ…” ശാലിനി ഒരിക്കൽ കൂടി ലിയയോട് യാത്ര പറഞ്ഞു.
“ശരി ശാലിനി…മോളോടും അമ്മയോടും അന്വേഷണം പറഞ്ഞേക്കണെ…” ലിയ മറുപടി നൽകി.
“ഹാ പറയാം…”
ശാലിനി ആര്യൻ്റെ ഒപ്പം വീട്ടിലേക്ക് നടന്നു. അവർ ഇറങ്ങിയപ്പോൾ തന്നെ ലിയ വാതിലും അടച്ചിരുന്നു.
“തുണി അലക്കി കൊണ്ടുതരണമെന്ന് പറഞ്ഞിട്ട്…!” ആര്യൻ ശാലിനിയോടായി ചോദിച്ചു.
“ഹാ അതൊക്കെ ഞാൻ അങ്ങനെ പറഞ്ഞെന്നിരിക്കും…നിന്നേക്കൊണ്ട് അലക്കിപ്പിക്കണ്ടെങ്കിൽ മര്യാദക്ക് മിണ്ടാതെ നടക്ക്…” ശാലിനി സ്വരം കടുപ്പിച്ചു.
“ഹോ ദേഷ്യത്തിൽ ആണല്ലോ…!” ആര്യൻ അവളുടെ മറുപടി കേട്ട് വീണ്ടും ചോദിച്ചു.
“ഹാ ആണ്…എന്തേ?…ദേഷ്യം മാറ്റാൻ വല്ല ഉദ്ദേശ്യവും ഉണ്ടോ…?” ശബ്ദത്തിന് വീണ്ടും കനം കൂട്ടി അവൾ ചോദിച്ചു.
“എന്താണാവോ ദേഷ്യത്തിൻ്റെ കാരണം?…അതറിഞ്ഞാൽ ദേഷ്യം മാറ്റാമോ ഇല്ലിയോ എന്ന് നോക്കാം…”
“കാരണം നിനക്കറിയില്ലാ…?” ആ ഇരുട്ടിലും അത് ചോദിക്കുമ്പോൾ ശാലിനി കണ്ണുരുട്ടുന്നത് ആര്യൻ അറിയുന്നുണ്ടായിരുന്നു.
“ഓ…ആ കാരണം ആണോ…അതിൻ്റെ ദേഷ്യം മാറ്റാൻ ഞാൻ നാളെ വരാം…പോരേ…!” ആര്യൻ പറഞ്ഞു.
“നീ നാളെയും വരണ്ട മറ്റന്നാളെയും വരണ്ട…ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളാം ഇനി നീ പോ…” ശാലിനി മുഖം വീർപ്പിച്ചുകൊണ്ട് വീട്ടുമുറ്റത്തേക്ക് കയറി.