“അപ്പോൾ അത് വരെ പഞ്ഞിമെത്തയിൽ കിടക്കാൻ പറ്റില്ലെന്ന് സാരം…” ആര്യൻ ഒരു നെടുവീർപ്പിട്ടുകൊണ്ട് പറഞ്ഞു.
“അപ്പോ അതാണ് മോൻ്റെ വിഷമം അല്ലാതെ ഞാൻ അവിടെ നിൽക്കാത്തതിൻ്റെ അല്ല…?” ലിയ വീണ്ടുമൊരു ചിരിയോടെ പറഞ്ഞു.
“ചേച്ചി നിന്നെങ്കിൽ അല്ലേ അത് പറ്റൂ…?” ആര്യനും ചിരിച്ചു.
“ഉം ഉവ്വാ…പോടാ അവിടുന്ന്…” ലിയ അവൻ്റെ കവിളിൽ ചെറുതായി തട്ടി.
“അതേ ഇങ്ങനെ ഇരുന്നാൽ ഇനി ബസ്സ് പണി മുടക്കേണ്ട ആവശ്യം വരാതെ തന്നെ ഇന്നും ഇവിടെ നിൽക്കാം…” ആര്യൻ അവൻ്റെ വാച്ചിലേക്കും നോക്കി തമാശ രീതിയിൽ പറഞ്ഞു.
“നാലായോ സമയം…” ലിയ ചോദിച്ചു.
“പത്ത് മിനുട്ട് കൂടി…”
“എങ്കിൽ നമുക്ക് ഇറങ്ങിയാലോ…” ലിയ ചോദിച്ചു.
“പിന്നെന്താ…” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ ആദ്യം എഴുന്നേറ്റു. പിന്നാലെ തന്നെ ലിയയും എഴുന്നേറ്റ് അവർ അകത്തേക്ക് ബാഗ് എടുക്കാനായി പോയി.
“നീ ഇവിടെ ഇരുന്നേ…?” ഒരു കസേരയിലേക്ക് ചൂണ്ടി ലിയ ആയിരുന്നു പറഞ്ഞത്.
“എന്തിനാ…?” ആര്യൻ മനസ്സിലാവാതെ ചോദിച്ചു.
“ഇരിക്ക് ചെക്കാ…” എന്ന് പറഞ്ഞുകൊണ്ട് ലിയ അവൻ്റെ തോളിൽ അമർത്തി.
“മ്മ് ഇനി എന്താ…? ആര്യൻ കസേരയിലേക്ക് ഇരുന്ന ശേഷം ചോദിച്ചു.
“നിനക്ക് പഞ്ഞിമെത്തയിൽ കിടക്കണ്ടേ?…തൽക്കാലം വേണമെങ്കിൽ ഒന്ന് ചാരി ഇരുന്നോ ഇപ്പോൾ…” ലിയ അവൻ്റെ കണ്ണിലേക്ക് നോക്കി പുഞ്ചിരിയോടെയും തെല്ലൊരു നാണത്തോടെയും പറഞ്ഞു.
“ഓ അതാണോ…അത് ഞാൻ വെറുതെ തമാശ പറഞ്ഞതല്ലേ…?” ആര്യൻ അൽപ്പം ജാടയിട്ട് പറഞ്ഞു.
“ഓ അതും നിൻ്റെ തമാശ ആയിരുന്നോ…എങ്കിൽ വാ പോയേക്കാം…” ലിയയുടെ മുഖത്ത് ചെറിയൊരു പരിഭവം നിറഞ്ഞു.
അവൾ തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയതും ആര്യൻ അവളെ ചുറ്റിപ്പിടിച്ചുകൊണ്ട് അവളുടെ സാരിയിൽ പൊതിഞ്ഞ വയറിലേക്ക് അവൻ്റെ മുഖം ചായ്ച്ചു.
ലിയ അവൻ്റെ ആ പ്രവർത്തിയിൽ പുഞ്ചിരിച്ചുകൊണ്ട് സന്തോഷത്തോടെ അവൻ്റെ തലമുടിയിൽ അവളുടെ വിരലുകൾ ഇഴച്ച് അവനെ തഴുകി.
“ആരെങ്കിലും ഇവിടെ തല ചായ്ച്ച് കിടക്കേണ്ടാന്ന് പറയുമോ എൻ്റെ ലിയക്കുട്ടീ…” ആര്യൻ അവളെ ചുറ്റിക്കിടന്നുകൊണ്ട് തന്നെ പറഞ്ഞു.